വൃദ്ധയുടെ മാല മോഷ്ടിച്ച മധ്യവയസ്‌ക പിടിയില്‍

കൊച്ചി: സ്‌നേഹഭാവത്തില്‍ അടുത്തുകൂടി വൃദ്ധയുടെ സ്വര്‍ണമാല മോഷ്ടിച്ചു കടന്ന മധ്യവയസ്‌കയായ സ്ത്രീ പിടിയില്‍. കോട്ടയം കളത്തൂര്‍ സ്വദേശിനി ബീനാകുമാരിയാണ് (50)എറണാകുളം നോര്‍ത്ത് പോലിസിന്റെ പിടിലായത്. കലൂര്‍ സ്വദേശിനിയായ തെക്കശ്ശേരി എല്‍സി സേവ്യര്‍(78)ന്റെ മാലയാണ് ഇവര്‍ കവര്‍ന്നത്.
തന്റെ അമ്മയുടെ ഓര്‍മ ദിവസത്തില്‍ പാവപ്പെട്ട ആരെയെങ്കിലും സഹായിക്കണം എന്ന് പറഞ്ഞു സ്‌നേഹം ഭാവിച്ചു അടുത്ത് കൂടി കഴിഞ്ഞ ഫെബ്രുവരി 16 നാണ് ഇവര്‍ മാലയുമായി കടന്നത്. എല്‍സി സേവ്യറിനെ സ്വന്തം അമ്മയെപ്പോലെ തോന്നുന്നു എന്ന് പറഞ്ഞു ബീനകുമാരി തന്റെ കഴുത്തില്‍ കിടന്ന സ്വര്‍ണ മാല ഊരി അണിയിച്ച ശേഷം എല്‍സിയുടെ കഴുത്തില്‍ കിടന്ന രണ്ടര പവന്റെ മാല വീട്ടില്‍ കാണിക്കാനാണ് എന്ന് പറഞ്ഞു തന്ത്രത്തില്‍ വാങ്ങിയെടുത്ത ശേഷം കടന്നു കളയുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു. വൈകുന്നേരമായപ്പോള്‍ കഴുത്തു മുഴുവന്‍ ചൊറിഞ്ഞു തടിച്ചപ്പോഴാണ് തന്റെ കഴുത്തില്‍ അണിയിച്ചു തന്ന വലിയ മാല മുക്കുപണ്ടമാണെന്നു എല്‍സിക്കു മനസ്സിലായത്.
തുടര്‍ന്ന് എല്‍സിയുടെ പരാതിയില്‍ പോലിസ് കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു. 2000 മുതല്‍ തുടങിയ തട്ടിപ്പില്‍ ആദ്യമായാണ് ഇവര്‍ പിടിയിലാവുന്നത്. സ്വന്തമായി വിലാസമില്ലാത്ത ഇവര്‍ പലപല സ്ഥലങ്ങളില്‍ വാടകയ്ക്ക് വീടെടുത്തു താമസിച്ചു തട്ടിപ്പ് നടത്തി വന്നതിനാല്‍ പോലിസിന് ഇവരെ പിടിക്കാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ ഇത്തവണ എല്‍സിയോടൊപ്പം നടന്നു പോവുന്ന ഇവരുടെ ചിത്രം കലൂര്‍ പള്ളിയിലെ സിസിടിവി കാമറയില്‍ പതിഞ്ഞിരുന്നു. ഇവരുടെ ചിത്രം വിശദ വിവരങ്ങള്‍ സഹിതം പോലിസ് സോഷ്യല്‍ മീഡിയയിലൂടെ പ്രച്ചരിപ്പിച്ചു.
ഈ വാര്‍ത്ത നൂറുകണക്കിനാളുകള്‍ ഷെയര്‍ ചെയ്തു. പിറ്റേ ദിവസം എരൂര്‍ സ്വദേശിയായ ഒരാള്‍ ഇവരെ കുറിച്ചുള്ള വിവരം നല്‍കി. എന്നാല്‍ പോലിസ് അവിടെ എത്തുന്നതിനു മുന്‍പ് തന്നെ സോഷ്യല്‍ മീഡിയയില്‍ കൂടി വാര്‍ത്ത വന്ന വിവരം അറിഞ്ഞു ബീന തൃപ്പൂണിത്തുറയിലെ വാടക ഫഌറ്റില്‍ നിന്നും മുങ്ങിയിരുന്നു. താന്‍ പുറത്തിറങ്ങി യാല്‍ പിടിയിലാവും എന്നറിയാവുന്നതിനാല്‍ മാല വില്‍ക്കാന്‍ ഭര്‍ത്താവ് സുനോജിനെ ഏല്‍പ്പിച്ചിരുന്നു. മാല വില്‍ക്കാനുള്ള ശ്രമത്തിനിടെ സുനോജിനെ പോലിസ് പിടികൂടി. ബീനാകുമാരിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയതിനാല്‍ മക്കളുമൊത്തു പലപല സ്ഥലങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്നു. ഇവരുടെ പുതിയ മൊബൈല്‍ നമ്പര്‍ കിട്ടിയതിനെ തുടര്‍ന്ന് കൊച്ചി സിറ്റി സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വഷണത്തിലാണ് പിടിയിലായത്. തൃശൂര്‍ പാവറട്ടി പള്ളിയില്‍ വച്ച് പരിചയപ്പെട്ട വയോധികയുടെ കമ്മലും വളകളും താന്‍ തൃശൂര്‍ മെഡിക്കല്‍ കോളജിലെ ഡോക്ടര്‍ ആണെന്നും ഇന്ന് അമ്മയുടെ ഓര്‍മ ദിവസമായതിനാല്‍ സഹായിക്കുകയാണ് എന്ന് പറഞ്ഞു ഇതുപോലെ കൈക്കലാക്കി. പാവറട്ടി പോലിസ് കേസെടുത്തെങ്കിലും പ്രതി ആരാണെന്നു കണ്ടെത്താനായിരുന്നില്ല. സമാനമായ രീതിയില്‍ കടുത്തുരുത്തി, മൂവാറ്റുപുഴ, എറണാകുളം സൗത്ത്, പള്ളുരുത്തി സ്റ്റേഷനുകളിലും കേസുണ്ട്. കഴിഞ്ഞ മാസം മണിമല പള്ളി വികാരിയെ ഇത്തരത്തില്‍ പറഞ്ഞു പറ്റിച്ചു 35,000 കൈക്കലാക്കി മുങ്ങിയതായും പോലിസ് പറഞ്ഞു.
അസി. കമ്മീഷണര്‍ ലാല്‍ജി, നോര്‍ത്ത് സിഎ കെ ജെ പീറ്റര്‍ എന്നിവരുടെ നിര്‍ദേശപ്രകാരം നോര്‍ത്ത് എസ്‌ഐ വിബിന്‍ദാസ്, സീനിയര്‍ സിപിഒ ഗിരീഷ് ബാബു, വിനോദ് കൃഷ്ണ, സിപിഒ രാജേഷ് എന്നിവര്‍ ചേര്‍ന്നാണ് അറസ്റ്റ് ചെയ്തത്. ഇവരെ കൂടുതല്‍ അന്വഷണത്തിനായി പിന്നീട് കസ്റ്റഡിയില്‍ വാങ്ങുമെന്നും പോലിസ് പറഞ്ഞു.

RELATED STORIES

Share it
Top