വൃദ്ധമാതാവിനെ ആശുപത്രിയില്‍ ഉപേക്ഷിച്ചതായി പരാതി

പാരിപ്പള്ളി:വൃദ്ധമാതാവിനെ പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ ഉപേക്ഷിച്ച് മക്കള്‍ തടിയൂരി. ശാസ്താംകോട്ട മൈനാഗപ്പള്ളി ജയന്തി കോളനിയില്‍ തടത്തില്‍പുത്തന്‍വീട്ടില്‍ ചെല്ലമ്മയെയാണ്(75) കഴിഞ്ഞ മാസം ചികില്‍സക്കായി ബന്ധുക്കള്‍ പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ എത്തിച്ചത്. ശ്വാസംമുട്ടും പ്രമേഹവും കൂടിയതിനെ തുടര്‍ന്ന് സഹോദരിയായ കാര്‍ത്ത്യായനിയുടെ നേതൃത്വത്തില്‍ ഇവരെ ഐസിയുവില്‍ പ്രവേശിപ്പിച്ചത്. ഭര്‍ത്താവ് നേരത്തെ മരിച്ച ചെല്ലമ്മയുടെ മക്കള്‍ രഘുനാഥന്‍,കനകമ്മ,കാര്‍ത്തിക,രജനി എന്നിവരാണ്. വീട്ടുജോലിക്കാരിയായ ചെല്ലമ്മക്ക് ആകെയുള്ള സമ്പാദ്യമായ പത്ത് സെന്റ് ഭൂമി മക്കള്‍ കൈവശപ്പെടുത്തിയതായി അവര്‍ പറഞ്ഞു. രോഗം മാറിയശേഷം ആശുപത്രിയിലെ പത്താം വാര്‍ഡില്‍ കഴിഞ്ഞ രണ്ടാഴ്ചയായി ചെല്ലമ്മ മക്കളെയും ബന്ധുക്കളെയും കാത്തിരിക്കുകയാണ്. പരസഹായമില്ലാതെ നടക്കാന്‍ ബുദ്ധിമുട്ടുന്ന ചെല്ലമ്മയെ ആശുപത്രി ജീവനക്കാരാണ് കുളിപ്പിച്ച് ഭക്ഷണം വാങ്ങി നല്‍കുന്നത്. പാരിപ്പള്ളി എസ്‌ഐ,ചാത്തന്നൂര്‍ എസിപി,ആര്‍ഡിഒ,ജില്ലാസാമൂഹിക നീതി ഓഫിസര്‍ എന്നിവരെ ഇക്കാര്യം അറിയിച്ചെങ്കിലും നടപടി ഇനിയും അകലെയാണ്. ഇതിനിടെ വൃദ്ധയെ ഏറ്റെടുക്കാന്‍ പാരിപ്പള്ളി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സന്നദ്ധസംഘടന മുന്നോട്ട് വന്നെങ്കിലും പോലിസിന്റെ അനുമതി ലഭിക്കാത്തതിനാല്‍ അവര്‍ മടങ്ങിപോയി. മക്കളെ ബന്ധപ്പെടാന്‍ കഴിഞ്ഞില്ലെന്ന ഒഴുക്കന്‍ മറുപടിയാണ് പാരിപ്പള്ളി പോലിസ് നല്‍കുന്നത്. മക്കള്‍ക്കെതിരേ കേസെടുക്കാനും വൃദ്ധയെ പുനരധിവസിപ്പിക്കാനും പോലിസ് നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.

RELATED STORIES

Share it
Top