വൃദ്ധന്റെ കൈയില്‍ നിന്ന് പണം തട്ടിപ്പറിച്ച കേസ്: യുവാക്കള്‍ പിടിയില്‍

തൃശൂര്‍: വൃദ്ധന്റെ കൈയില്‍ നിന്ന് 2000 രൂപ തട്ടിപ്പറിച്ച കേസില്‍ രണ്ടു യുവാക്കള്‍ പിടിയില്‍. ആലുവ ജനതാറോഡ് കീഴക്കേക്കര വീട്ടില്‍ മനോജ്(37), കൊല്ലം കുണ്ടറ കേരളപുറം വിജയഭവനം വീട്ടില്‍ വിനയ് പിള്ള(കുക്കു-21) എന്നിവരെയാണു പിടികൂടിയത്. ബുധനാഴ്ച രാത്രി 11.30ന് ബാബുകുട്ടി(75)യെ അശോക ഇന്‍ ഹോട്ടലിന് മുന്‍വശംവച്ച് പ്രതികള്‍ തടഞ്ഞുനിര്‍ത്തുകയും പോക്കറ്റില്‍ നിന്ന് 2000 രൂപ കവരുകയും കൈയിലുണ്ടായിരുന്ന ബാഗ് തട്ടിപ്പറിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. തൃശൂര്‍ സിറ്റി പോലിസ് കമ്മീഷണര്‍ രാഹുല്‍ ആര്‍ നായര്‍ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ തൃശൂര്‍ എസിപി പി വാഹിദിന്റെ നിര്‍ദേശപ്രകാരം ഈസ്റ്റ് പോലിസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ കെ സി സേതു, പോലിസ് എസ്‌ഐ ടി ശശികുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. അറസ്റ്റിലായ മനോജിന് ആലുവ, ബിനാനിപുരം, അങ്കമാലി സ്റ്റേഷനുകളിലടക്കം നിരവധി കേസുകള്‍ നിലവിലുണ്ട്. വിനയന് കൊല്ലം ഈസ്റ്റ്, എറണാകുളം സെന്‍ട്രല്‍, പാലാരിവട്ടം പോലിസ് സ്‌റ്റേഷനുകളില്‍ കവര്‍ച്ച, മോഷണക്കേസുകളുമുണ്ട്. മോഷ്ടിക്കുന്ന പണം പ്രതികള്‍ മദ്യപാനത്തിനും ലഹരി ഉപയോഗത്തിനുമടക്കം ആഡംബര ജീവിതത്തിനാണ് ഉപയോഗിക്കാറെന്ന് പോലിസ് പറഞ്ഞു.

RELATED STORIES

Share it
Top