വൃദ്ധദമ്പതികള്‍ക്ക് ദുരിതക്കണ്ണീര്‍

പി വി എം  ഇക്ബാല്‍
തിരൂരങ്ങാടി: ദേശീയപാത സ്ഥലമെടുപ്പില്‍ വീടും സ്ഥലവും വരുമാനമാര്‍ഗവുമെല്ലാം നഷ്ടപ്പെട്ട് വൃദ്ധദമ്പതികള്‍. വെളിമുക്ക് സ്വദേശി മാളിയേക്കല്‍ രായിന്‍കുട്ടി ഹാജിയും ഭാര്യ സൈനബയുമാണ് ദുരിതക്കണ്ണീരില്‍ കഴിയുന്നത്.
നേരത്തേ വന്ന അലൈന്‍മെന്റ് പ്രകാരം ഇവരുടെ വീടും സ്ഥലവും നഷ്ടപ്പെടുമായിരുന്നില്ല. എന്നാല്‍, നിലവില്‍ ഇവര്‍ താമസിക്കുന്ന 30ഓളം സെന്റ്് ഭൂമിയും ഓടിട്ട വീടും ചെറിയ മൂന്നുമുറിയോടു കൂടിയ വാടക ക്വാര്‍ട്ടേഴ്‌സും പൂര്‍ണമായും നഷ്ടപ്പെടും. 50 വര്‍ഷത്തിലധികമായി വെളിമുക്കില്‍ താമസിക്കുന്ന ഇവര്‍ക്ക് കുട്ടികളില്ല. 20 വര്‍ഷമായി ഹൃദയസംബന്ധമായ അസുഖം കാരണം ചികില്‍സയിലാണ് രായിന്‍കുട്ടി ഹാജി. ചികില്‍സയ്ക്കായി പ്രതിമാസം വന്‍ തുക ചെലവു വരുന്നുണ്ട്.
നടക്കാന്‍പോലും പ്രയാസപ്പെടുന്ന രായിന്‍കുട്ടി ഹാജി ചികില്‍സയ്ക്കു പോവുന്നത് അയല്‍വാസികളുടെയും മറ്റും സഹായത്തോടെയാണ്. ജോലി ചെയ്തു ജീവിക്കാന്‍ കഴിയാത്ത ഇവര്‍ ക്വാര്‍ട്ടേഴ്‌സില്‍ നിന്നു ലഭിക്കുന്ന വാടകകൊണ്ടാണു ജീവിക്കുന്നത്. എന്നാല്‍, ഈ വാടക ക്വാര്‍ട്ടേഴ്‌സ് ഉള്‍പ്പെടെ നഷ്ടപ്പെടുമ്പോള്‍ ഇനി എന്തുചെയ്യുമെന്നറിയാതെ കഴിയുകയാണിവര്‍. വേറെ സ്ഥലമോ വരുമാനമാര്‍ഗങ്ങളോ ഇവര്‍ക്കില്ല. വീടും സ്ഥലവും വരുമാനമാര്‍ഗവുമെല്ലാം നഷ്ടപ്പെട്ട് കുടിയിറക്കപ്പെടുമ്പോള്‍ എവിടെപ്പോവുമെന്നാണ് ഇവരുടെ ചോദ്യം.

RELATED STORIES

Share it
Top