വൃദ്ധദമ്പതികളെ ആക്രമിച്ച് കവര്‍ച്ച

കൊച്ചി: വൃദ്ധദമ്പതികളെ വീട്ടില്‍ കയറി ആക്രമിച്ച് മുഖംമൂടി സംഘം സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു. മോഷ്ടാക്കളുടെ ആക്രമണത്തില്‍ വീട്ടമ്മയ്ക്ക് പരിക്കേറ്റു. നഗരമധ്യത്തില്‍ ലിസി-പുല്ലേപ്പടി ക്രോസ് റോഡില്‍  എറണാകുളം ഇല്ലിപ്പറമ്പില്‍ ഇസ്മയിന്റെ (77) വീട്ടില്‍ ഇന്നലെ പുലര്‍ച്ചെയാണ് സംഭവം.മുഖംമൂടിധാരികളായ എട്ടോളം വരുന്ന സംഘമാണ് ആക്രമിച്ചത്. വീടിന്റെ മുന്‍വശത്തെ ജനല്‍ കമ്പികള്‍ അറുത്തുമാറ്റിയാണ് മോഷ്ടാക്കള്‍ ഉള്ളില്‍ പ്രവേശിച്ചത്. ഇസ്മയിലിനെ കസേരയില്‍ കെട്ടിയിട്ട ശേഷം കത്തികാട്ടി ഭീഷണിപ്പെടുത്തി. പ്രഭാത നമസ്‌കാരത്തിനുള്ള ഒരുക്കങ്ങള്‍ക്കായി അടുക്കള മുറിയില്‍ നിന്ന സൈനബയെ സംഘം പുതപ്പുകൊണ്ടു മുഖം പൊത്തിപ്പിടിച്ചു. രണ്ടു പവന്റെ മാലയും ഒന്നര പവന്‍ വീതമുള്ള രണ്ടു വളകളും ഊരിയെടുത്തു. കഴുത്തില്‍ കത്തിവച്ചു ഭീഷണിപ്പെടുത്തി വള ഊരുന്നതിനിടെയാണു സൈനബയുടെ കൈ—ക്ക് മുറിവേറ്റത്. മുകളിലെ നിലയില്‍ ഉണ്ടായിരുന്ന മരുമകള്‍ രേഷ്മ ബഹളം കേട്ടു താഴേക്കു വരുമ്പോഴേക്കും മോഷണസംഘം രക്ഷപ്പെട്ടു. തുടര്‍ന്ന്  ബന്ധുക്കളും പോലിസും പരിസരത്ത് പരിശോധന നടത്തിയെങ്കിലും ആരെയും കണ്ടെത്താന്‍ കഴിഞ്ഞില്ല. സമീപത്തെ വീടുകളിലെയും സ്ഥാപനങ്ങളിലെയും സിസിടിവി കാമറകളില്‍ നിന്ന് മോഷണസംഘത്തെ പോലിസ് തിരിച്ചറിഞ്ഞതായാണു വിവരം. സയന്റിഫിക്ക് അസിസ്റ്റന്റ് മേരി ഷെറിയുടെ നേതൃത്വത്തില്‍ ഫോറന്‍സിക് വിഭാഗവും വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി തെളിവെടുപ്പു നടത്തി. സിറ്റി പോലിസ് കമ്മീഷണര്‍ എം പി ദിനേശ്, എറണാകുളം ഡിസിപി പ്രേംകുമാര്‍, എസിപി കെ ലാല്‍ജി സ്ഥലം സന്ദര്‍ശിച്ചു ദമ്പതികളില്‍ നിന്നു വിവരങ്ങള്‍ ശേഖരിച്ചു.

RELATED STORIES

Share it
Top