വൃദ്ധജന സംരക്ഷണത്തിന് സായംപ്രഭ ; ആദ്യഘട്ടത്തില്‍ ജില്ലയില്‍ ഒന്നുവീതം : മന്ത്രി കെ കെ ശൈലജആലപ്പുഴ: പ്രായം ചെന്നവരുടെ സംരക്ഷണത്തിനായി സംസ്ഥാന സര്‍ക്കാര്‍ സായംപ്രഭ എന്ന പേരില്‍ പദ്ധതി തുടങ്ങുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി ആരോഗ്യ-സാമൂഹികനീതി മന്ത്രി കെ കെ ഷൈലജ ടീച്ചര്‍. വൃദ്ധസദനങ്ങള്‍ ഉള്‍പ്പെടെയുള്ളവ വിഭാവന ചെയ്യുന്ന സായം പ്രഭയുടെ പ്രാഥമിക ഘട്ടത്തില്‍ എല്ലാ ജില്ലയിലും ഒരു പൈലറ്റ് പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി വ്യക്തമാക്കി.  ആലപ്പുഴ മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ സംസ്ഥാന വനിത വികസന കോര്‍പ്പറേഷന്റെ വനിത സ്വയം സംരംഭക വായ്പ മേളയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. വനിതാ കമ്മീഷന്റെ ജാഗ്രത സമതികള്‍ ഫലപ്രദമായി പ്രവര്‍ത്തിക്കുന്നുവെന്ന് സര്‍ക്കാര്‍ ഉറപ്പു വരുത്തും.സ്ത്രീ ശാക്തീകരണവുമായി ബന്ധപ്പെട്ട് വലിയൊരു പദ്ധതിക്ക് സര്‍ക്കാര്‍ ആലോചിച്ചു വരികയാണ്.അതോടൊപ്പം വനിത കമ്മീഷന്റെ പ്രവര്‍ത്തനം കൂടുതല്‍ ഊര്‍ജസ്വലമാക്കാനും  ലക്ഷ്യമുണ്ട്. സ്ത്രീകള്‍ നമ്മുടെ സമൂഹത്തിലും കൂറെക്കുടി കരുത്താര്‍ജിക്കേണ്ടതുണ്ട്. രാജ്യത്ത് ലിംഗപരമായി അസമത്വം കൊടികുത്തി വാഴുകയാണ്. കേരളത്തില്‍ സ്ഥിതി ഭിന്നമാണെങ്കിലും സ്ത്രീ രണ്ടാംതരം എന്ന നിലയില്‍ ചിലര്‍ നോക്കി കാണുന്നുണ്ട്. പുരുഷനൊപ്പം മുഖ്യധാരയില്‍ ഇല്ലാത്തതും കുടുംബത്തിന്റെ വരുമാന സ്രോതസാകാന്‍ കഴിയാത്തതുമാണ് അതിനു പ്രധാന കാരണം. ഈ സ്ഥിതിയില്‍ മാറ്റം വരുത്താന്‍ വലിയ അധ്വാനമാണ് നടക്കുന്നത്- മന്ത്രി പറഞ്ഞു.പെണ്‍കുട്ടികള്‍ പലപ്പോഴും വീടിനകത്താണ്. അവിടെയാണ് കൂടുതല്‍ പീഡനവും. വാതില്‍ അടച്ചിരുന്നാലും പീഡനം കുറയുന്നില്ലെന്നാണ് പഠനങ്ങള്‍ കാണിക്കുന്നത്. സമൂഹത്തിലേക്കിറങ്ങിചെന്ന്  പൂരുഷനൊപ്പം നിന്ന് ഇടപെടാന്‍ സ്ത്രീ ശക്തി ഉണരണം.വരുമാന സ്രോതസ്സാകുന്നതുള്‍പ്പടെ സ്ത്രീ ശക്തിയുടെ ഉന്നമനത്തിനായുള്ള വിവിധ പദ്ധതികളില്‍ സര്‍ക്കാരിന്റെ എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്നും ചരിത്രത്തില്‍ ആദ്യമായി 350 കോടി രൂപയുടെ വായ്പ കോര്‍പറേഷന്‍ അനുവദിക്കാന്‍ പോകുകയാണെന്നും ഷൈലജ ടീച്ചര്‍ വ്യക്തമാക്കി.യോഗത്തില്‍ പൊതുമരാമത്ത്മന്ത്രി ജി സുധാകരന്‍ അധ്യക്ഷത വഹിച്ചു. കോര്‍പറേഷനുള്ള സര്‍ക്കാര്‍ വിഹിതത്തിന്റെ ആദ്യഗഡുയായ ആറു കോടി രൂപയ്ക്കുള്ള ചെക്ക് ഷൈലജ ടീച്ചര്‍ കോര്‍പറേഷന്‍ അധ്യക്ഷ കെ എസ് സലീഖയ്ക്ക് കൈമാറി. തിരഞ്ഞെടുക്കപ്പെട്ട വനിത സംരഭകര്‍ക്കുള്ള വായ്പ , അനുമതിപത്രം വിശിഷ്ടാതിഥികള്‍ വിതരണം ചെയ്തു.ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ്  വകുപ്പിന്റെ നവകേരളം എക്‌സ്പ്രസിന്റെ മൂന്നാം ദിന പര്യടനം ടൗണ്‍ ഹാളില്‍ ആരോഗ്യമന്ത്രി ഫഌഗ് ഓഫ് ചെയ്തു.നഗരസഭ അധ്യക്ഷന്‍ തോമസ് ജോസഫ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി വേണുഗോപാല്‍, വൈസ് പ്രസിഡന്റ് ദലീമ ജോജോ, കൗണ്‍സിലര്‍ കവിത, കുടുംബശ്രീ ജില്ല മിഷന്‍ കോ-ഓഡിനേറ്റര്‍ വി ജെ വര്‍ഗീസ്, വനിത വികസന കോര്‍പറേഷന്‍ ഡയറക്ടര്‍മാരായ കമലാ സദാനന്ദന്‍, അന്നമ്മ പൗലോസ്, ടി വി മാധവിയമ്മ പങ്കെടുത്തു.

RELATED STORIES

Share it
Top