വൃണമുള്ള ആനയെ എഴുന്നള്ളിച്ച സംഭവം; ഡോക്ടര്‍ക്കെതിരേ അന്വേഷണത്തിന് ഉത്തരവ്

കാക്കനാട്: കാലില്‍ പഴുപ്പു നിറഞ്ഞ വൃണവുമായി കാക്കനാട് പാട്ടുപുരയ്ക്കല്‍ ക്ഷേത്രത്തില്‍ എഴുന്നള്ളിച്ച ആനയ്ക്ക് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് കൊടുത്ത വെറ്ററിനറി സര്‍ജനെതിരേ അന്വേഷണത്തിന് ഉത്തരവ്. സംഭവത്തില്‍ കേസെടുക്കാനും വനംവകുപ്പിന് നിര്‍ദേശം നല്‍കി. വെറ്ററിനറി സര്‍ജനായ ഡോ. എബ്രഹാം തരകനെതിരേയാണ് എറണാകുളം ജില്ലാ കലക്ടര്‍ അന്വേഷണത്തിന് ഉത്തരവിട്ടത്. ആനയെ നേരില്‍ പരിശോധിക്കാതെയാണു വെറ്ററിനറി സര്‍ജനായ ഡോ. എബ്രഹാം തരകന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയതെന്നു നാട്ടാന പരിപാലനവുമായി ബന്ധപ്പെട്ട ഏകോപന സമിതിക്ക് ബോധ്യപ്പെട്ടു. സര്‍ക്കാര്‍ വെറ്ററിനറി സര്‍ജനല്ലാത്ത എബ്രഹാം തരകന്‍ ഇത്തരത്തില്‍ ചട്ടവിരുദ്ധമായി സര്‍ട്ടിഫിക്കറ്റ് നല്‍കിയതിനെക്കുറിച്ച് അന്വേഷിക്കാന്‍ സാമൂഹിക വനവല്‍ക്കരണ വിഭാഗം അസിസ്റ്റന്റ് കണ്‍സര്‍വേറ്ററെ ചുമതലപ്പെടുത്തി.
ഡോ. എബ്രാഹം തരകനെതിരേ നേരത്തെയുള്ള പരാതിയില്‍ വെറ്ററിനറി മെഡിക്കല്‍ കൗണ്‍സില്‍ അടുത്ത മാസം ആറിന് ഹിയറിങ് നടത്തും.
എറണാകുളം ജില്ലയില്‍ ഈ ഉല്‍സവ സീസണില്‍ ആനകള്‍ക്ക് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ കോടനാട്ടുള്ള വനംവകുപ്പിന്റെ അസിസ്റ്റന്റ് ഫോറസ്റ്റ് വെറ്ററിനറി ഓഫിസര്‍മാര്‍ക്ക് മാത്രമാണ് അധികാരമെന്നും കലക്ടര്‍ വ്യക്തമാക്കി. ഈ സീസണിന് ശേഷം ആനകള്‍ക്ക് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനായി അഞ്ച് സര്‍ക്കാര്‍ വെറ്ററിനറി ഡോക്ടര്‍മാര്‍ അടങ്ങിയ പാനലിന് രൂപംനല്‍കും. 15 ദിവസമാണ് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റിന്റെ സാധുത. ആനകളെ ഒരിടത്തു നിന്നും മറ്റൊരിടത്തേക്കു കൊണ്ടുപോവുന്നതില്‍ വേനല്‍ക്കാലത്തെ കനത്ത ചൂട് കണക്കിലെടുത്ത് നിയന്ത്രണമേര്‍പ്പെടുത്താനും ഇന്നലെ ചേര്‍ന്ന ഏകോപന സമിതി യോഗം തീരുമാനിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശ സനല്‍, അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ അനസ്്, എസ്പിസിഎ സൊസൈറ്റി പ്രസിഡന്റ്് സജീവ്, സമിതി അംഗം ബാബു യോഗത്തില്‍ പങ്കെടുത്തു.

RELATED STORIES

Share it
Top