വൃക്ക രോഗികളെ മരണഭയത്തിലാക്കി കാരുണ്യ ബെനവലന്റ് ഫണ്ട് നിര്‍ത്തുന്നു

കല്‍പ്പറ്റ: ജില്ലയിലെ വൃക്ക സംബന്ധമായി അസുഖങ്ങള്‍ കൊണ്ട് ബുദ്ധിമുട്ടുന്നവര്‍ക്ക് ഇരുട്ടടിയായി കാരുണ്യ ബെനവലന്റ് ഫണ്ടും ആര്‍എസ്ബിവൈയും നിര്‍ത്തലാക്കുന്നു. ജില്ലയിലെ സ്വകാര്യ ആശുപത്രികളില്‍ ഡയാലിസിസിന് വിധേയരാകുന്ന രോഗികളാണ് കൂടുതല്‍ ദുരിതത്തിലേക്ക് നീങ്ങുന്നത്.
സര്‍ക്കാര്‍ ഈ പദ്ധതിയില്‍ നല്‍കാനുള്ള കുടിശ്ശിക ലഭിക്കാതായതോടെയാണ് ജില്ലയിലെ രണ്ട് സ്വകാര്യ ആശുപത്രികളും പദ്ധതി നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചത്. ഇതില്‍ കല്‍പ്പറ്റ ഫാത്തിമാ മാതാ മിഷന്‍ ഹോസ്പിറ്റല്‍ പദ്ധതി നിര്‍ത്തി. മേപ്പാടി വിംസ് ഹോസ്പിറ്റല്‍ ഈമാസം 31ഓടെ പദ്ധതി നിര്‍ത്തുമെന്നാണ് അറിയുന്നത്. ജില്ലയില്‍ 400ലധികം വൃക്ക രോഗികളാണ് നിലവിലുള്ളത്. ദിവസവും ഒന്നെന്ന രീതിയില്‍ രോഗികളുടെ എണ്ണം വര്‍ധിക്കുന്നുണ്ടെന്നാണ് ഈ മേഖലയില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ പറയുന്നത്. ഇത്തരത്തില്‍ ജില്ലയില്‍ വൃക്ക രോഗികളുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടാകുമ്പോഴും സര്‍ക്കാര്‍ തലത്തില്‍ ഇവരുടെ ചികിത്സക്ക് കാര്യമായ നടപടികള്‍ ഉണ്ടാവുന്നിലെന്നാണ് വാസ്തവം. മാനന്തവാടി ജില്ലാ ആശുപത്രിയിലുള്ള ഏഴ് മെഷീനുകളും വൈത്തിരി താലൂക്ക് ആശുപത്രിയിലെ മൂന്ന് മെഷീനുകളുമാണ് ഇപ്പോള്‍ രോഗികള്‍ക്ക് സൗജന്യരീതിയില്‍ ഉപയോഗിക്കാന്‍ സാധിക്കുന്നത്. ഇതില്‍ മാനന്തവാടിയില്‍ ഒരു ദിവസം 21 ആളുകള്‍ക്കാണ് ഡയാലിസിസ് നടക്കുന്നത്. വൈത്തിരിയില്‍ മൂന്നും.
ബാക്കി വരുന്ന രോഗികളൊക്കെ ആശ്രയിക്കുന്നത് ജില്ലയിലെ സ്വകാര്യ ആശുപത്രികളെയാണ്. ഇതിലാണ് സര്‍ക്കാര്‍ കുടിശിക നല്‍കാത്തതിനെ തുടര്‍ന്ന് രണ്ട് ആശുപത്രികള്‍ പദ്ധതിയില്‍ നിന്ന് പിന്‍മാറുന്നത്. ലക്ഷക്കണക്കിന് രൂപയാണ് രണ്ട് ആശുപത്രികള്‍ക്കുമായി ഈ പദ്ധതിയില്‍ സര്‍ക്കാര്‍ നല്‍കാനുള്ളത്. ആശുപത്രികള്‍ പിന്‍മാറുന്നതോടെ ഇവിടെ ചികിത്സ തേടിയിരുന്ന രോഗികള്‍ കടുത്ത ബുദ്ധിമുട്ടലേക്കാണ് നീങ്ങുന്നത്. തുടര്‍ ചികിത്സക്കായി ഇവര്‍ കോഴിക്കോടിനെയോ മൈസുരിനെയോ ആശ്രയിക്കേണ്ടി വരും. ഇത് ഭീമമായ സാമ്പത്തിക ബാധ്യതയാണ് ഇവര്‍ക്ക് വരുത്തുക. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് ചികിത്സക്കായി ഇതര ജില്ലകളെ ആശ്രയിക്കുക എന്നത് പ്രായോഗികവുമല്ല. അധികൃതരുടെ ഭാഗത്ത് നിന്ന് അടിയന്തിര നടപടികള്‍ ഉണ്ടാവണമെന്ന് കിഡ്‌നി പേഷ്യന്റ്‌സ് വെല്‍ഫെയര്‍ സൊസൈറ്റി ജില്ലാ ഭാരവാഹികളായ കെ ടി മുനീര്‍, ടി പി ഗോപിനാഥന്‍, ടി ബഷീര്‍, കെഇഎച്ച് അബ്ദുല്ല, എ സി രാജന്‍ ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top