വൃക്കകള്‍ തകരാറിലായ ഗൃഹനാഥന്‍ ചികില്‍സാ സഹായം തേടുന്നു

കല്‍പ്പറ്റ: മൂന്നു വര്‍ഷം മുമ്പ് സഹോദരന്റെ വൃക്ക സ്വീകരിച്ചെങ്കിലും പ്രവര്‍ത്തിക്കാതെ വിധി വീണ്ടും പരീക്ഷിച്ച മേപ്പാടി ചൂരല്‍മല ഉത്തൂന്തല്‍ ഉണ്ണികൃഷ്ണന്‍ നാട്ടുകാരുടെയും സുമനസ്സുകളുടെയും സഹായം തേടുന്നു. ആദ്യ ശസ്ത്രക്രിയ മൂന്നു വര്‍ഷം മുമ്പ് കോഴിക്കോട് മെഡിക്കല്‍ കോളജിലായിരുന്നു.
അന്ന് സഹോദരന്റെ ഒരു വൃക്ക സ്വീകരിച്ചെങ്കിലും ഇതു പ്രവര്‍ത്തിച്ചില്ല. ആകെയുണ്ടായിരുന്ന 14 സെന്റ് സ്ഥലവും വീടും വിറ്റും നാട്ടുകാരുടെ സഹായത്തോടെയുമായിരുന്നു അന്ന് 13 ലക്ഷം രൂപയിലേറെ ചെലവഴിച്ച് ശസ്ത്രക്രിയയും ചികില്‍സയും നടത്തിയത്. ഇപ്പോള്‍ ആഴ്ചയില്‍ മൂന്നു ദിവസം സ്വകാര്യ ആശുപത്രിയില്‍ ഡയാലിസിസ് നടത്തിവരികയാണ്.
ഭാര്യാമാതാവിന്റെ സ്ഥലത്തെ ചെറിയൊരു വീട്ടിലാണ് ഉണ്ണികൃഷ്ണനും ഭാര്യയും മൂന്നു കുട്ടികളും താമസിക്കുന്നത്. ഭാര്യ സൂചിപ്പാറ വിനോദസഞ്ചാര കേന്ദ്രത്തില്‍ താല്‍ക്കാലിക ജോലി ചെയ്തും 20കാരനായ മൂത്തമകന്‍ കൂലിവേല ചെയ്തുമാണ് ചികില്‍സയ്ക്കും മറ്റ് പെണ്‍കുട്ടികളുടെ പഠനവും കാര്യങ്ങളും നടത്തുന്നത്.
സുമനസ്സുകള്‍ക്ക് സാമ്പത്തിക സഹായം മേപ്പാടി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, കോട്ടപ്പടി ശാഖയില്‍ 67167079836 അക്കൗണ്ട് നമ്പറില്‍ അയക്കാം. ഫോണ്‍: 7561845824.

RELATED STORIES

Share it
Top