വീപ്പക്കുള്ളിലെ മൃതദേഹം സ്ത്രീയുടേതെന്ന് സ്ഥിരീകരണം;സമാന സംഭവത്തിലേക്കും അന്വേഷണം

കൊച്ചി: കുമ്പളത്ത് വീപ്പയ്ക്കുള്ളില്‍ കോണ്‍ക്രീറ്റ് ഇട്ട് അടയ്ക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ മൃതദേഹം സ്ത്രീയുടേതെന്ന് സ്ഥിരീകരണം. ഏകദേശം 30 വയസ് പ്രായമുള്ള സ്ത്രീയുടെ മൃതദേഹമാണിതെന്നാണ് സ്ഥിരീകരിച്ചത്. മൃതദേഹത്തിന്റെ കാലുകള്‍ കൂട്ടിക്കെട്ടിയ നിലയിലായിരുന്നു. മൃതദേഹത്തില്‍ നിന്ന് വെള്ളി അരഞ്ഞാണവും കണ്ടെത്തി. അതേസമയം മൃതദേഹം ആരുടേതാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. ഒരു വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള മൃതദേഹമാണെന്നും ശാസ്ത്രീയ പരിശോധന ആവശ്യമാണെന്നും പോലീസ് അറിയിച്ചു.ഇതിനുമുമ്പും പ്രദേശത്ത് സമാന രീതിയില്‍ മൃതദേഹം കണ്ടെത്തിയിരുന്നു. നെട്ടൂരില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ ഒരു പുരുഷന്റെ മൃതദേഹമാണ് അന്ന് കണ്ടെത്തിയത്. അന്ന് ചാക്കില്‍ നിറക്കാന്‍ ഉപയോഗിച്ചതിന് സമാനമായ കല്ലുകളാണ് ഇന്ന് കണ്ടെത്തിയ മൃതദേഹമുണ്ടായിരുന്ന വീപ്പയിലും നിറച്ചിരിക്കുന്നത്. ഈ രണ്ട് സംഭവങ്ങളിലും സമാനതയുള്ളതിനാല്‍ രണ്ടും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ എന്നകാര്യവും പോലീസ് അന്വേഷിക്കുന്നുണ്ട്.കായലില്‍ തള്ളിയ വീപ്പ മത്സ്യത്തൊഴിലാളികളാണ് കണ്ടെത്തി കരയ്‌ക്കെത്തിച്ചത്. കൊന്ന് മൃതദേഹം വീപ്പയിലാക്കിതാവാം എന്നാണ് സംശയിക്കുന്നത്. ദുര്‍ഗന്ധം പുറപ്പെടുവിക്കുന്ന വീപ്പ പത്തുമാസം മുന്‍പ് മത്സ്യത്തൊഴിലാളികളുടെ ശ്രദ്ധയില്‍ പെട്ടിരുന്നുവെങ്കിലും ആരും കാര്യമായെടുത്തിരുന്നില്ല. രണ്ടുമാസം മുമ്പാണ് ഡ്രഡ്ജിങ്ങിനിടയില്‍ വീപ്പ കരയ്ക്ക് എത്തിച്ചത്. ഇതിനു ശേഷവും വീപ്പയ്ക്കുള്ളില്‍നിന്ന് ദുര്‍ഗന്ധം വമിച്ചതിനെത്തുടര്‍ന്ന് പോലീസ് വീപ്പ പൊളിച്ച് പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. വീപ്പയ്ക്കുള്ളിലാക്കി കോണ്‍ക്രീറ്റ് ഇട്ട് അടച്ച്  അതിനു മുകളില്‍ ഇഷ്ടിക നിറയ്ക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.

RELATED STORIES

Share it
Top