വീപ്പക്കകത്ത് സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയ സംഭവംഅന്വേഷണം സംസ്ഥാനത്ത് കാണാതായവരിലേക്ക്

മരട്: വീപ്പക്കകത്ത് സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം സംസ്ഥാനത്ത് കാണാതായവരിലേക്ക് വ്യാപിപ്പിക്കുന്നു. സംസ്ഥാനത്ത് പോലിസ് സ്‌റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കാണാതായവരുടെ പരാതികള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് നടത്തുന്നതെന്ന് എറണാകുളം സൗത്ത് സിഐ സിബി ടോം തേജസിനോട് പറഞ്ഞു.
എല്ലാ പോലിസ് സ്‌റ്റേഷനുകളിലേക്കും വിവരങ്ങള്‍ കൈമാറിയിട്ടുണ്ട്. ഒരു വര്‍ഷമായി കാണാതായ സ്ത്രീകളുടെ പട്ടിക തയ്യാറാക്കി നടത്തുന്ന അന്വേഷണത്തില്‍ തുമ്പ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പോലിസുദ്യോഗസ്ഥര്‍. എന്നാല്‍ തിരിച്ചറിയാനാവാത്ത നിലയില്‍ രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തിയത് പനങ്ങാട് പോലിസിന് തലവേദനയായിരിക്കുകയാണ്. സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് സിഐ സിബി ടോം തേജസിനോട് പറഞ്ഞത്. നെട്ടൂര്‍ നിന്നും ആദ്യം ലഭിച്ച മൃതദേഹം ഇതുവരെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല.
കുമ്പളത്തെ ഒഴിഞ്ഞപറമ്പില്‍ കോണ്‍ക്രീറ്റ് നിറച്ച പ്ലാസ്റ്റിക്ക് വീപ്പയില്‍ കണ്ടെത്തിയ സ്ത്രീയുടെ മൃതദേഹത്തിന്റെ ഇടത് കാലില്‍ കണ്ണങ്കാലില്‍ സ്റ്റീല്‍ ഇട്ടിരുന്നതായി ശാസ്ത്രീയ പരിശോധനയില്‍ വ്യക്തമായി. കാലില്‍ സ്റ്റീല്‍ ഇട്ട് അധികനാള്‍ ആകുന്നതിന് മുമ്പാണ് കൊലപാതകം നടന്നതെന്ന നിഗമനത്തിലാണ് പോലിസ്. തിങ്കളാഴ്ച്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്.
മൃതദേഹത്തിന് ഒരു വര്‍ഷത്തിലേറെ പഴക്കമുണ്ട്. പൂര്‍ണമായും ദ്രവിച്ച നിലയിലായിരുന്നു മൃതദേഹം. തലയോട്ടിയും അസ്ഥികളും മാത്രമാണ് അവശേഷിച്ചിട്ടുള്ളത്. മൃതദേഹത്തില്‍ നിന്നും ലഭിച്ച വെള്ളി അരഞ്ഞാണം, മുടിയുടെ നീളം, വസ്ത്രാവശിഷ്ടം എന്നിവയില്‍ നിന്നാണ് മൃതദേഹം സ്ത്രീയുടേതെന്ന നിഗമനത്തില്‍ പോലിസെത്തിയത്.
കുമ്പളം ദേശീയപാതയോടും കുമ്പളം കായലിനോടും ചേര്‍ന്ന ഒഴിഞ്ഞ പറമ്പിലിരുന്നിരുന്ന വീപ്പയിലായിരുന്നു മൃതദേഹം. ആലപ്പുഴ കേന്ദ്രമായുള്ള പാംഫൈബര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ ഉടമസ്ഥതയിലുള്ളതാണ് ഈ ആറേക്കര്‍ ഭൂമി.
ഒരു വര്‍ഷത്തിലേറെയായി വീപ്പ ഇവിടെ ഇരിക്കുന്നു. രണ്ടുമാസം മുമ്പ് നെട്ടൂര്‍ കായലില്‍ ചാക്കില്‍ കോണ്‍ക്രീറ്റ് കട്ടയോടൊപ്പം കെട്ടി താഴ്ത്തിയ നിലയില്‍ മൃതദേഹം കണ്ടെത്തിയിരുന്നു. കുമ്പളത്ത് വീപ്പയില്‍ കണ്ട കോണ്‍ക്രീറ്റ് കട്ടയും നെട്ടൂര്‍ കായലില്‍ യുവാവിന്റെ മൃതദേഹത്തോടൊപ്പം കണ്ട കോണ്‍ക്രീറ്റ് കട്ടയും സാമ്യമുള്ളതായി കാണപ്പെട്ടു.

RELATED STORIES

Share it
Top