വീണ്ടെടുക്കാനാവുമോ തിരൂര്‍ പുഴയുടെ നഷ്ടപ്രതാപം

ഇ പി അഷ്‌റഫ്

ജില്ലയുടെ സാംസ്‌കാരിക ആസ്ഥാനമായ തിരൂരിന് ഇതെന്തു പറ്റിയെന്ന ഒരു സാധാരണ തിരൂര്‍ക്കാരന്റെ ചോദ്യം തലച്ചോറില്‍ പുരോഗമന ചിന്തയുടേയും ഭാവി സ്വപ്‌നങ്ങളുടേയും ശേഷിപ്പ് അവശേഷിക്കുന്ന രാഷ്ട്രീയ നേതൃത്വവും അധികാരി വര്‍ഗങ്ങളും കേള്‍ക്കുക തന്നെ വേണം. തിരൂര്‍ പുഴയുടെ വീണ്ടെടുപ്പിന് ഇവര്‍ക്ക് ഉത്തരവാദിത്തമുണ്ട്.
തിരൂര്‍ പുഴക്ക് പഴയ പ്രതാപങ്ങളെല്ലാം നഷ്ടപ്പെട്ടിരിക്കുന്നു, തിരൂര്‍ പുഴയിന്ന് ഓര്‍മ്മകളില്‍ പോലും ദുര്‍ഗന്ധം പേറുകയാണ്. ആസൂത്രണമില്ലാത്ത അഴുക്കു ചാല്‍ സംവിധാനമാണ് പുഴമലിനീകരണത്തില്‍ പ്രധാന പങ്ക് വഹിക്കുന്നത്. ആശുപത്രികള്‍ ലബോറട്ടറികള്‍ എന്നിവിടങ്ങളിലെ മാലിന്യങ്ങള്‍ വരെ പുഴയിലാണെത്തുന്നത്. കൃഷിയാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന കീടനാശിനികള്‍ രാസവളങ്ങള്‍ എന്നിവയിലെ മാലിന്യങ്ങളും പുഴയിലേക്കു തന്നെയാണ്. പുഴ മലിനീകരണത്തില്‍ പ്രധാനം ബാക്ടീരിയാ മലിനീകരണമാണ്. വെള്ളം മലിനമാവാതെ കാത്തു സൂക്ഷിക്കണമെന്ന വാശി നാം പുലര്‍ത്താത്തതാണ് ഏറ്റവും പ്രധാന കാരണം. തോടും നദിയും കായലും ചതുപ്പുകളും അലങ്കാരമായ നാം ഓരോ വേനല്‍ക്കാലത്തും കുടിവെള്ളത്തെക്കുറിച്ചുള്ള ആശങ്കയിലാണ്.
കയ്യേറ്റവും പുഴ നേരിടുന്ന പ്രശ്‌നമാണ്. ഭൂമാഫിയകള്‍ വന്‍തോതില്‍ പുഴയുടെ ഇരുകരകളും തോന്നിയപോലെ പലേടത്തും കൈവശപ്പെടുത്തിയിട്ടും കണ്ടില്ലെന്ന് നടിക്കുകയാണ് അധികാരികള്‍. പുഴ സംരക്ഷണത്തിന് ഇതുവരെ പദ്ധതികള്‍ ഒന്നും ഉണ്ടായിട്ടില്ല. ഇനിയെങ്കിലും ഉണ്ടാകുമോയെന്നത് കാത്തിരുന്ന കാണാം. രണ്ടു വര്‍ഷം മുമ്പ് 78 ലക്ഷം രൂപ ചെലവഴിച്ച് പുഴ ശുചീകരിച്ചു. തുടര്‍പ്രവര്‍ത്തനങ്ങള്‍ ഇല്ലാത്തതിനാല്‍ അതും പാളി. ശാസത്രീയ പദ്ധതികള്‍ പുഴയുടെ സംരക്ഷത്തിനായി നടപ്പാക്കണം. അതിനാണ് അധികാരികള്‍ ശ്രമിക്കേണ്ടത്. കൂട്ടായിയിലെ റഗുലേറ്റര്‍ ഷട്ടര്‍ അടച്ചതും പുഴയുടെ മലിനീകരണത്തിന് ആക്കം കൂട്ടുന്നു. ഷട്ടര്‍ തുറന്നാല്‍ വേലിയേറ്റ സമയങ്ങളില്‍ കടലില്‍ ഉപ്പുവെള്ളം പുഴയിലേക്ക് കയറുകയും വേലിയിറക്ക സമയത്ത് പുഴയിലെ വെള്ളം കടലിലേക്ക് ഒഴുകിയിരുന്നതും പുഴ ശുദ്ധമായി നില്‍ക്കാന്‍ കാരണമായിരുന്നു. പ്രകൃതിയുടെ ഈ പ്രതിഭാസത്തിന് തടയിട്ടതും പുഴക്ക് പ്രതികൂലമായി. ടൂറിസം മേഖലയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കാന്‍ ഉദ്ദേശിച്ച  കാക്കടവ് സ്വപ്‌ന നഗരി പദ്ധതിക്കായി അധികാരതലത്തില്‍ ആലോചന കള്‍ ഉണ്ടായെങ്കിലും തുടക്കമിടാന്‍ പോലും കഴിഞ്ഞില്ല. പുഴ സംരക്ഷണത്തിനായി പ്രഖ്യാപനങ്ങള്‍
നിരവധിയുണ്ടായി എന്നും ഒന്നും യഥാര്‍ത്ഥ്യമായില്ല. പുഴയിലേക്ക് രാത്രി കാലങ്ങളില്‍ പരിസര പ്രദേശങ്ങളില്‍ നിന്നും കോഴിയവശിഷ്ടങ്ങള്‍ തള്ളുന്നതും പതിവാണ്. പിടികൂടാന്‍ അത്തരം ഭാഗങ്ങളില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുമെന്ന പ്രഖ്യാപനവും പാഴ് വാക്കായി.
പുഴയുടെ പുനര്‍ജ്ജനി തിരൂരിന്റെ വികസനത്തിന് മാറ്റുകൂട്ടും. നഗരത്തിന്റെ സൗന്ദര്യം വര്‍ദ്ധിപ്പിക്കും. ടൂറിസം മേഖലയില്‍തിരൂര്‍ പുഴയെ ഉള്‍പ്പെടുത്തി ബോട്ട് സര്‍വീസും ഉള്‍നാടന്‍ ജലഗതാഗതവും യാഥാര്‍ത്ഥ്യമാക്കിയാല്‍ തന്നെ പുഴയുടെ സംരക്ഷണം ഉറപ്പുവരുത്താനാകും.
മലയാളികള്‍ ജലസമൃദ്ധിയുടെ ഉടമകളാണ്. തെളിനീര്‍ നദികള്‍ കുഞ്ഞരഞ്ഞാണം പോലെ ഗ്രാമനഗരങ്ങളെ ചുറ്റിക്കിടക്കുന്നു. ശുദ്ധജല സംഭരണികളായ നദികളും തടാകങ്ങളും കുളങ്ങളും കണ്ടല്‍ ചതുപ്പുകളും വയലുകളും സ്വകാര്യസംഭരണികളായ കിണറുകളും നമ്മുടെ സ്വന്തം ജലസ്രോതസ്സുകളാണ്. ഈ അപാര ജലസമൃദ്ധസാധ്യതയാവാം നമുക്ക് ജലവിഭവ മൂല്യം അന്യമാക്കുന്നത്. കുടിച്ചും കുളിച്ചും ദുര്‍വ്യയം ചെയ്തും ജലസമൃദ്ധിയില്‍ നാം അഹങ്കരിച്ചു. ആറു മാസത്തെ അണമുറിയാത്ത മഴ കൂലംകുത്തിയൊഴുകുന്ന നദികള്‍. മണ്‍ കുടങ്ങളില്‍ വെള്ളം കോരി കഞ്ഞിയും കറിയും വെച്ചു. തേവി നനച്ച് പതം വരുത്തിയ വയലുകളില്‍ കതിര്‍ മണികള്‍ മുളപ്പിച്ചു. അന്നു നദികള്‍ ശുദ്ധമായിരുന്നു. ആകാലം ഓര്‍കള്‍ മാത്രമായി.

RELATED STORIES

Share it
Top