വീണ്ടും സമ്മര്‍ദ നാടകവുമായി ബിഡിജെഎസ്; എന്‍ഡിഎ വിടുമെന്ന് ഭീഷണി

പി  വി  വേണുഗോപാല്‍
ആലപ്പുഴ: ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് മറയാക്കി എന്‍ഡിഎയില്‍ ബിഡിജെഎസ് വക പുതിയ സമ്മര്‍ദ നാടകം. ഈ മാസം 14ന് ചേരുന്ന പാര്‍ട്ടി സംസ്ഥാന എക്‌സിക്യൂട്ടീവും ജനറല്‍ കൗണ്‍സിലും എന്‍ഡിഎ വിടാനുള്ള തീരുമാനം കൈക്കൊള്ളുമെന്ന വിവരങ്ങള്‍ അനൗദ്യോഗികമായി മാധ്യമങ്ങള്‍ക്കു നല്‍കിയാണ് സമ്മര്‍ദത്തിനു കളമൊരുക്കുന്നത്.
അര്‍ഹിക്കുന്ന പരിഗണന തങ്ങള്‍ക്ക് നല്‍കാത്തതില്‍ പ്രതിഷേധ സ്വരങ്ങളുയര്‍ത്തിയപ്പോഴൊക്കെ ബിജെപി ദേശീയ നേതൃത്വം ഇടപെട്ട് വാഗ്ദാനങ്ങള്‍ നല്‍കിയെന്നും എന്നാല്‍, ഒരിക്കല്‍പ്പോലും അതു പാലിക്കാന്‍ തയ്യാറായില്ലെന്നുമാണ് നേതാക്കളുടെ വിശദീകരണം. ഇനി ഇത്തരത്തില്‍ മുന്നോട്ടുപോയതുകൊണ്ട് കാര്യമില്ലെന്നും അര്‍ഹിക്കുന്ന പരിഗണന കിട്ടാത്ത സാഹചര്യത്തില്‍ ബന്ധം ഉപേക്ഷിക്കാനാണ് പാര്‍ട്ടി നേതൃത്വത്തിന്റെ തീരുമാനമെന്നും ഇവര്‍ കൂട്ടിച്ചേര്‍ക്കുന്നു.
കഴിഞ്ഞ ജനറല്‍ കൗണ്‍സില്‍ തീരുമാനപ്രകാരം പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനു മുന്നോടിയായി ബൂത്തുതലം മുതല്‍ പാര്‍ട്ടി കമ്മിറ്റികള്‍ പുനസ്സംഘടിപ്പിച്ചതുമായി ബന്ധപ്പെട്ട വിശകലനത്തിനായാണ് സംസ്ഥാന എക്‌സിക്യൂട്ടീവും ജനറല്‍ കൗണ്‍സിലും വിളിച്ചിരിക്കുന്നത്.
ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ഇത്തരമൊരു നാടകത്തിലൂടെ ബഹുമുഖ ലക്ഷ്യങ്ങളാണ് ബിഡിജെഎസ് മുന്നില്‍ കാണുന്നത്. തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഘട്ടത്തില്‍ ഈ ഭീഷണിക്കു മുന്നില്‍ ബിജെപി വഴങ്ങുമെന്നാണ് ബിഡിജെഎസിന്റെ കണക്കുകൂട്ടല്‍.

RELATED STORIES

Share it
Top