വീണ്ടും രാസായുധം; 100 മരണം

ദമസ്‌കസ്: സിറിയന്‍ സഖ്യസേനയുടെ വ്യോമാക്രമണം നടക്കുന്ന കിഴക്കന്‍ ഗൂത്തയില്‍ വീണ്ടും രാസായുധ ആക്രമണം. വിമത ശക്തികേന്ദ്രമായ ദൂമയിലുണ്ടായ ആക്രമണത്തില്‍ 100ഓളം പേര്‍ കൊല്ലപ്പെട്ടതായും നിരവധി പേര്‍ക്കു പരിക്കേറ്റതായും സന്നദ്ധസംഘടനയായ വൈറ്റ് ഹെല്‍മറ്റ് റിപോര്‍ട്ടുകള്‍ പറയുന്നു. സ്ത്രീകളും കുട്ടികളുമാണ് മരിച്ചവരില്‍ കൂടുതലും. പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമായതിനാല്‍ മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നും വൈറ്റ് ഹെല്‍മറ്റ് തലവന്‍ അല്‍ സലേഹ് പറഞ്ഞു. ഒരു കെട്ടിടത്തിന്റെ അടിത്തട്ടില്‍ കൂട്ടിയിട്ട മൃതദേഹങ്ങളുടെ ഗ്രാഫിക് ചിത്രമടക്കം ട്വീറ്റ് ചെയ്താണ് വൈറ്റ് ഹെല്‍മറ്റ് വാര്‍ത്ത പുറത്തുവിട്ടത്. എന്നാല്‍, രാസായുധം പ്രയോഗിച്ചെന്ന വാര്‍ത്തയ്ക്കു സ്ഥിരീകരണമില്ല.
ആക്രമണം നടന്ന ദൂമയില്‍ രക്ഷാപ്രവര്‍ത്തനം നടത്തിവരുകയാണെന്നും നിരവധി പേരെ പ്രദേശത്തു നിന്ന് ഒഴിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും സംഘടനകള്‍ പ്രതികരിച്ചു. എന്നാല്‍, പ്രദേശത്ത് തുടരുന്ന ഷെല്ലാക്രമണം സംഭവസ്ഥലത്ത് കാര്യക്ഷമമായ ഇടപെടലിന് തടസ്സമാകുന്നതായും സംഘടനകള്‍ പറയുന്നു.
ഗുരുതര പ്രത്യാഘാതം ഉണ്ടാക്കുന്ന സരിന്‍ എന്ന വിഷവാതകം നിറച്ച ബാരല്‍ ഹെലികോപ്റ്ററില്‍ നിന്നു നിക്ഷേപിക്കുകയായിരുന്നുവെന്നും റിപോര്‍ട്ടുകള്‍ പറയുന്നു. വായില്‍ നിന്നു നുരയും പതയും വന്ന അവസ്ഥയിലാണ് ആളുകളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നതെന്നും ഇതിനാല്‍ നാഡീവ്യൂഹത്തെ ബാധിക്കുന്ന ക്ലോറിന്‍ വാതകമാണ് പടര്‍ന്നിട്ടുള്ളതെന്ന് സംശയിക്കുന്നതായും യൂനിയന്‍ മെഡിക്കല്‍ റിലീഫ് ഓര്‍ഗനൈസേഷന്‍ വക്താവ് പ്രതികരിച്ചു.
സിറിയന്‍ ആശുപത്രിയില്‍ സന്നദ്ധ സേവനം നടത്തുന്ന യുഎസ് ആസ്ഥാനമായ സംഘടനയാണ് യൂനിയന്‍ മെഡിക്കല്‍ റിലീഫ് ഓര്‍ഗനൈസേഷന്‍.സിറിയയില്‍ വീണ്ടും രാസായുധ പ്രയോഗം നടന്നെന്ന റിപോര്‍ട്ടില്‍ യുഎസ് നടുക്കം രേഖപ്പെടുത്തി. ആക്രമണ വാര്‍ത്ത ഞെട്ടിക്കുന്നതാണെന്ന് യുഎസ് സ്‌റ്റേറ്റ് ഡിപാര്‍ട്ട്‌മെന്റ് പ്രതികരിച്ചു.
മാരകമായ രാസായുധ പ്രയോഗം നടന്നിട്ടുണ്ടെങ്കില്‍ സിറിയന്‍ സര്‍ക്കാരിനൊപ്പം മേഖലയില്‍ ആക്രമണം നടത്തുന്ന റഷ്യക്ക് അതിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനാവില്ലെന്നും യുഎസ് വ്യക്തമാക്കി.
എന്നാല്‍, രാസായുധ ആക്രമണം നടന്നെന്ന വാര്‍ത്ത സിറിയന്‍ അധികൃതര്‍ നിഷേധിച്ചു. തങ്ങളുടെ സഖ്യകക്ഷിയായ റഷ്യയെ ചേര്‍ത്തു പ്രചരിപ്പിക്കുന്ന ആരോപണം തീര്‍ത്തും അടിസ്ഥാനരഹിതമാണ്.
സിറിയന്‍ അറബ് ആര്‍മിയുടെ മുന്നേറ്റത്തില്‍ പരാജയം മുന്നില്‍ക്കണ്ട മേഖലയിലെ സായുധ സംഘടനയായ ജയ്ശ് അല്‍- ഇസ്‌ലാം നടത്തുന്ന വ്യാജ പ്രചാരണമാണിതെന്നും സിറിയ പ്രതികരിച്ചു. ഇതിനിടെ, ജയ്ശ് അല്‍- ഇസ്‌ലാമിന്റെ ശക്തികേന്ദ്രമായിരുന്ന ദൂമ നഗരം അവരില്‍ നിന്നു മോചിപ്പിച്ചതായി റഷ്യന്‍ സേന അവകാശപ്പെട്ടു. പ്രദേശത്ത് ഒറ്റപ്പെട്ടുകിടക്കുന്ന ചില വിമതസംഘങ്ങള്‍ക്കായുള്ള തിരച്ചില്‍ നടപടികള്‍ ഇന്നലെ ആരംഭിച്ചതായും സിറിയയിലെ റഷ്യന്‍ സമാധാന, അനുരഞ്ജന കേന്ദ്രം ഡയറക്ടര്‍ മേജര്‍ ജനറല്‍ യൂരി യെഫ്തുഷങ്കോ പ്രതികരിച്ചു.

RELATED STORIES

Share it
Top