വീണ്ടും മുന്റോ: കിവീസിന് പരമ്പര

വെല്ലിങ്ട്ടന്‍: മൂന്നാം ട്വന്റിയില്‍ ആശ്വാസ ജയം പിടിക്കാനുറച്ച് മൗണ്ട് മൗങ്കനു ഗ്രൗണ്ടിലിറങ്ങിയ വിന്‍ഡീസിന് വീണ്ടും തോല്‍വി. മികച്ച ഫോമില്‍ തുടരുന്ന കോളിന്‍ മുന്റോയും ട്വന്റി20യിലേക്ക് തിരിച്ചു വന്ന മാര്‍ട്ടിന്‍ ഗുപ്റ്റിലും തുടക്കം ഗംഭീരമാക്കിയപ്പോള്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്നാം ട്വന്റി20 മല്‍സരത്തില്‍ ന്യൂസിലന്‍ഡിന് 119 റണ്‍സിന്റെ ഉജ്ജ്വല വിജയം.ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ന്യൂസിലന്‍ഡ് അതിവേഗ സെഞ്ച്വറിയുമായി തിളങ്ങിയ കോളിന്‍ മുന്റോയുടെയും (53 പന്തില്‍ 104) തുടക്കത്തില്‍ തന്നെ കത്തിക്കയറിയ മാര്‍ട്ടിന്‍ ഗുപ്റ്റിലിന്റെയും (38പന്തില്‍ 63)ഓപണിങ് കൂട്ടുകെട്ടില്‍ അഞ്ചിന് 243 എന്ന കൂറ്റന്‍ സ്‌കോര്‍ കിവീസിന് സമ്മാനിച്ചപ്പോള്‍ വിന്‍ഡീസിന്റെ ചെറുത്തു നില്‍പ്പ് 16.3 ഓവറില്‍ 124ല്‍ അവസാനിച്ചു.
ആദ്യം ബാറ്റു ചെയ്ത കിവീസിന് വേണ്ടി ആദ്യ വിക്കറ്റ് കൂട്ടുകെട്ടില്‍ ഇരുവരും ചേര്‍ന്ന് 11.3 ഓവറില്‍ 136 റണ്‍സാണ് നേടിയെടുത്തത്. ഗുപ്റ്റിലിനെ റിയാദ് എംറിറ്റ് വിക്കറ്റ് കീപ്പര്‍ ചാട്‌വിക് വാള്‍ട്ടന്റെ കൈകളിലെത്തിച്ചപ്പോള്‍ പിന്നീടും നിലയുറപ്പിച്ച മുന്റോ അവസാന ഓവറിലെ ആദ്യ പന്തിലാണ് പുറത്തായത്. മറുപടിക്കിറങ്ങിയ വെസ്റ്റ് ഇന്‍ഡീസ് നിരയില്‍ ആന്ദ്രേ ഫ്‌ളെച്ചറിന് മാത്രമേ അല്‍പമെങ്കിലും പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞുള്ളൂ. ഫ്‌ളെച്ചര്‍ 32 പന്തില്‍ നിന്നും 46 റണ്‍സെടുത്ത് വിന്‍ഡീസ് നിരയില്‍ ടോപ്‌സ്‌കോററായി. ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ വെടിക്കെട്ടു ബാറ്റിങ് പ്രകടനവുമായി കത്തിക്കയറിയ ക്രിസ് ഗെയ്ല്‍ ( നാലു പന്തില്‍ പൂജ്യം) ഒരിക്കല്‍ കൂടി നിരാശപ്പെടുത്തി. കിവീസ് നിരയില്‍ ടിം സൗത്തി മൂന്നു വിക്കറ്റുകളുമായി തിളങ്ങിയപ്പോള്‍ ട്രെന്റ് ബോള്‍ട്ടും ഇഷ് സോധിയും രണ്ട് വിക്കറ്റ് വീഴ്ത്തി.

RELATED STORIES

Share it
Top