വീണ്ടും ഭായ് ഭായ് ആവാന്‍ ഇന്ത്യയും ചൈനയും

അതിര്‍ത്തിയില്‍ സമാധാനത്തിന് ധാരണവുഹാന്‍: അതിര്‍ത്തിയില്‍ സമാധാനത്തിന് ഇന്ത്യയും ചൈനയും തമ്മില്‍ ധാരണ. ഇതിനായി ഇരുരാജ്യങ്ങളിലെയും സൈനികര്‍ തമ്മിലുള്ള ആശയവിനിമയം വര്‍ധിപ്പിച്ച് പരസ്പര വിശ്വാസവും ധാരണയും വളര്‍ത്തി മുന്നോട്ടുപോവാനും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പെങും തമ്മില്‍ നടത്തിയ അനൗദ്യോഗിക ഉച്ചകോടിയില്‍ തീരുമാനിച്ചു. ഇന്ത്യന്‍ വിദേശകാര്യമന്ത്രി പീയുഷ് ഗോയലാണ് ഇക്കാര്യം അറിയിച്ചത്.
ഇന്ത്യ-ചൈന അതിര്‍ത്തിമേഖലയിലെ എല്ലാ വിഷയങ്ങളിലും സമാധാനം പുലര്‍ത്തേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ഇരുനേതാക്കളും ഊന്നിപ്പറഞ്ഞു. ഭീകരവാദം പൊതുവായ ഭീഷണിയാണെന്നും വിഷയത്തില്‍ സഹകരിച്ച് മുന്നോട്ടുപോവുമെന്നും ഗോയല്‍ കൂട്ടിച്ചേര്‍ത്തു. ഭിന്നതകള്‍ സമാധാനപരമായി സംസാരിച്ചു തീര്‍ക്കാനുള്ള പക്വത ഇരുരാജ്യങ്ങള്‍ക്കുമുണ്ട്. ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ദോക്‌ലാമിനു പുറമേ വിപണി, ടൂറിസം, തന്ത്രപ്രധാന മേഖലയിലെ സൈനിക സഹകരണം തുടങ്ങിയ വിഷയങ്ങളും ഇരുനേതാക്കളും ചര്‍ച്ചചെയ്തതായും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
അഫ്ഗാനിസ്താനില്‍ ഇന്ത്യ-ചൈന സാമ്പത്തികപദ്ധതി തുടങ്ങാനും ധാരണയായിട്ടുണ്ട്. ചൈനയുമായി മികച്ച ബന്ധം സൂക്ഷിക്കുന്ന പാകിസ്താന് തിരിച്ചടിയാവുന്ന ധാരണയാണിത്. ലോകത്തിലെ 40 ശതമാനം ജനസംഖ്യ ഉള്‍ക്കൊള്ളുന്ന ഇന്ത്യക്കും ചൈനയ്ക്കും ആഗോള പ്രശ്‌നങ്ങളില്‍ മികച്ച ഇടപെടല്‍ നടത്താന്‍ കഴിയുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. അടുത്തവര്‍ഷം ഇന്ത്യ സന്ദര്‍ശിക്കാന്‍ അദ്ദേഹം ചൈനീസ് പ്രസിഡന്റിനെ ക്ഷണിക്കുകയും ചെയ്തിട്ടുണ്ട്. മോദിയുമായുള്ള ചര്‍ച്ച നാഴികക്കല്ലാണെന്നാണ് ഷി ജിന്‍ പെങ് പ്രതികരിച്ചത്.
ഗംഗ, യാങ്ത്‌സി നദികള്‍ ഒഴുകുന്നതുപോലെ ഇന്ത്യ-ചൈന സൗഹൃദം എക്കാലവും മുന്നോട്ടുപോവട്ടെയെന്നു പ്രസിഡന്റ് ഷി ജിന്‍ പെങ് ആശംസിച്ചതായി സര്‍ക്കാരിന്റെ സിസിടിവി ചാനല്‍ റിപോര്‍ട്ട് ചെയ്തു.

RELATED STORIES

Share it
Top