വീണ്ടും ബിജെപി അധികാരത്തില്‍ വന്നാല്‍ രാജ്യത്തെ ഹിന്ദുത്വ രാഷ്ട്രമാക്കും: തരൂരിന് പിന്തുണയുമായി ചെന്നിത്തലയും ഹസനും

കോഴിക്കോട്/തിരുവനന്തപുരം: ശശി തരൂരിന്റെ അഭിപ്രായപ്രകടനങ്ങള്‍ ശരിയാണെന്നും ഒരു തവണകൂടി ബിജെപി അധികാരത്തില്‍ വന്നാല്‍ രാജ്യത്തെ ഹിന്ദുത്വ രാഷ്ട്രമാക്കുമെന്നും ഭരണഘടന മാറ്റി എഴുതുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
സിപിഎം രാഷ്ട്രീയ ലാഭത്തിന് വേണ്ടിയാണ് രാമായണ മാസം ആചരിക്കുന്നതെന്നും കെപിസിസി ഇത്തരത്തില്‍ ഒരു തീരുമാനമെടുത്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഗാന്ധിജിയുടെ രാമരാജ്യ സങ്കല്‍പ്പമാണ് കോണ്‍ഗ്രസ്സിന്റേത്. ചെങ്ങന്നൂരില്‍ സിപിഎം എസ്ഡിപിഐയുടെ വോട്ട് വാങ്ങിയതിനാലാണ് അഭിമന്യു വധക്കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യാത്തത്. കരിപ്പൂര്‍ വിമാനത്താവളത്തിന്റെ കാര്യങ്ങള്‍ക്ക് കേന്ദ്രാനുമതി ലഭിച്ചിട്ടുണ്ടെന്നും യുഡിഎഫ് നടത്തുന്ന സമരം കാപട്യമാണെന്നുമുള്ള ബിജെപി നേതാക്കളുടെ പ്രസ്താവന ജനങ്ങളെ കളിയാക്കുന്നതിന് തുല്യമാണെന്നും ചെന്നിത്തല വിശദീകരിച്ചു.
അതേസമയം, വീണ്ടും അധികാരത്തിലേറിയാല്‍ ബിജെപി ഇന്ത്യയെ മതാധിപത്യ രാഷ്ട്രമാക്കുമെന്ന ശശി തരൂര്‍ എംപിയുടെ നിലപാടിനെ പൂര്‍ണമായി പിന്തുണയ്ക്കുന്നുവെന്ന് കെപിസിസി അധ്യക്ഷന്‍ എം എം ഹസന്‍ പറഞ്ഞു. ഇതു ജനാധിപത്യ മതേതര വിശ്വാസികളായ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പൊതുവികാരമാണ്. ആവശ്യമായ അംഗബലം തിരഞ്ഞെടുക്കപ്പെട്ട സഭകളില്‍  ഉണ്ടായിരുന്നെങ്കില്‍ പണ്ടേ ബിജെപി അങ്ങനെ ചെയ്യുമായിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിനോടൊപ്പം എല്ലാ സംസ്ഥാനങ്ങളിലെയും നിയമസഭാ തിരഞ്ഞെടുപ്പും ഒരുമിച്ചു നടത്താനുള്ള ബിജെപിയുടെ നീക്കം ഇതിന്റെ ഭാഗമാണെന്നു ഹസന്‍ പറഞ്ഞു. ഇന്ത്യന്‍ ജനാധിപത്യവും മതേതരത്വവും കനത്ത വെല്ലുവിളി നേരിട്ട നാലു വര്‍ഷങ്ങളാണു കടന്നുപോയത്. കോണ്‍ഗ്രസ് മുക്ത ഭാരതം എന്നു പരസ്യമായും ന്യൂനപക്ഷമുക്ത ഭാരതം എന്നു രഹസ്യമായും ബിജെപി ഉയര്‍ത്തുന്ന മുദ്രാവാക്യങ്ങളാണ്. മതാധിപത്യരാഷ്ട്രമായ പാകിസ്താന്‍ പോലെയുള്ള ഒന്നിനെയാണ് അവര്‍ ഇന്ത്യയില്‍ സ്വപ്‌നം കാണുന്നതെന്നും ഹസന്‍ പറഞ്ഞു.

RELATED STORIES

Share it
Top