വീണ്ടും പ്രസിഡന്റ് പദത്തില്‍; റൂഹാനിക്കു മുമ്പില്‍ കടമ്പകളേറെ

തെഹ്‌റാന്‍: നിലപാടുകളുടെ പേരില്‍ ലോക രാഷ്ട്രങ്ങള്‍ക്കിടയില്‍ ഒറ്റപ്പെട്ടുനില്‍ക്കുന്ന ഇറാനെ ലോകത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയര്‍ത്തുകയെന്ന ഭാരിച്ച ദൗത്യവുമായാണ് ഹസന്‍ റൂഹാനി വീണ്ടും പ്രസിഡന്റ് പദവിയിലേക്കെത്തുന്നത്. പാശ്ചാത്യ രാജ്യങ്ങള്‍ ഇറാനുമേല്‍ ചുമത്തിയ ഉപരോധങ്ങള്‍ ഒരു പരിധിവരെ നീക്കാന്‍ തന്റെ ശ്രമഫലമായി റൂഹാനിക്ക് കഴിഞ്ഞെങ്കിലും അതില്‍ പൂര്‍ണ വിജയം നേടാന്‍ സാധിച്ചിരുന്നില്ല. വീണ്ടും പ്രസിഡന്റാവുന്നതോടെ ഉപരോധങ്ങള്‍ പൂര്‍ണമായും നീക്കുന്നതിന് തന്നെയാവും അദ്ദേഹം മുന്‍ഗണന നല്‍കുക. പശ്ചിമേഷ്യയില്‍ സമാധാനം തിരികെ കൊണ്ടുവരുന്നതിനും റൂഹാനിയുടെ നിലപാടുകള്‍ നിര്‍ണായകമാവും. അഭിഭാഷകന്‍, പണ്ഡിതന്‍, നയതന്ത്രജ്ഞന്‍ എന്നീ നിലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച റൂഹാനി  മുന്‍ പ്രസിഡന്റ് മുഹമ്മദ് ഖാതമിയുടെ ഭരണകാലത്ത് വികാസം പ്രാപിച്ച രാജ്യത്തെ പരിഷ്‌കരണപ്രസ്ഥാനങ്ങളുടെ മുന്നണിപ്പോരാളിയായിരുന്നു. ആത്മീയ നേതൃത്വത്തിന് നിരവധി അധികാരങ്ങളുള്ള രാജ്യത്തെ രാഷ്്്ട്രീയ സംവിധാനങ്ങളില്‍ കൂടുതല്‍ സ്വാതന്ത്ര്യവും ജനാധിപത്യവും ആവശ്യപ്പെട്ടായിരുന്നു പരിഷ്‌കരണ പ്രസ്ഥാനങ്ങള്‍ ഉദയംകൊണ്ടത്. തെഹ്‌റാന്‍ സര്‍വകലാശാലയില്‍ നിന്നു ബിരുദം നേടിയ റൂഹാനി ഗ്ലാസ്‌ഗോയിലെ കാലെഡോണിയന്‍ സര്‍വകലാശാലയില്‍നിന്ന് പിഎച്ച്ഡി നേടി. ഇറാന്‍ വിപ്ലവകാലത്തെ നേതാവ് ആയത്തുല്ല ഖുമൈനിയുടെ അനുയായിയായിരുന്നു റൂഹാനി. ഇറാനില്‍ നിന്നു നാടുകടത്തപ്പെട്ട് ഫ്രാന്‍സില്‍ അഭയാര്‍ഥിയായി കഴിയുന്ന കാലത്താണ് റൂഹാനി ഖുമൈനിക്കൊപ്പം ചേര്‍ന്നത്. നിരവധി രാഷ്ട്രീയ പദവികളില്‍ പ്രവര്‍ത്തിച്ച റൂഹാനി ഇറാന്‍ സൈന്യത്തിലും സ്തുത്യര്‍ഹ്യമായ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 2003 മുതല്‍ 2005 വരെ നടന്ന ആണവ ചര്‍ച്ചകളില്‍ നേതൃപരമായ പങ്കുവഹിച്ചു. 2013ല്‍ ആദ്യമായി ഇറാന്‍ പ്രസിഡന്റായി. 50 ശതമാനത്തിലധികം വോട്ട് നേടിയായിരുന്നു അന്ന്്് പ്രസിഡന്റ് സ്ഥാനത്തേക്ക് അദ്ദേഹം നടന്നടുത്തത്. സ്ഥാനമേറ്റതിനു ശേഷമുള്ള ആദ്യ ദിവസങ്ങളില്‍ തന്നെ പുരോഗമന നിലപാടുകള്‍ സ്വീകരിക്കുന്ന പ്രസിഡന്റ് എന്ന നിലയില്‍ ശ്രദ്ധനേടി. പ്രശ്‌നങ്ങള്‍ക്ക് ക്രിയാത്മക സമീപനം എന്ന പേരില്‍ വാഷിങ്ടണ്‍ പോസ്റ്റില്‍ ഇദ്ദേഹം ലേഖനം എഴുതിയിരുന്നു. യുഎസ്് പ്രസിഡന്റായിരുന്ന ബറാക് ഒബാമയുമായി റൂഹാനി നടത്തിയ ടെലിഫോണ്‍ സംഭാഷണം 1979നു ശേഷം ആദ്യമായി ഇരു രാജ്യങ്ങളിലെയും നേതാക്കള്‍ പരസ്പരം സംസാരിച്ചു എന്ന ചരിത്രപരമായ പ്രത്യേകതയാല്‍ ശ്രദ്ധിക്കപ്പെട്ടു. ഇറാന്‍ ആണവ കരാറിലേക്കുള്ള പ്രധാന ചുവടുവെയ്പായി റൂഹാനിയുടെ നയതന്ത്ര ഇടപെടല്‍ മാറി.

RELATED STORIES

Share it
Top