വീണ്ടും പ്രതികളുടെ നിര്‍ണായക മൊഴി

മട്ടന്നൂര്‍: ശുഹൈബ് വധക്കേസില്‍ അറസ്റ്റിലായ പ്രതികളുടെ നിര്‍ണായക മൊഴി വീണ്ടും. ശുഹൈബിനെ ആക്രമിക്കാന്‍ കാത്തിരുന്നത് കീഴല്ലൂര്‍ പഞ്ചായത്തിലെ വെള്ളപറമ്പിലാണെന്ന് പോലിസ് കസ്റ്റഡിയില്‍ വിട്ടുകിട്ടിയ എം പി ആകാശും റിജിന്‍ രാജും മൊഴിനല്‍കി. കാല്‍ വെട്ടാന്‍ തീരുമാനിച്ച സംഘം ശുഹൈബ് കൊല്ലപ്പെടുന്ന തലേദിവസം എടയന്നൂരില്‍ എത്തിയിരുന്നു. രണ്ടുദിവസം പിന്തുടര്‍ന്നെങ്കിലും ശുഹൈബിനൊപ്പം ഏതാനും പേരെ കണ്ടതിനാല്‍ തിരിച്ചുപോയി. പിറ്റേദിവസം വീണ്ടുമെത്തിയ അക്രമിസംഘം വെള്ളപറമ്പില്‍ കാറിലെത്തുകയും ഏറെനേരം ചെലവഴിക്കുകയും ചെയ്തു. നിര്‍ദേശം ലഭിച്ചാല്‍ പോവുന്നതിനാണ് വെള്ളപറമ്പില്‍ കാത്തിരുന്നതെന്ന് പ്രതികള്‍ പോലിസിനു മൊഴിനല്‍കി.
ശുഹൈബ് തെരൂരിലെ തട്ടുകടയില്‍ എത്തിയെന്നു വിവരം ലഭിച്ചതോടെ സംഘം വാഗണര്‍ കാറില്‍ പുറപ്പെട്ടു. കൃത്യം നടത്തിയ ശേഷം വീണ്ടും വെള്ളപറമ്പിലെത്തി. തുടര്‍ന്ന് വാഗണര്‍ കാറില്‍നിന്ന് ഇറങ്ങി മറ്റൊരു കാറില്‍ കയറി നാട്ടിലേക്ക് മടങ്ങുകയായിരുന്നു. ഇതിനിടെയാണ് ആയുധങ്ങളില്‍ ഒരു വാള്‍ വെള്ളപറമ്പില്‍ നഷ്ടപ്പെട്ടത്. ഈ വാള്‍ പിന്നീട് പോലിസ് കണ്ടെത്തുകയും ചെയ്തു.  പ്രതികള്‍ ഉപയോഗിച്ചതെന്ന് കരുതുന്ന പാലയോട് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ആള്‍ട്ടോ 800 കാര്‍ പോലിസ് ഇന്നലെ കസ്റ്റഡിയിലെടുത്തു.

RELATED STORIES

Share it
Top