വീണ്ടും പീഡനം; വൈദികനെതിരായ പരാതി സഭാ നേതൃത്വം ഒതുക്കിയെന്ന് ആരോപണം

പത്തനംതിട്ട: വീട്ടമ്മയെ ലൈംഗിക ചൂഷണം ചെയ്തതിനു മലങ്കര ഓര്‍ത്തഡോക്‌സ് സഭയിലെ നാലു വൈദികര്‍ക്കെതിരേ കേസെടുത്തതിനു പിന്നാലെ ലൈംഗിക പീഡനവുമായി ബന്ധപ്പെട്ടു സമാന രീതിയിലുള്ള പരാതി സഭാ നേതൃത്വം ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിച്ചെന്ന് ആരോപണം.
പത്തനംതിട്ട ജില്ലയിലെ ചിറ്റാറിലുള്ള ക്രൈസ്തവ ദേവാലയത്തിലെ മുന്‍ വികാരിക്കെതിരായ ലൈംഗികപീഡന പരാതി ഒതുക്കിയെന്നാണ് ആക്ഷേപം. നിലക്കല്‍ ഭദ്രാസനത്തിലെ വൈദികനും സഭാ മാനേജിങ് കമ്മിറ്റി അംഗവുമായ ഫാ. മാത്യു വാഴക്കുന്നമാണു പുതിയ വെളിപ്പെടുത്തലുമായി രംഗത്തുവന്നത്. പീഡനത്തിന് ഇരയായ യുവതിയുടെ ഭര്‍ത്താവ്് നിലക്കല്‍ ഭദ്രാസനാധിപന്‍ ജോഷ്വാ മാര്‍ നിക്കോദിമോസിനാണു പരാതി നല്‍കിയത്. എന്നാല്‍, റാന്നി സ്വദേശിയായ യുവാവിന്റെ പരാതി സമ്മര്‍ദം ചെലുത്തി മെത്രോപ്പൊലീത്ത പിന്‍വലിപ്പിച്ചെന്നും ഫാ. മാത്യു വാഴക്കുന്നം വെളിപ്പെടുത്തി. ഭാര്യയെ ഭദ്രാസനത്തിലെ ഒരു വൈദികന്‍ ലൈംഗികചൂഷണത്തിനു വിധേയയാക്കിയെന്ന പരാതി ജൂണ്‍ നാലിനാണു യുവാവ് നല്‍കിയത്.
പീഡനത്തെ തുടര്‍ന്നു ഭാര്യയുടെ മനോനില പോലും തെറ്റിയെന്നു പരാതിയില്‍ പറയുന്നു. എന്നാല്‍ ഒരു മാസത്തിനുള്ളില്‍ യുവാവു തന്നെ പരാതി പിന്‍വലിച്ചത്രെ.
ലഭിച്ച പരാതി ഭദ്രാസന കൗണ്‍സിലിന് മുമ്പാകെ ചര്‍ച്ച ചെയ്തു നടപടി സ്വീകരിക്കുകയാണു വേണ്ടിയിരുന്നത്.
കൗണ്‍സില്‍ അംഗങ്ങള്‍ പരാതി ഉന്നയിച്ചപ്പോള്‍ മെത്രോ േപ്പാലിത്ത മൗനംപാലിച്ചു നിസ്സംഗത പ്രകടിപ്പിച്ചു.
പരാതി നല്‍കിയ ശേഷം വിദേശത്തു ജോലിക്കു പോയ യുവാവിനെ ആറുതവണ വിളിച്ച് പരാതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടു. നിരന്തര നിര്‍ബന്ധത്തിന് മുന്നില്‍ വഴങ്ങിയ യുവാവ് പരാതി പിന്‍വലിച്ചു. ഇത് തെളിയിക്കാന്‍ ആവശ്യമായ രേഖകള്‍ തന്റെ പക്കലുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, പരാതി ലഭിച്ചിരുന്നെന്നും യുവാവു തന്നെ അത് പിന്‍വലിച്ചെന്നും മെത്രാപ്പോലീത്ത അറിയിച്ചു.

RELATED STORIES

Share it
Top