വീണ്ടും പശുഭീകരത; രാജസ്ഥാനില്‍ യുവാവിനെ ഹിന്ദുത്വര്‍ തല്ലിക്കൊന്നു

ആള്‍വാര്‍: ബിജെപി ഭരിക്കുന്ന രാജസ്ഥാനില്‍ പശുവിന്റെ പേരില്‍ വീണ്ടും കൊലപാതകം. ആള്‍വാറില്‍ പശുവിനെ കടത്തിയെന്ന് ആരോപിച്ച് ഹിന്ദുത്വര്‍ 28കാരനെ തല്ലിക്കൊന്നു. അക്ബര്‍ ഖാന്‍ എന്നയാളാണ് കൊല്ലപ്പെട്ടത്. ഹരിയാനയിലെ കൊലഗാവ് ഗ്രാമത്തില്‍ നിന്നു രാംഗഡിലെ ലാല്‍വാന്ദി ഗ്രാമത്തിലേക്ക് പശുവുമായി വരുകയായിരുന്നു അക്ബര്‍ ഖാനും സുഹൃത്തും. കാടിനോട് ചേര്‍ന്ന പ്രദേശത്ത് ഒരു സംഘം ആളുകള്‍ ഇരുവരെയും ചോദ്യം ചെയ്യുകയും മര്‍ദിക്കുകയുമായിരുന്നു.
കൂട്ടത്തിലുണ്ടായിരുന്നയാള്‍ ഓടി രക്ഷപ്പെട്ടെങ്കിലും അക്ബറിനെ സംഘം തടഞ്ഞുവച്ച് മര്‍ദിച്ചു. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ പിന്നീട് രാംഗഡ് പോലിസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ആള്‍വാര്‍ ഗവണ്‍മെന്റ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തില്‍ രണ്ടു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇരകള്‍ പശുക്കടത്തുകാരാണോ എന്ന കാര്യം സ്ഥിരീകരിക്കാനായിട്ടില്ലെന്ന് രാംഗഡ് പോലിസ് സ്‌റ്റേഷന്‍ ഓഫിസര്‍ സുഭാഷ് ശര്‍മ പറഞ്ഞു.
കഴിഞ്ഞ വര്‍ഷം 50കാരനായ പെഹ്‌ലു ഖാനെ ആള്‍വാറില്‍ ഹിന്ദുത്വര്‍ തല്ലിക്കൊന്നിരുന്നു. ഇതിന്റെ വാര്‍ഷികമായിരുന്നു വെള്ളിയാഴ്ച. രാജ്യത്ത് വര്‍ധിച്ചുവരുന്ന ആള്‍ക്കൂട്ട കൊലയ്‌ക്കെതിരേ പ്രത്യേക നിയമം കൊണ്ടുവരണമെന്ന് കഴിഞ്ഞ ദിവസം സുപ്രിംകോടതി ഉത്തരവിട്ടിരുന്നു. ലോക്‌സഭയിലെ അവിശ്വാസ പ്രമേയ ചര്‍ച്ചയ്ക്കിടെ ആള്‍ക്കൂട്ട കൊലപാതകങ്ങളെക്കുറിച്ച് ചൂടേറിയ വാദങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. ഇതിനു പിന്നാലെയാണ് ബിജെപി ഭരിക്കുന്ന രാജസ്ഥാനില്‍ ആള്‍ക്കൂട്ട കൊലപാതകം റിപോര്‍ട്ട് ചെയ്തിരിക്കുന്നത്.

RELATED STORIES

Share it
Top