വീണ്ടും പശുഭീകരത: യുപിയില്‍ പശുവിനെ അറുത്തെന്നാരോപിച്ച് ഹിന്ദുത്വര്‍ മുസ്‌ലിം യുവാവിനെ തല്ലിക്കൊന്നു

[caption id="attachment_388595" align="alignnone" width="560"] കൊല്ലപ്പെട്ട ഖാസിമിന്റെ ബന്ധുക്കളും സുഹൃത്തുക്കളും[/caption]

ലക്‌നൗ: പശുവിനെ കശാപ്പ് ചെയ്‌തെന്നാരോപിച്ച് ഉത്തര്‍പ്രദേശില്‍ മുസ്‌ലിം യുവാവിനെ സംഘപരിവാര പ്രവര്‍ത്തകര്‍ തല്ലിക്കൊന്നു. ഡല്‍ഹി-യുപി അതിര്‍ത്തി ഗ്രാമമായ ഭജേര ഖുര്‍ദിലാണ് സംഭവം. 2015ല്‍ പശു ഇറച്ചി സൂക്ഷിച്ചിട്ടുണ്ടെന്ന പ്രചാരണം നടത്തി ജനക്കൂട്ടം കൊലപ്പെടുത്തിയ മുഹമ്മദ് അഖ്‌ലാക്കിന്റെ ഗ്രമമായ ദാദ്രിയില്‍ നിന്നു 10 കി.മി. മാത്രം അകലെയാണ് കൊലപാതകം നടന്നത്. 38കാരനായ ഖാസിം ആണ് കൊല്ലപ്പെട്ടത്. 65കാരനായ ഷമീഹുദ്ദീന് ഗുരുതരമായി പരിക്കേറ്റു.

മധ്പുരയില്‍ കന്നുകാലികള്‍ക്ക് തീറ്റ വാങ്ങാന്‍ പോയതാണ് ഷമീഹുദ്ദീനെന്ന് സഹോദരനായ യാസീന്‍ പറഞ്ഞു. ഇവിടെ വച്ചാണ് ഖാസിമിനെ കണ്ടത്. എന്നാല്‍ കാലി കച്ചവടം നടത്തിയിരുന്ന ഖാസിമിനെ കണ്ട നാട്ടുകാര്‍ ഇരുവരേയും ആക്രമിക്കുകയായിരുന്നു. ഈ സമയം ഇരുവരുടേയും കൈവശം പശുക്കള്‍ ഉണ്ടായിരുന്നില്ല.

കാലികളെ കശാപ്പ് ചെയ്‌തെന്ന വ്യാജവാര്‍ത്ത പരന്നതോടെ ജനക്കൂട്ടം തടിച്ച് കൂടുകയായിരുന്നു. തുടര്‍ന്ന് അക്രമികള്‍ ഇരുവരേയും അടുത്തുളള ക്ഷേത്ര വളപ്പിലേക്ക് വലിച്ചുകൊണ്ടുപോയി കൂട്ടം ചേര്‍ന്ന് ആക്രമിച്ചു.
ഒരാളെ ക്ഷേത്ര വളപ്പില്‍ അടിച്ചിട്ടിരിക്കുകയായിരുന്നുവെന്നും, കൂടെയൂണ്ടായിരുന്ന ഒരാളെ ക്ഷേത്രത്തിന്റെ പ്രധാന കവാടത്തില്‍ വെച്ചാണ് അടിച്ചതെന്നും ക്ഷേത്രത്തിലെ പൂജാരിയായ ഏകാദശി ഗിരി പറഞ്ഞു.

വടികളും കല്ലുകളുമായാണ് സംഘപരിവാര പ്രവര്‍ത്തകര്‍ ഇരുവരേയും അക്രമിച്ചതെന്ന് ദൃക്‌സാക്ഷികള്‍ വ്യക്തമാക്കി. അക്രമത്തിന് പിന്നാലെ പൊലീസ് എത്തി ഇരുവരേയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഖാസിമിന്റെ ജീവന്‍ രക്ഷിക്കാനായില്ല. തന്റെ സഹോദരന്‍ കാലികളെ കശാപ്പ് ചെയ്യാറില്ലെന്നും ഇവയെ വാങ്ങി ചന്തയില്‍ വില്‍ക്കുന്നയാളാണെന്നും ഖാസിമിന്റെ സഹോദരന്‍ പറഞ്ഞു.

എന്നാല്‍ കാലികളെ കശാപ്പ് ചെയ്തതിനാണ് ജനക്കൂട്ടം അക്രമം നടത്തിയതെന്ന വാര്‍ത്ത പൊലീസ് നിഷേധിച്ചു. കൊല്ലപ്പെട്ട ഖാസിം സഞ്ചരിച്ച ബൈക്ക് മറ്റൊരു ബൈക്കില്‍ തട്ടിയതാണ് പ്രകോപനത്തിന് കാരണമായതെന്നാണ് പൊലീസ് ഭാഷ്യം. തുടര്‍ന്ന് നടന്ന വാക്കേറ്റമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും പൊലീസ് എഫ്‌ഐആറില്‍ വ്യക്തമാക്കുന്നു.

പശുവിനെ കശാപ്പ് ചെയ്‌തെന്ന ഊഹാപോഹങ്ങള്‍ പറഞ്ഞ് കേള്‍ക്കുന്നുണ്ട്,എന്നാല്‍ പശുക്കളോ ആയുധങ്ങളോ സംഭവസ്ഥലത്ത് നിന്ന് കണ്ടെത്താനായിട്ടില്ലെന്നുമാണ് ഹാപൂര്‍ എസ്പി സഹങ്കല്‍പ്  ശര്‍മ പറഞ്ഞു. എന്നാല്‍ ഗാസിദാബാദില്‍ ബിജെപി എം എല്‍ എമാരും, എംപിമാരുമായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കൂടിക്കാഴ്ച്ച നടത്തുന്നതിനാല്‍ സ്ഥലത്ത് പോലീസ് അതീവജാഗ്രത പുലര്‍ത്തുന്ന സമയത്താണ് ഇത്തരത്തിലൊരും സംഭവം അരങ്ങേറുന്നത്.
MTP

MTP

Our Contributor help bring you the latest article around you


RELATED STORIES

Share it
Top