വീണ്ടും ന്യൂനമര്‍ദം; മഴ ശക്തമാവും: 180 ദുരിതാശ്വാസക്യാമ്പുകള്‍ തുറന്നു

കോഴിക്കോട്: കാലവര്‍ഷക്കെടുതി നേരിടാന്‍ സംസ്ഥാന സര്‍ക്കാര്‍ ഊര്‍ജിത നടപടികളുമായി മുന്നോട്ടു പോവുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 37 ദുരിതാശ്വാസ ക്യാമ്പുകള്‍ ആരംഭിച്ചു. ഇതുള്‍പ്പെടെ 180 ദുരിതാശ്വാസക്യാമ്പുകള്‍ സംസ്ഥാനത്ത് പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇതില്‍ 30, 549 പേര്‍ക്ക് സൗകര്യമൊരുക്കിയിരുന്നു. നിലവില്‍ മൂവായിരത്തോളം പേര്‍ ക്യാമ്പുകളിലുണ്ട്. അവര്‍ക്ക് ആവശ്യമായ ഭക്ഷണവും ആരോഗ്യപരിരക്ഷയും ഉറപ്പുവരുത്തുന്നുണ്ട്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ശരാശരി 50 ലക്ഷം രൂപ വീതം ജില്ലാ കലക്ടര്‍മാര്‍ക്ക് അനുവദിച്ചിട്ടുണ്ട്. കേരളത്തില്‍ കാലവര്‍ഷം ആരംഭിച്ച മെയ് 29 മുതല്‍ ഇതുവരെ 77 ജീവനുകള്‍ പൊലിഞ്ഞു. 25 പേര്‍ക്ക് പരിക്ക് പറ്റി. 283 വീടുകള്‍ മുഴുവനായും 7213 വീടുകള്‍ ഭാഗികമായും തകര്‍ന്നു. 7751.6 ഹെക്ടര്‍ കൃഷിയെ ബാധിച്ചു. 3,790 പേരെ മാറ്റിപ്പാര്‍പ്പിച്ചതായും അദ്ദേഹം അറിയിച്ചു.ഇതിനിടയില്‍, ബംഗാള്‍ ഉള്‍ക്കടലില്‍ ഒഡീഷ തീരത്തോടു ചേര്‍ന്ന് ഇന്നലെ വൈകീട്ടോടെ രൂപപ്പെടുന്ന ന്യൂനമര്‍ദം കേരളത്തില്‍ ശക്തമായ മഴയ്ക്കു കാരണമായേക്കാമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു. ഇന്ന് കേരളത്തില്‍ ഒന്നോ രണ്ടോ സ്ഥലങ്ങളില്‍ 110 മില്ലിമീറ്റര്‍ മഴയ്ക്ക് സാധ്യതയുണ്ട്. 14, 15, 16 തിയ്യതികളില്‍ വടക്കന്‍ കേരളത്തിലെ ചില സ്ഥലങ്ങളില്‍ 20 സെന്റിമീറ്റര്‍ വരെ ശക്തിയുള്ള മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണം. അറബിക്കടലും ബംഗാള്‍ ഉള്‍ക്കടലും പ്രക്ഷുബ്ധമായി തുടരുന്നതിനാല്‍ 16ന് വീണ്ടും ഒരു ന്യൂനമര്‍ദം കൂടി രൂപപ്പെടാനുള്ള സാധ്യത തള്ളാനാവില്ലെന്നും ഇന്ത്യന്‍ കാലാവസ്ഥാ കേന്ദ്രം സൂചിപ്പിക്കുന്നു. അതിനിടെ, വട്ടവട കൊട്ടക്കാമ്പൂരില്‍ ബുധനാഴ്ച രാത്രി 9 മണിയോടെയുണ്ടായ ഉരുള്‍പൊട്ടലില്‍ ഗ്രാമത്തിലേക്ക് കുടിവെള്ളം എത്തിക്കാനായി സ്ഥാപിച്ചിരുന്ന പൈപ്പ്‌ലൈനുകള്‍ തകര്‍ന്നു. ഇതോടെ കുടിവെള്ളം മുടങ്ങി. വന്‍ കൃഷിനാശവുമുണ്ടായി. ഗ്രാമവാസികള്‍ ഓണവിപണി പ്രതീക്ഷിച്ച് വിളവിറക്കിയ കാര്‍ഷിക വിളകളാണ് നശിച്ചവയിലേറെയും.

RELATED STORIES

Share it
Top