വീണ്ടും തറക്കല്ലിടാനൊരുങ്ങി സര്‍ക്കാര്‍; നടപടികള്‍ക്കു വേഗം പഴയപടി

കല്‍പ്പറ്റ: വിവാദവും മെല്ലെപ്പോക്കും കാരണം അനിശ്ചിതത്വത്തിലായ വയനാട് മെഡിക്കല്‍ കോളജിന് വീണ്ടും തറക്കല്ലിടാനൊരുങ്ങി എല്‍ഡിഎഫ്. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ തറക്കല്ലിട്ട വയനാടിന്റെ സ്വപ്‌നപദ്ധതിയായ മെഡിക്കല്‍ കോളജിന് ചിങ്ങം ഒന്നിന് വീണ്ടും തറക്കല്ലിടാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഭൂമി സംബന്ധിച്ച വിവാദങ്ങള്‍ നിലനിന്നിരുന്നതിനാല്‍ നിര്‍ദിഷ്ട ഭൂമിയില്‍ ശിലാസ്ഥാപനം നടത്താതെ കല്‍പ്പറ്റ എസ്‌കെഎംജെ സ്‌കൂള്‍ അങ്കണത്തിലാണ് യുഡിഎഫ് ഭരണകാലത്ത് ശിലാസ്ഥാപന ചടങ്ങ് നടന്നത്. പുതിയ മാസ്റ്റര്‍പ്ലാന്‍ അനുസരിച്ചുള്ള കെട്ടിട നിര്‍മാണത്തിനാണ് ചിങ്ങം ഒന്നിന് വീണ്ടും തറക്കല്ലിടുന്നത്. നിലവില്‍ രൂപംകൊള്ളുന്ന പ്രതിഷേധങ്ങള്‍ പ്രതിരോധിക്കുകയെന്ന ലക്ഷ്യത്തോടെയാണ് തറക്കല്ലിടലിന് നീണ്ട തിയ്യതി നേരത്തെ പ്രഖ്യാപിച്ചതെന്നാണ് വിലയിരുത്തല്‍. പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ 625.38 കോടി രൂപയ്ക്കു കഴിഞ്ഞ ദിവസം ഭരണാനുമതി ലഭിച്ചിരുന്നു.
ഇന്‍ഫ്രാസ്ട്രക്ചര്‍ കേരള ലിമിറ്റഡ് (ഇന്‍കെല്‍) മെഡിക്കല്‍ കോളജിന്റെ സമഗ്ര വികസനത്തിനായി ഡിപിആര്‍ തയ്യാറാക്കി രണ്ടാഴ്ച മുമ്പാണ് സര്‍ക്കാരിന് സമര്‍പ്പിച്ചത്. ഈ ഡിപിആര്‍ പരിശോധിക്കുകയും നിര്‍ദേശിച്ച മുഴുവന്‍ തുകയ്ക്കും സര്‍ക്കാര്‍ ഭരണാനുമതി നല്‍കുകയും ചെയ്തിരിക്കുകയാണ്. പ്രാഥമിക ഒരുക്കങ്ങള്‍ ജൂലൈ മാസത്തില്‍ പൂര്‍ത്തിയാക്കി ചിങ്ങം ഒന്നിന് പ്രവൃത്തി ആരംഭിക്കാനാണ് അധികൃതര്‍ ലക്ഷ്യമിടുന്നത്. യുഡിഎഫ് ഭരണകാലത്താണ് വയനാട് മെഡിക്കല്‍ കോളജ് എന്ന പ്രഖ്യാപനമുണ്ടാവുന്നത്. തുടര്‍നടപടികള്‍ വിവാദത്തില്‍ കുരുങ്ങി.
മെഡിക്കല്‍ കോളജ് നടപടികള്‍ മന്ദഗതിയിലായതോടെ വിഷയം തുടര്‍ന്നുവന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് പ്രചാരണത്തിനായി ഉപയോഗിച്ചു. എല്‍ഡിഎഫ് അധികാരത്തിലെത്തിയാല്‍ ആദ്യ പരിഗണന മെഡിക്കല്‍ കോളജിനായിരിക്കുമെന്നായിരുന്നു തിരഞ്ഞെടുപ്പ് വാഗ്ദാനം. എന്നാല്‍, അധികാരത്തിലേറി രണ്ടു വര്‍ഷം കഴിഞ്ഞിട്ടും നടപടികള്‍ പേരിന് മാത്രമാണ് മുന്നോട്ടുനീങ്ങിയത്. ഇതോടെ പ്രക്ഷോഭ പരിപാടികളുമായി വിവിധ സംഘടനകളും രാഷ്ട്രീയപ്പാര്‍ട്ടികളും രംഗത്തെത്തി. മെഡിസിറ്റി സ്ഥാപിക്കുമെന്നായിരുന്നു ശിലാസ്ഥാപനം നിര്‍വഹിച്ച അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രഖ്യാപിച്ചത്. എന്നാല്‍, അടുത്ത കാലത്താണ് ഭൂമിയിലേക്കുള്ള റോഡ് നിര്‍മാണം പോലും പൊതുമരാമത്ത് വിഭാഗത്തിന് കൈമാറിയത്.
അതിനിടെ, യുഡിഎഫ് സര്‍ക്കാര്‍ തയ്യാറാക്കിയ ഡിപിആര്‍ വിജിലന്‍സ് കേസിലുമായി. ഹരിപ്പാട്, വയനാട് മെഡിക്കല്‍ കോളജുകളുടെ ഡിപിആര്‍ തയ്യാറാക്കാന്‍ ആര്‍ക്കിമെട്രിക് എന്ന കണ്‍സള്‍ട്ടന്‍സിയെയാണ് യുഡിഎഫ് സര്‍ക്കാര്‍  ചുമതലപ്പെടുത്തിയത്. കുറഞ്ഞ തുകയ്ക്ക് ക്വട്ടേഷന്‍ നല്‍കിയ കമ്പനിയെ മറികടന്ന് ഈ കമ്പനിക്ക് കരാര്‍ നല്‍കിയെന്നു് പരാതി ഉയരുകയും വിജിലന്‍സ് അന്വേഷണം നടക്കുകയും ചെയ്തു. ഡിപിആര്‍ തയ്യാറാക്കിയതില്‍ പോലും അഴിമതി നടത്തിയതായി വിജിലന്‍സ് കണ്ടെത്തുകയും ചെയ്തു. ഇതേത്തുടര്‍ന്നാണ് പുതിയ ഡിപിആര്‍ തയ്യാറാക്കിയത്.
ചന്ദ്രപ്രഭാ ചാരിറ്റബിള്‍ ട്രസ്റ്റ് കോട്ടത്തറ പഞ്ചായത്തില്‍ സൗജന്യമായി സര്‍ക്കാരിന് വിട്ടുനല്‍കിയ 50 ഏക്കര്‍ ഭൂമിയിലാണ് നിര്‍ദിഷ്ട മെഡിക്കല്‍ കോളജ് നിര്‍മിക്കുന്നത്. ഒരുവര്‍ഷം മുമ്പ് മെഡിക്കല്‍ കോളജിലേക്കുള്ള റോഡ് നിര്‍മാണം ആരംഭിച്ചുവെങ്കിലും പൂര്‍ത്തിയായിട്ടില്ല. 980 മീറ്റര്‍ നീളമുള്ള റോഡ് നിര്‍മാണ പ്രവൃത്തി 2.20 കോടി രൂപയ്ക്കാണ് ടെന്‍ഡര്‍ ചെയ്തത്.

RELATED STORIES

Share it
Top