വീണ്ടും കുരുക്ക്‌; ബാര്‍ കോഴക്കേസ് റദ്ദാക്കണമെന്ന ആവശ്യം വിജിലന്‍സ് കോടതി തള്ളി

തിരുവനന്തപുരം: ബാര്‍ കോഴക്കേസ് റദ്ദാക്കാന്‍ അനുമതി തേടി വിജിലന്‍സ് സമര്‍പ്പിച്ച റിപോര്‍ട്ട് തിരുവനന്തപുരം വിജിലന്‍സ് കോടതി തള്ളി. കേസില്‍ തുടരന്വേഷണത്തിനുള്ള വായ്‌മൊഴി തെളിവുകളും പ്രാമാണിക തെളിവുകളും ഉള്ളതിനാല്‍ പ്രോസിക്യൂഷന്‍ അനുമതി ഹാജരാക്കാന്‍ വിജിലന്‍സ് ജഡ്ജി ഡി അജിത്കുമാര്‍ ഉത്തരവിട്ടു.
കൂടാതെ ലഭ്യമായ തെളിവുകള്‍ വച്ച് മുന്‍മന്ത്രി കെ എം മാണിയെ വിചാരണ ചെയ്യാന്‍ ഹരജിക്കാര്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ പ്രോസിക്യൂഷന്‍ അനുമതി വാങ്ങിവരാനും കോടതി ഉത്തരവില്‍ വ്യക്തമാക്കി.
വിജിലന്‍സ് അന്വേഷണ ഉദ്യോഗസ്ഥരും വിജിലന്‍സ് സംവിധാനവും പ്രതിഭാഗം ചേര്‍ന്നതിനെ കോടതി രൂക്ഷമായി വിമര്‍ശിച്ചു. അന്വേഷണ ഏജന്‍സി തന്നെ കേസ് അട്ടിമറിച്ച് വിധികര്‍ത്താവായാല്‍ സംസ്ഥാനത്ത് നീതി എങ്ങനെ നടപ്പാവുമെന്നും കോടതി ചോദിച്ചു. ക്രിമിനല്‍ നടപടിക്രമത്തെയും ചട്ടങ്ങളെയും വിജിലന്‍സ് ഉദ്യോഗസ്ഥര്‍ കാറ്റില്‍പറത്തി. തെളിവുമൂല്യം വിലയിരുത്തേണ്ടത് കോടതിയാണെന്നിരിക്കെ മാണിക്ക് ക്ലീന്‍ചിറ്റ് നല്‍കാനായി അന്വേഷണ ഉദ്യോഗസ്ഥന്‍ കെ ഇ ബൈജു സ്വയം വിധികര്‍ത്താവായി കേസ് എഴുതിത്തള്ളി. മുന്‍ തുടരന്വേഷണ ഉത്തരവുകള്‍ പാലിച്ചില്ല. ബിജു രമേശ് ഹാജരാക്കിയ സിഡി, മെമ്മറി കാര്‍ഡ് തുടങ്ങിയ ഇലക്ട്രോണിക് രേഖകളിലെ ശബ്ദശകലങ്ങള്‍ താരതമ്യം ചെയ്ത് ആധികാരികത ഉറപ്പാക്കുന്നതിനായി ബാറുടമകളുടെ ശബ്ദപരിശോധന ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയില്‍ നടത്താന്‍ കോടതി മുമ്പ് ഉത്തരവിട്ടത് വിജിലന്‍സ് അനുസരിച്ചിട്ടില്ല.
കോഴ നല്‍കാനായി ലീഗല്‍ ഫണ്ടിനത്തില്‍ ശരിയല്ലാത്ത രീതിയില്‍ ഒരു കോടി 17 ലക്ഷം പിരിച്ചെടുത്തത് തെളിവില്‍ വന്നിട്ടും അതേക്കുറിച്ച് പൂര്‍ണമായി അന്വേഷിച്ചില്ല. പണമിടപാട് നടന്നതായി തെളിവില്‍ വന്നിട്ടുണ്ട്. എന്നാല്‍, അതു സംബന്ധിച്ച് അന്വേഷണം നടത്താതെ ഉദ്യോഗസ്ഥന്‍ സ്വയം കണ്ണടച്ച് ഇരുട്ടാക്കി.
വിജിലന്‍സിന്റെ അന്വേഷണ രേഖകളില്‍ പ്രതിക്കെതിരേ തെളിവുകളുണ്ടായിട്ടും വിചാരണയ്ക്കായി യാതൊരു നടപടിയും കൈക്കൊണ്ടില്ലെന്നും കോടതി കണ്ടെത്തി.
അഴിമതി നിരോധന നിയമത്തിലെ ജൂലൈ 26ന് നിലവില്‍വന്ന ഭേദഗതി അനുസരിച്ച് വകുപ്പ് 17 എ പ്രകാരം സര്‍ക്കാരിന്റെ (ഗവര്‍ണര്‍) മുന്‍കൂര്‍ പ്രോസിക്യൂഷന്‍ അനുമതി ലഭിക്കുന്ന മുറയ്ക്ക് തുടരന്വേഷണം നടത്താവുന്നതാണെന്ന് കോടതി ഉത്തരവില്‍ വ്യക്തമാക്കി.
പ്രതിയെ വിചാരണ ചെയ്യുന്നതിന് ഗവര്‍ണറില്‍ നിന്നു പ്രോസിക്യൂഷന്‍ അനുമതി ഹരജിക്കാര്‍ ഹാജരാക്കിയാല്‍ നേരിട്ടു പ്രതിയെ വിളിച്ചുവരുത്തി വിചാരണ ചെയ്യാമെന്നും കോടതി വ്യക്തമാക്കി.

RELATED STORIES

Share it
Top