വീണ്ടും കുടിയിറക്കാനുള്ള നീക്കമെന്നു പ്രീത ഷാജി

കൊച്ചി: വീടും ഭൂമിയും തട്ടിയെടുക്കാനുള്ള റിയല്‍ എസ്റ്റേറ്റ് മാഫിയയുടെ നീക്കങ്ങള്‍ ശക്തമായ സാഹചര്യത്തില്‍ വീണ്ടും സമരം നടത്തുമെന്നു മാനത്തുപാടത്തെ വീട്ടമ്മ പ്രീത ഷാജി. പകരം ഭൂമി നല്‍കി കുടുംബത്തെ കുടിയിറക്കാനുള്ള ശക്തമായ നീക്കവുമായി റിയല്‍ എസ്റ്റേറ്റ് മാഫിയ കോടതിയെ സമീപിച്ചതോടെയാണ് വീണ്ടും സമരമുഖത്തേക്ക് ഇറങ്ങേണ്ടിവന്നതെന്നു പ്രീത ഷാജി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
മരിക്കേണ്ടിവന്നാലും ഈ വീട്ടില്‍ നിന്ന് ഇറങ്ങിക്കൊടുക്കില്ല. ഇത്രയും നാള്‍ നടത്തിയ സമരം വീണ്ടും തുടരുകയാണെന്നും പ്രീത പറഞ്ഞു. ഇതിന്റെ ഭാഗമായി റിയല്‍ എസ്റ്റേറ്റ് മാഫിയയുടെ ചുക്കാന്‍ പിടിക്കുന്ന സുധീര്‍ കുഞ്ഞുമുഹമ്മദിന്റെ ആലങ്ങാട് ചിറയത്തുള്ള വീട്ടിലേക്ക് ഇടപ്പള്ളി മാനത്തുപാടം സമരപ്പന്തലില്‍ നിന്ന് 25ന് ലോങ് മാര്‍ച്ച് നടത്തുമെന്നു സമരസമിതി പ്രവര്‍ത്തകര്‍ പറഞ്ഞു. 17, 18, 19 തിയ്യതികളില്‍ ജില്ലയുടെ വിവിധ കേന്ദ്രങ്ങളില്‍ വാഹന പ്രചാരണ ജാഥ നടത്താനും പ്രചാരണ ജാഥയുടെ സമാപനം കുറിച്ചുകൊണ്ട് സൗത്ത് കളമശ്ശേരിയില്‍ സര്‍വകക്ഷി സമ്മേളനം നടത്തും. കുടിയിറക്കി ജപ്തി നടത്തില്ലെന്ന് ഉറപ്പു നല്‍കി രണ്ടാം വട്ടം സമരം അവസാനിപ്പിച്ച സര്‍ക്കാര്‍ റിയല്‍ എസ്റ്റേറ്റ് മാഫിയയ്ക്കു മുന്നില്‍ പകച്ചുനില്‍ക്കുകയാണ്.
പ്രളയത്തില്‍ മുങ്ങിയ ആലങ്ങാട് മേഖലയില്‍ എട്ടു സെന്റ് ഭൂമിയും 20 വര്‍ഷം പഴക്കമുള്ള ഒരു വീടും പകരം തരുമെന്നും പ്രീതയുടെ കുടുംബത്തെ പോലിസ് സഹായത്തോടെ മാനത്തുപാടത്ത് നിന്നു കുടിയിറക്കി കിടപ്പാടം കൈവശം തരണമെന്നാണ് റിയല്‍ എസ്റ്റേറ്റ് മാഫിയ മുന്നോട്ടുവച്ച നിര്‍ദേശം.
സര്‍ക്കാര്‍ നടത്തിയ അനുരഞ്ജന ചര്‍ച്ചകളില്‍ നിന്നെല്ലാം ഈ സംഘം വിട്ടുനിന്നു. സിപിഐയുടെ ആലങ്ങാട് ചിറയം ബ്രാഞ്ച് സെക്രട്ടറിയാണ് ഇയാള്‍. പ്രീത ഷാജിയുടെ കേസ് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഇന്ന് പരിഗണിക്കും.

RELATED STORIES

Share it
Top