വീണ്ടും ആള്‍ക്കൂട്ട ആക്രമണം: മോഷ്ടാവെന്ന് ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു

അഹ്മദാബാദ്: മോഷ്ടാക്കളെന്ന് ആരോപിച്ച് യുവാക്കളെ ആള്‍ക്കൂട്ടം ആക്രമിച്ചു. സംഭവത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. മറ്റൊരു യുവാവ് ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ ചികില്‍സയിലാണ്.
ഗുജറാത്തിലെ ദഹോദ് ജില്ലയിലുള്ള കാളി മഹുദി ഗ്രാമത്തിലാണ് സംഭവം. ഇരുപതോളം വരുന്ന സംഘമാണ് ആക്രമണം നടത്തിയത്. അജ്മല്‍ വഹോനിയ (22) ആണ് ആക്രമണത്തില്‍ മരിച്ചത്. ഇയാളുടെ സുഹൃത്ത് ഭാരു മാത്തൂര്‍ ആണ് പരിക്കേറ്റ് ഗുരുതരാവസ്ഥയിലുള്ളത്.
മോഷ്ടാക്കളെന്ന് ആരോപിച്ചാണ് 20 പേരടങ്ങിയ സംഘം യുവാക്കളെ ആക്രമിച്ചത്. അംബാലി ഖജുരിയ ഗ്രാമത്തില്‍ നിന്നുള്ള ഇവര്‍ ആദിവാസി വിഭാഗത്തില്‍ പെട്ടവരാണ്. ഇരുവരും ഏതാനും ദിവസം മുമ്പാണ് ജയില്‍മോചിതരായത്. മോഷണം, കവര്‍ച്ച, വര്‍ഗീയ ലഹള എന്നീ കുറ്റങ്ങള്‍ക്കാണ് ഇരുവരും ജയിലിലായത്. പോലിസ് നൂറോളം ഗ്രാമവാസികള്‍ക്കെതിരേ ആള്‍ക്കൂട്ട കൊലപാതകത്തിനു കേസെടുത്തിട്ടുണ്ട്. സംഭവത്തില്‍ ഇതുവരെ അറസ്‌റ്റൊന്നും രേഖപ്പെടുത്തിയിട്ടില്ല.
അടുത്തിടെ രാജസ്ഥാനിലെ ആല്‍വാറില്‍ പശുക്കടത്ത് ആരോപിച്ച് ഒരാളെ ജനക്കൂട്ടം തല്ലിക്കൊന്നിരുന്നു. ഹരിയാന സ്വദേശിയായ റക്ബര്‍ ഖാന്‍ ആണ് കൊല്ലപ്പെട്ടത്. ഹരിയാനയിലെ തന്റെ ഗ്രാമമായ ഗോല്‍ഗന്‍വില്‍ നിന്നു രണ്ടു പശുക്കളുമായി രാംഗഡിലെ ലാവണ്ടി വില്ലേജിലേക്ക് വരുമ്പോഴാണ് ഒരു സംഘം ആളുകള്‍ തടഞ്ഞുനിര്‍ത്തി അടിച്ചുകൊന്നത്.

RELATED STORIES

Share it
Top