വീണ്ടും ആള്‍ക്കൂട്ട ആക്രമണം; ഗൂഗിള്‍ എന്‍ജിനീയര്‍ കൊല്ലപ്പെട്ടു

ബിദാര്‍: കര്‍ണാടകയില്‍ കുട്ടികളെ തട്ടിയെടുക്കാന്‍ എത്തിയവരെന്ന വ്യാജ വാട്‌സ്ആപ്പ് സന്ദേശത്തെ തുടര്‍ന്ന് യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു. മുര്‍ക്കി ഗ്രാമത്തില്‍ വെള്ളിയാഴ്ചയാണ് സംഭവം. ഗൂഗിളില്‍ എന്‍ജിനീയറായ മുഹമ്മദ് അസ്‌ലം അഹമ്മദ് (32) ആണ് കൊല്ലപ്പെട്ടത്.
ഹൈദരാബാദ് സ്വദേശികളായ നൂര്‍ മുഹമ്മദ്, മുഹമ്മദ് സല്‍മാന്‍ എന്നിവരും ഖത്തര്‍ സ്വദേശിയായ സല്‍ഹാം ഈദല്‍ കുബൈസിയുമാണ് അസ്‌ലത്തിനൊപ്പം ആക്രമണത്തിന് ഇരയായത്. അസ്‌ലം ഹൈദരാബാദിലെ മലക്കപേട്ട് സ്വദേശിയാണ്. യാത്രയ്ക്കിടെ വാഹനം ഗ്രാമത്തില്‍ നിര്‍ത്തിയപ്പോള്‍ കൂട്ടത്തിലൊരാള്‍ അടുത്തുണ്ടായിരുന്ന കുട്ടികള്‍ക്ക് ചോക്ക്‌ലേറ്റ് നല്‍കി. ഇതു കണ്ട ഗ്രാമവാസികളിലൊരാള്‍ കുട്ടികളെ മിഠായി നല്‍കി തട്ടിയെടുക്കുന്ന സംഘം ഗ്രാമത്തില്‍ എത്തിയെന്ന് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ സന്ദേശം അയച്ചു. നാലുപേരുടെയും ചിത്രവും സന്ദേശത്തിലുണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് ഗ്രാമവാസികള്‍ സംഘടിച്ചെത്തി ഇവരെ ആക്രമിക്കുകയായിരുന്നു.
കാറില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിച്ച യുവാക്കളെ ഒരുസംഘം ബൈക്കില്‍ പിന്തുടര്‍ന്നു. ഗ്രാമത്തില്‍ നിന്ന് ഇവര്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതായി യുവാക്കളുടെ ചിത്രമടക്കം നല്‍കി വാട്‌സ്ആപ്പിലൂടെ വീണ്ടും പ്രചാരണമുണ്ടായി. ഇതോടെ തൊട്ടടുത്ത ഗ്രാമത്തിലെ ആളുകള്‍ കല്ലും മരവും ഉപയോഗിച്ച് റോഡ്ഗതാഗതം തടഞ്ഞു. അമിതവേഗത്തിലായിരുന്ന കാര്‍ നിയന്ത്രണംവിട്ട് കുഴിയിലേക്ക് മറിഞ്ഞു. എന്നാല്‍, പിന്നാലെയെത്തിയ ഗ്രാമവാസികള്‍ ഇവരെ രക്ഷപ്പെടുത്തുന്നതിന് പകരം മര്‍ദിക്കുകയായിരുന്നു.
പോലിസ് സംഭവസ്ഥലത്ത് എത്തുമ്പോഴേക്കും മുഹമ്മദ് അസ്‌ലം മരിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ മറ്റുള്ളവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് സന്ദേശം കൈമാറിയ വാട്‌സ്ആപ്പ് ഗ്രൂപ്പിന്റെ 3 അഡ്മിന്‍മാരെയും 30ഓളം ഗ്രാമവാസികളെയും അറസ്റ്റ് ചെയ്തതായി പോലിസ് അറിയിച്ചുവെള്ളിയാഴ്ച രാവിലെയാണ് സംഘം ബിദാറിലെത്തുന്നത്. ബന്ധുവിനെ കാണാനും പ്രദേശത്ത് ഒരു പരിപാടിയില്‍ പങ്കെടുക്കാനുമാണ് സംഘം സ്ഥലത്തെത്തിയത്.

RELATED STORIES

Share it
Top