വീണ്ടും അവാര്‍ഡ് നേട്ടത്തില്‍ മുഹമ്മദ് സലാഹ്; ഫുട്‌ബോള്‍ റൈറ്റേഴ്‌സിന്റെ മികച്ച താരത്തിനുള്ള പുരസ്‌കാരംലണ്ടന്‍: ഈ സീസണില്‍ മിന്നും പ്രകടനം പുറത്തെടുക്കുന്ന ലിവര്‍പൂളിന്റെ ഈജിപ്യന്‍ സ്‌ട്രൈക്കര്‍ മുഹമ്മദ് സലാഹിനെത്തേടി വീണ്ടും അവാര്‍ഡ്. ഫുട്‌ബോള്‍ റൈറ്റേഴ്‌സ് അസോസിയേഷന്റെ മികച്ച താരത്തിനുള്ള പുരസ്‌കാരമാണ് സലാഹ് സ്വന്തമാക്കിയത്. മാഞ്ചസ്റ്റര്‍ സിറ്റിയുടെ കെവിന്‍ ഡി ബ്രൂയിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയായിരുന്നു സലാഹിന്റെ പുരസ്‌കാര നേട്ടം. ടോട്ടന്‍ഹാമിന്റെ ഇംഗ്ലീഷ് താരം ഹാരി കെയ്‌നാണ് മൂന്നാം സ്ഥാനം. കഴിഞ്ഞ ദിവസം പിഎഫ്‌യുടെ മികച്ച താരത്തിനുള്ള പുരസ്‌കാരവും സലാഹ് സ്വന്തമാക്കിയിരുന്നു. ആഫ്രിക്കയില്‍ നിന്ന് ഫുട്‌ബോള്‍ റൈറ്റേഴ്‌സ് അവാര്‍ഡ് നേടുന്ന ആദ്യ താരമാണ് മുഹമ്മദ് സലാഹ്. ഈ അവാര്‍ഡ് നേടുന്ന മൂന്നാമത്തെ താരമാണ് സലാഹ്. 2009ല്‍ ജെറാഡും 2014ല്‍ ലൂയിസ് സുവാരസും ലിവര്‍പൂള്‍ ജഴ്‌സിയില്‍ ഫുട്‌ബോള്‍ റൈറ്റേഴ്‌സ് അവാര്‍ഡ് സ്വന്തമാക്കിയിരുന്നു.
ഈ സീസണിന്റെ തുടക്കത്തില്‍ എസി റോമയില്‍ നിന്ന് ലിവര്‍പൂളിലേക്കെത്തിയ സലാഹ് പ്രീമിയര്‍ ലീഗില്‍ 34 മല്‍സരങ്ങളില്‍ നിന്ന് 31 ഗോളുകളാണ് സ്വന്തമാക്കിയത്. ഈ സീസണില്‍ ഇതുവരെ 43 ഗോളുകളും സലാഹ് സ്വന്തമാക്കിയിട്ടുണ്ട്. ഇത്തവണ ബാലന്‍ദ്യോര്‍ പുരസ്‌കാരത്തിന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കും മെസ്സിക്കും കടുത്ത വെല്ലുവിളി ഉയര്‍ത്തുന്ന പ്രകടനമാണ് സലാഹ് പുറത്തെടുക്കുന്നത്.

RELATED STORIES

Share it
Top