വീട് വൃത്തിയാക്കുന്നതിനിടെ ഷോക്കേറ്റ് മരിച്ച ഇബ്രാഹീമിന്റെ കുടുംബത്തിനു വീടൊരുങ്ങുന്നു

മലപ്പുറം: പ്രളയത്തിനുശേഷം വീട് വൃത്തിയാക്കുന്നതിനിടെ ഷോക്കേറ്റ് മരിച്ച ഇബ്രാഹീമിന്റെ കുടുംബത്തിന് കേരള സംസ്ഥാന ചെങ്കല്‍ ഉല്‍പാദക ഉടമസ്ഥ ക്ഷേമസംഘം വീട് നിര്‍മിച്ചുനല്‍കും. വര്‍ഷങ്ങളായി ചെങ്കല്‍ ലോറി ഡ്രൈവറായിരുന്നു നിലമ്പൂര്‍ ചെമ്പന്‍കൊല്ലി കാടാമ്പുഴ മാടമ്പത്ത് ഇബ്രാഹീം. പ്രളയത്തില്‍ ഇദ്ദേഹത്തിന്റെ വീട്ടില്‍ മണ്ണും ചളിയും അടിഞ്ഞുകയറി. പ്രളയജലം ഇറങ്ങിയശേഷം ശുചിമുറിയിലേക്ക് ബള്‍ബ് ഇടാന്‍ വയര്‍ വലിക്കുമ്പോള്‍ ഷോക്കേറ്റ് മരിക്കുകയായിരുന്നു. നാല് പെണ്‍കുട്ടികളാണ് ഇബ്രാഹീമിനുള്ളത്.
ഇദ്ദേഹത്തിന്റെ വലിയ സ്വപ്‌നമായിരുന്നു മഴ നനയാത്ത തലചായ്ക്കാന്‍ ഒരു വീട്. ആ സ്വപ്‌നം പൂര്‍ത്തീകരിക്കാനാവാതെയാണ് ഇബ്രാഹീം മരിച്ചത്. ഈ സാഹചര്യത്തിലാണ് കുടുംബത്തിന് കൈത്താങ്ങുമായി കേരള സംസ്ഥാന ചെങ്കല്‍ ഉല്‍പാദക ഉടമസ്ഥ ക്ഷേമസംഘം ജില്ലാ കമ്മിറ്റി എത്തുന്നത്. 10 ലക്ഷം രൂപ ചെലവിലാണ് വീട് നിര്‍മിക്കുക. നാട്ടുകാര്‍ സമാഹരിച്ച തുക കൊണ്ടാണ് നാലുസെന്റ് ഭൂമി വാങ്ങിയത്. ഒരുസെന്റ് ഭൂമി ഒരാള്‍ സൗജന്യമായും നല്‍കി. വീടിന്റെ കുറ്റിയടിക്കല്‍ കഴിഞ്ഞ വെള്ളിയാഴ്ച നടന്നു. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് അബു താഹിര്‍, സെക്രട്ടറി ഇരിയക്കളത്തില്‍ അബ്ദു, ഖജാഞ്ചി അയ്യൂബ് എടയൂര്‍, ഷിഹാബ് പൂഴിത്തറ പങ്കെടുത്തു.

RELATED STORIES

Share it
Top