വീട് വാടകയ്‌ക്കെടുത്ത് കഞ്ചാവ് വിപണനം നടത്തിയിരുന്ന യുവാക്കള്‍ പിടിയില്‍

കുന്നംകുളം: കാണിപ്പയ്യൂര്‍ പഴയ തൃശൂര്‍ റോഡ് വഴിയില്‍ വീട് വാടകക്കെടുത്ത് കഞ്ചാവ് വിപണനം നടത്തിയിരുന്ന യുവാക്കള്‍ പോലിസ് പിടിയില്‍. മൂന്ന് കിലോ കഞ്ചാവും ഇവരില്‍ നിന്നും പിടിച്ചെടുത്തു. ചൂണ്ടല്‍ സ്രാമ്പിക്കല്‍ വീട്ടില്‍ രഞ്ജിത് (31), ചൊവ്വല്ലൂര്‍ രാമനത്ത് വീട്ടില്‍ അഫ്‌സല്‍ (23), മുല്ലശ്ശേരി പാടൂര്‍ വെട്ടിക്കല്‍ വീട്ടില്‍ വിബിന്‍ (28) എന്നിവരെയാണ് കുന്നംകുളം സിഐ കെ ജി സുരേഷ്, എസ്‌ഐ ഷാജഹാന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലിസ് സംഘം പിടികൂടിയത്. കഴിഞ്ഞ ദിവസം രാത്രി ഇവര്‍ താമസിച്ചിരുന്ന വീട്ടില്‍ നിന്നുമാണ് ഇവരെ പിടികൂടിയത്. പോലിസ് എത്തുമ്പോള്‍ ഇവര്‍ കഞ്ചാവ് ചെറിയ പേക്കറ്റുകളില്‍ നിറക്കുന്ന ജോലിയിലായിരുന്നു. കുന്നംകുളത്തെയും സമീപത്തേയും കോളജുകളിലും മറ്റും ഇവര്‍ സ്ഥിരമായി കഞ്ചാവ് വിതരണം ചെയ്യുന്നതായും വിവരം ലഭിച്ചിട്ടുണ്ട്. കുന്നംകുളം തഹസില്‍ദാര്‍ ബ്രീജാകുമാരി സ്ഥലത്തെത്തിയാണ് തൊണ്ടിമുതല്‍ സീല്‍ ചെയ്ത് കസ്റ്റഡിയിലെടുത്തത്.ആന്ധ്രയില്‍ നിന്നും കൊണ്ട് വന്ന നീലച്ചടയന്‍ ഇനത്തില്‍പ്പെട്ട കഞ്ചാവാണ് പിടിച്ചെടുത്തത്. കൂടുതല്‍ അന്വേഷണം തുടരുകയാണെന്ന് സിഐ  കെ ജി സുരേഷ് പറഞ്ഞു. അഡീ.എസ് ഐ മാരായ സന്തോഷ്, ജയപ്രദീപ്, സിവില്‍ പോലീസുകാരായ ആരിഫ്, ആശിശ് ,സുമേഷ് എന്നിവരും പ്രതികളെ അറസ്റ്റ് ചെയ്യുന്ന സംഘത്തില്‍ ഉണ്ടായിരുന്നു.

RELATED STORIES

Share it
Top