വീട് കുത്തിത്തുറന്ന് മോഷണം: ദമ്പതികളും സുഹൃത്തും അറസ്റ്റില്‍

തൃപ്രയാര്‍: എടമുട്ടത്ത് ആള്‍താമസമില്ലാത്ത വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ സംഭവത്തില്‍ ദമ്പതികളും സുഹൃത്തും അറസ്റ്റിലായി. കണ്ണൂര്‍ പയ്യന്നൂര്‍ പെരിങ്ങോം സ്വദേശി ചെവിടികുന്നില്‍ റാഷിദ്, ഭാര്യ എടമുട്ടം സ്വദേശി കൊട്ടുക്കള്‍ രശ്മി, റാഷിദിന്റെ സുഹൃത്ത് കോഴിക്കോട് വടകര ഓര്‍ക്കാട്ടയില്‍ സ്വദേശി അനീഷ് ബാബു എന്നിവരാണ് അറസ്റ്റിലായത്.
എടമുട്ടം സ്വദേശി വാഴൂര്‍ ദിലീപ്കുമാറിന്റെ ഇരുനിലവീട് കുത്തിത്തുറന്ന് മോഷണം നടത്തിയ സംഭവത്തിലാണ് അറസ്റ്റ്. ദിലീപ്കുമാറും കുടുംബവും ഓസ്‌ട്രേലിയയിലേക്ക് പോയ സമയത്താണ് മോഷണം നടന്നത്.
ഇലക്ട്രിക് സ്‌കൂട്ടര്‍, ഐപാഡ്, വിലകൂടിയ മൊബൈല്‍ഫോണ്‍, ലാപ്‌ടോപ് എന്നിവ പ്രതികള്‍ കവര്‍ന്നു. മുറ്റത്ത് നിര്‍ത്തിയിട്ട ആഡംബര കാര്‍ ഉപയോഗിക്കാന്‍ വശമില്ലാത്തതിനാല്‍ ശ്രമം ഉപേക്ഷിച്ചാണ് പ്രതികള്‍ രക്ഷപ്പെട്ടത്. ഔട്ട്ഹൗസിലെ ജീവനക്കാരിയായ സ്ത്രീയുടെ മകളാണ് അറസ്റ്റിലായ രശ്മി. അമ്മയില്‍ നിന്ന് വിവരം അറിഞ്ഞ് മകളും കൂട്ടുപ്രതികളും ചേര്‍ന്നാണ് മോഷണം ആസൂത്രണം ചെയ്തത്.
സംഭവത്തില്‍ അമ്മ നിരപരാധിയാണെന്ന് പോലിസ് കണ്ടെത്തി. പ്രതികളില്‍ നിന്ന് പോലിസ് തെളിവെടുപ്പ് നടത്തി. വലപ്പാട് എസ്എച്ച്ഒ ടി കെ ഷൈജു, എസ്‌ഐഇ ആര്‍ ബൈജു എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.

RELATED STORIES

Share it
Top