വീട്ടുവേലക്കാരുടെ അവകാശങ്ങള്‍ : കരട് നിയമം ശൂറ കൗണ്‍സില്‍ ചര്‍ച്ച ചെയ്തുദോഹ: വീട്ടു വേലക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള കരട് നിയമം ശൂറ കൗണ്‍സില്‍ ചര്‍ച്ച ചെയ്തു. വീടുകളില്‍  ജോലിചെയ്യുന്നവര്‍ക്ക് വാരാന്ത്യ അവധി, പ്രതിദിനം 10 മണിക്കൂര്‍ തൊഴില്‍സമയം എന്നിവ ഉറപ്പാക്കുന്നതാണ് പുതിയ നിയമം. തൊഴില്‍ നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടാതിരുന്ന വീട്ടു ഡ്രൈവര്‍മാര്‍, ആയമാര്‍, പാചകക്കാര്‍, പൂന്തോട്ട ജോലിക്കാര്‍, സമാനമായ ജോലി ചെയ്യുന്നവര്‍ തുടങ്ങിയവര്‍ക്കു തൊഴില്‍ വ്യവസ്ഥകളും അവകാശങ്ങളും നിര്‍ബന്ധമാക്കുന്ന പുതിയ കരട് നിയമത്തിന് നേരത്തെ മന്ത്രിസഭായോഗം അംഗീകാരം നല്‍കിയിരുന്നു. നിര്‍ദ്ദിഷ്ടനിയമത്തില്‍ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ജോലി സമയത്ത് വിശ്രമത്തിന് സമയം അനുവദിക്കണമെന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ട്. എന്നാല്‍, ഈ വിശ്രമസമയം തൊഴില്‍മണിക്കൂറിന്റെ ഭാഗമാക്കരുത്. വാരാന്ത്യ അവധി ലഭിക്കാന്‍ തൊഴിലാളിക്ക് അവകാശമുണ്ട്്. 24 മണിക്കൂറില്‍ കുറയാത്തവിധത്തിലായിരിക്കണം വാരാന്ത്യ അവധി നല്‍കേണ്ടത്. കരാര്‍ പ്രകാരമായിരിക്കണം വാരാന്ത്യഅവധി ദിനം തീരുമാനിക്കേണ്ടത്. തിങ്കളാഴ്ച ചേര്‍ന്ന ശൂറ കൗണ്‍സില്‍ കരട് നിയമം വിശദമായി ചര്‍ച്ച ചെയ്തു. സേവനകാലാവധി അവസാനിക്കല്‍, പ്രതിമാസ വേതനം, തൊഴില്‍ മണിക്കൂറുകള്‍ എന്നിവയുമായി ബന്ധപ്പെട്ട കരട് നിയമത്തിലെ വ്യവസ്ഥകളിന്‍മേലാണ് ഗൗരവതരമായ ചര്‍ച്ച നടന്നതെന്ന് പ്രാദേശിക അറബിപത്രം അല്‍ ശര്‍ഖ് റിപ്പോര്‍ട്ട് ചെയ്തു. മനുഷ്യവിഭവശേഷി നിയമപ്രകാരം സേവനകാലാവധി അവസാനിക്കല്‍ പത്തുവര്‍ഷത്തില്‍ കൂടുതലാകരുതെന്ന് കൗണ്‍സിലിന്റെ സര്‍വീസ് കമ്മിറ്റി ചൂണ്ടിക്കാട്ടി. ഗാര്‍ഹിക തൊഴിലാളികളുടെ സേവനകാലാവധി അവസാനിക്കുന്നതുമായി ബന്ധപ്പെട്ട ആനുകൂല്യം പ്രതിവര്‍ഷം മൂന്നാഴ്ച്ചത്തെ വേതനത്തെക്കാള്‍ കുറയാന്‍ പാടില്ലെന്നും ചൂണ്ടിക്കാട്ടി. തൊഴില്‍ ദാതാക്കളുടെ സൗകര്യാര്‍ഥം സേവനകാലാവധി അവസാനിക്കല്‍ സമയം പത്തുവര്‍ഷത്തില്‍ നിന്ന് അഞ്ചുവര്‍ഷമായി കുറയ്ക്കണമെന്ന് ഉപദേശക കൗണ്‍സിലിലെ ഒരംഗം സര്‍വീസ്‌കമ്മിറ്റിയോടു ശുപാര്‍ശ ചെയ്തു. ഗാര്‍ഹിക തൊഴിലാളികള്‍ക്ക് അവധി അനുവദിക്കുന്നതിലെ ആശങ്കകളും കൗണ്‍സില്‍ അംഗങ്ങള്‍ പങ്കുവച്ചു. രണ്ടു കൂട്ടരുടെയും അവകാശങ്ങള്‍ സംരക്ഷിക്കുന്ന വിധത്തില്‍ തുല്യത വരുത്താന്‍ സര്‍വീസ് കമ്മിറ്റിയോട് ആവശ്യപ്പെട്ടു. കരടുനിയമവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ അടുത്ത സെഷനില്‍ പൂര്‍ത്തീകരിക്കാനും തീരുമാനിച്ചു. നിര്‍ദ്ദിഷ്ടനിയമപ്രകാരം തൊഴില്‍ദാതാക്കള്‍ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് പ്രതിമാസ വേതനം എല്ലാ മാസവും അവസാനം നല്‍കിയിരിക്കണം. വേതനം നല്‍കുന്നതിലെ പരമാവധി കാലതാമസം അടുത്ത മാസം ആദ്യ മൂന്നു ദിനങ്ങള്‍ക്കപ്പുറം പോകാന്‍ പാടില്ല. വേതനം ഗാര്‍ഹിക തൊഴിലാളിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറ്റം ചെയ്യപ്പെടുകയോ വേതനം കൈപ്പറ്റിയെന്ന തൊഴിലാളിയുടെ കൈയൊപ്പ് വാങ്ങിയശേഷം പണം കൈമാറുകയോ ചെയ്താലല്ലാതെ വേതനം നല്‍കിയതായി പരിഗണിക്കുകയില്ല. ഈ രണ്ടുമാര്‍ഗങ്ങളിലുമല്ലാതെ വേതനം നല്‍കുന്നത് സാധുവല്ല. തൊഴിലാളിയുടെ റിക്രൂട്ട്‌മെന്റിനായോ മറ്റോ ചെലവഴിച്ച തുക തൊഴിലാളിയുടെ വേതനത്തില്‍നിന്ന് ഈടാക്കരുതെന്ന് തൊഴിലുടമകള്‍ക്ക് നിയമം നിര്‍ദേശം നല്‍കുന്നു. ഗാര്‍ഹിക തൊഴിലാളിക്ക് വേതനത്തോടുകൂടി മൂന്നാഴ്ചത്തെ വാര്‍ഷികാവധിക്ക് അര്‍ഹതയുണ്ട്. അവധിസമയം തിരഞ്ഞെടുക്കുന്നതിനും അവര്‍ക്ക് അവകാശമുണ്ട്. ഓരോ രണ്ടുവര്‍ഷം കൂടുമ്പോഴും നാട്ടിലേക്കു പോയി തിരിച്ചുവരുന്നതിന് റിട്ടേണ്‍ ടിക്കറ്റിനും അര്‍ഹതയുണ്ട്. ജോലി അവസാനിപ്പിച്ച് മടങ്ങുകയാണെങ്കില്‍ മടങ്ങിപ്പോകുന്നതിനുള്ള ടിക്കറ്റും നല്‍കണം. ഗാര്‍ഹിക തൊഴിലാളിയുടെ സമ്മതം കൂടാതെ തൊഴിലുടമ അവരെ രാജ്യത്തിനു പുറത്തേക്ക് കൊണ്ടുപോകരുത്. അതിനുവിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ തങ്ങളുടെ തൊഴില്‍കരാര്‍ റദ്ദാക്കാന്‍ ഗാര്‍ഹിക തൊഴിലാളിക്ക് അവകാശമുണ്ടായിരിക്കും. അത്തരം കേസുകളില്‍  സേവനകാലാവധിയുടെ പൂര്‍ണ ആനുകൂല്യങ്ങള്‍ക്കും എയര്‍ടിക്കറ്റിനും തൊഴിലാളിക്ക് അവകാശമുണ്ടായിരിക്കും. തൊഴിലുടമകള്‍ക്കുവേണ്ടി ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് മാന്‍പവര്‍ ഏജന്‍സികള്‍ക്ക് കരട് നിയമം അനുമതി നല്‍കുന്നുണ്ട്. ഇതിനായി ബന്ധപ്പെട്ട അതോറിറ്റികളില്‍ നിന്ന് അനുമതി തേടിയിരിക്കണം. പതിനെട്ട് വയസില്‍ താഴെയുള്ളവരെയോ അറുപത് വയസിനുമുകളില്‍ പ്രായമുള്ളവരെയോ റിക്രൂട്ട് ചെയ്യുന്നതിന് വിലക്കുണ്ട്. നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിക്കുന്ന മാന്‍പവര്‍ ഏജന്‍സികള്‍ക്കും ഗാര്‍ഹിക തൊഴിലാളികളെ അവരുടെ സമ്മതമില്ലാതെ രാജ്യത്തിനു പുറത്തേക്കു കൊണ്ടുപോകുന്നവര്‍ക്കും  പ്രതിദിനം പത്തുമണിക്കൂറിലധികം തൊഴിലെടുപ്പിക്കുന്നവര്‍ക്കും 5000 റിയാല്‍ വരെ പിഴയും കരട് നിയമം വ്യവസ്ഥ ചെയ്യുന്നു.

RELATED STORIES

Share it
Top