വീട്ടുമുറ്റത്തു നിന്ന് തുടക്കം; അയ്യപ്പന്‍കുട്ടി ഒരുക്കിയത് 200ല്‍ ഏറെ കിണറുകള്‍

ചാലക്കുടി: 1995 കാലഘട്ടത്തില്‍ വെള്ളാഞ്ചിറ പ്രദേശത്ത് രൂക്ഷമായ ജലക്ഷാമം അനുഭവപ്പെട്ടു. പുലര്‍ച്ചെ വരെ ഉറക്കംമൊളിച്ചിരുന്ന് ലോറിയിലെത്തുന്ന വെള്ളം ശേഖരിക്കുന്നവരില്‍ അയ്യപ്പന്‍കുട്ടിയും ഉണ്ടായിരുന്നു. രാത്രി മുഴുവന്‍ ഉറക്കമൊളിച്ച് പകല്‍ പണിക്ക് പോവുക ദുഷ്‌കരം പിടിച്ച കാര്യമാണ്. ഇതിനൊരു പരിഹാരം കാണാനായി അയ്യപ്പന്‍കുട്ടി വീട്ടുമുറ്റത്ത് കിണര്‍ നിര്‍മ്മാണം ആരംഭിച്ചു.
വീട്ടുകാരുടെ സഹായത്തോടെ 26ദിവസം കൊണ്ട് 24കോല്‍ താഴ്ചയിലെത്തിയപ്പോള്‍ കിണറ്റില്‍ സുലഭമായി വെള്ളം കണ്ടു. അങ്ങനെ വെള്ളാഞ്ചിറ പുഷ്പത്ത് വീട്ടില്‍ അയ്യപ്പന്‍കുട്ടി കിണര്‍ പണിക്കാരനായി മാറി. അയ്യപ്പന്‍കുട്ടിക്ക് ഇപ്പോള്‍ വയസ്സ് അമ്പത്തിനാല്. ഇക്കാലയളവില്‍ അയ്യപ്പന്‍കുട്ടി കുഴിച്ച കിണറുകളുടെ എണ്ണം ഇരുന്നൂറ്റിയമ്പത് കവിയും. വെള്ളാഞ്ചിറ പുഷ്പ്പത്ത് വീട്ടില്‍ അയ്യപ്പന്‍കുട്ടിയാണ് കഴിഞ്ഞ ഇരുപത്തിമൂന്ന് വര്‍ഷത്തിനുള്ളില്‍ ഇരുന്നൂറ്റിയമ്പതില്‍പരം കിണറുകള്‍ കുഴിച്ചത്. ഓരോ വര്‍ഷവും പതിനൊന്നോളം കിണറുകളാണ് അയ്യപ്പന്‍കുട്ടി കുഴിക്കുന്നത്. എന്നാല്‍ ഇക്കൊല്ലം കിണറുകളുടെ എണ്ണം പതിമൂന്ന് കഴിഞ്ഞു. മാര്‍ച്ച് മാസം മുതല്‍ മെയ് വരെയുള്ള സമയത്താണ് കിണര്‍ നിര്‍മ്മാണം.
കറുകുറ്റി, കൊടുങ്ങല്ലൂര്‍, കരുവന്നൂര്‍, മാള, പുത്തന്‍ചിറ എന്നിവിടങ്ങളിലും അയ്യപ്പന്‍കുട്ടി കിണര്‍ നിര്‍മ്മിച്ചിട്ടുണ്ട്. വെള്ളാഞ്ചിറ പ്രദേശത്ത് 42അടിയോളം താഴ്ചയെത്തിയാല്‍ വെള്ളം കാണും. പാറപൊട്ടിക്കലാണ് ദുഷ്‌കരം പിടിച്ച പണി. ഒരു കിണര്‍ നിര്‍മ്മിക്കാന്‍ ഏകദേശം ഒരു ലക്ഷത്തോളം രൂപയാണ് ചിവല് വരിക. ഇക്കാലത്തിനുള്ളില്‍ ഇതുവരേയും ഒരപകടം പോലും ഉണ്ടായിട്ടില്ല. കിണര്‍ നിര്‍മ്മാണത്തിന് പുറമെ കിണറിന് സ്ഥാനം നോക്കാനും അയ്യപ്പന്‍കുട്ടിയെ തേടി നിരവധി പേരാണെത്തുന്നത്.

RELATED STORIES

Share it
Top