വീട്ടുകാര്‍ ഉറങ്ങിക്കിടക്കവെ 15 പവനും പണവും മോഷ്ടിച്ചു

നിലമ്പൂര്‍: വീട്ടുകാരെല്ലാം ഉറങ്ങിക്കിടക്കവെ അലമാരയില്‍ സൂക്ഷിച്ചിരുന്ന 15 പവന്‍ സ്വര്‍ണാഭരണങ്ങളും അയ്യായിരത്തിലേറെ രൂപയും മോഷ്ടിച്ചു. നിലമ്പൂര്‍ മുതുകാട് ആലക്കല്‍കുന്നേല്‍ ജോണ്‍സന്റെ വീട്ടിലാണ് തിങ്കളാഴ്ച രാത്രി മോഷ്ടാക്കള്‍ കയറിയത്. ഹാളില്‍നിന്ന് പ്രവേശിക്കാവുന്ന മൂന്ന് കിടപ്പുമുറികളില്‍ രണ്ടെണ്ണത്തില്‍ കള്ളന്‍ കയറി. രണ്ടില്‍ നിന്നും പണവും സ്വര്‍ണവും മോഷ്ടിച്ചു. ജോണ്‍സണും ഭാര്യ പുഷ്പമ്മയും കിടന്നിരുന്ന മുറിയിലെ അലമാരയില്‍നിന്ന് മൂന്നു ചെറിയ പെട്ടികളിലായി സൂക്ഷിച്ചിരുന്ന സ്വര്‍ണം മോഷണം പോയി. അലമാരയുടെ ഒരു വാതില്‍ മാത്രമാണ് തുറന്നത്. അലമാരയില്‍ കൂടുതല്‍ സ്വര്‍ണവും പണവും ഉണ്ടായിരുന്നെങ്കിലും നഷ്ടപ്പെട്ടിട്ടില്ല. അടുത്ത മുറിയില്‍ മകള്‍ മാത്രമാണ് കിടന്നിരുന്നത്. അതില്‍നിന്ന് ഒരു പഴ്‌സും അതിലുള്ള പണവും എടുത്തു. ജോണ്‍സന്റെ അമ്മയും മറ്റൊരു മകളും കിടന്നിരുന്ന മൂന്നാമത്തെ മുറിയില്‍ കള്ളന്‍ കയറിയിട്ടില്ല.
രാവിലെ ആറിന് മുന്‍പേ എണീറ്റ പുഷ്പമ്മ സ്വര്‍ണം വച്ചിരുന്ന ചെറിയ പെട്ടികളും മുക്കുപണ്ടവും അടുക്കളയില്‍ അലക്ഷ്യമായി കിടക്കുന്നത് കണ്ടപ്പോഴാണ് കൂടുതല്‍ ശ്രദ്ധിച്ചത്. വീട്ടിലുണ്ടായിരുന്ന പഴവും മോഷ്ടാക്കള്‍ കഴിച്ചിട്ടുണ്ട്. തുടര്‍ന്ന് മുറിക്കുള്ളില്‍ നോക്കിയപ്പോള്‍ അലമാരയില്‍ സ്വര്‍ണം കണ്ടില്ല. മുന്‍വശത്തെ വാതില്‍ പുറത്തുനിന്ന് ഓടാമ്പല്‍ വലിച്ചിട്ടതായി കണ്ടു. പൂട്ട് തകര്‍ക്കുകയോ വാതില്‍ പൊളിക്കുകയോ ചെയ്തിട്ടില്ല. പിറകില്‍ അടുക്കള ഭാഗത്തെ വാതില്‍ രാത്രിയില്‍ താഴിട്ടുപൂട്ടിയ നിലയില്‍ത്തന്നെയായിരുന്നു. മുകളില്‍ ടെറസിലേയ്ക്കുപോവുന്നിടത്തെ വാതിലിന് പൂട്ടുണ്ടായിരുന്നില്ല. മോഷ്ടാവ് അതിലൂടെയാണോ ഉള്ളില്‍ പ്രവേശിച്ചതെന്ന് വ്യക്തമല്ല.  മംഗലാപുരത്ത് സ്ഥലമുള്ളതിനാല്‍ ജോണ്‍സണ്‍ സ്ഥിരമായി വീട്ടിലുണ്ടാവാറില്ല. എന്നാല്‍, കഴിഞ്ഞ ദിവസം വീട്ടിലുണ്ടായിരുന്നു. രാത്രി പത്തരയോടെയാണ് ഇവര്‍ ഉറങ്ങാന്‍ കിടന്നത്. മക്കള്‍ പതിനൊന്നോടെയാണ് കിടന്നത്. അസാധാരണമായ ശബ്ദങ്ങളൊന്നും കേട്ടില്ലെന്ന് ഇവര്‍ പറഞ്ഞു. നിലമ്പൂര്‍ സിഐ കെ എം ബിജു, എസ്‌ഐ ബിനു തോമസ് എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.

RELATED STORIES

Share it
Top