വീട്ടുകാരെ കെട്ടിയിട്ട് കവര്‍ച്ച, പിടിയിലാവാനുള്ളവര്‍ ബംഗ്ലാദേശിലേക്ക് കടന്നതായി വിവരം

കൊച്ചി: എറണാകുളത്തും തൃപ്പൂണിത്തുറയിലും മോഷണം നടത്തിയത് ബംഗ്ലാദേശ് സംഘം. മോഷണം നടത്താന്‍ ഇവര്‍ക്ക് പ്രാദേശിക സഹായം കിട്ടിയതായും സൂചന. ആക്രി പെറുക്കാന്‍ എന്ന വ്യാജേന നിരീക്ഷണം നടത്തിയവരാണ് ഇവരെ സഹായിച്ചതെന്നാണ് പോലിസിനു കിട്ടിയിരിക്കുന്ന വിവരം.
എറണാകുളം പുല്ലേപ്പടിയിലും തൃപ്പൂണിത്തുറയിലും വീടിന്റെ ജനാലകള്‍ തകര്‍ത്ത് മോഷണം നടത്തിയ സംഘത്തിലെ മൂന്നു പേരെയാണ് ബുധനാഴ്ച ഡല്‍ഹിയില്‍ നിന്ന് പോലിസ് പിടികൂടിയത്. 12 പേരടങ്ങിയ സംഘമാണ് കവര്‍ച്ചാസംഘത്തില്‍ ഉണ്ടായിരുന്നത്. ബാക്കിയുള്ളവര്‍ മുര്‍ഷിദാബാദ് വഴി ബംഗ്ലാദേശിലേക്ക് കടന്നതായാണ് വിവരം. ഇവരെ പിടികൂടുന്നതിന് ഇന്റര്‍പോള്‍ ഉള്‍പ്പെടെയുള്ള ഏജന്‍സികളുടെ സഹായം തേടാന്‍ പോലിസ് നടപടി ആരംഭിച്ചു. ബംഗ്ലാദേശില്‍ നിന്നു വര്‍ഷങ്ങള്‍ക്കു മുമ്പ് ഡല്‍ഹിയിലെത്തി താമസമുറപ്പിച്ച മോഷണസംഘമാണിവര്‍.
പിടിയിലായ അര്‍ഷദ്, റോണി, ഷെഹ്‌സാദ് എന്നിവരും ബംഗ്ലാദേശില്‍ നിന്നു ഡല്‍ഹിയിലെത്തിയവരാണെന്നാണ് സൂചന. നിരവധി കവര്‍ച്ചാക്കേസുകളുടെ തുമ്പ് അറസ്റ്റിലായവരില്‍ നിന്നു ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ കേരളത്തില്‍ ഇത്തരത്തില്‍ റെയില്‍വേ ട്രാക്കിനോട് ചേര്‍ന്നുള്ള വീടുകളില്‍ നടന്ന മോഷണത്തിന്റെ ചരിത്രവും പോലിസ് പരിശോധിക്കുന്നുണ്ട്. ബംഗ്ലാദേശില്‍ നിന്ന് ബംഗാളിലെത്തി വ്യാജ തിരിച്ചറിയല്‍ കാര്‍ഡുണ്ടാക്കിയ സംഘം പിന്നീട് പല സംസ്ഥാനങ്ങളിലായി തിരിഞ്ഞു കവര്‍ച്ച നടത്തുകയായിരുന്നു. തമിഴ്‌നാട്ടില്‍ നിന്നുള്ള സംഘവുമായും ഇവര്‍ക്ക് ബന്ധമുള്ളതായും വിവരമുണ്ട്.
റെയില്‍വേ ട്രാക്കിനോട് അടുത്ത വീടുകളാണ് ഇവര്‍ മോഷണത്തിനായി തിരഞ്ഞെടുത്തിരുന്നത്. കവര്‍ച്ചയ്ക്കു മുമ്പ് സെക്കന്‍ഡ് ഷോ സിനിമയ്ക്ക് കയറുന്ന സംഘം കവര്‍ച്ചയ്ക്കു ശേഷം തീവണ്ടി മാര്‍ഗം രക്ഷപ്പെടുകയാണ് പതിവ്. കൂട്ടംകൂടി തൊഴില്‍ അന്വേഷിക്കുന്ന തൊഴിലാളികളെന്ന വ്യാജേനയാണ് സംഘത്തിന്റെ നടപ്പ്. മോഷണസംഘത്തിലുണ്ടായിരുന്ന മുഴുവന്‍ പ്രതികളെയും തിരിച്ചറിഞ്ഞതായി പോലിസ് പറഞ്ഞു. അറസ്റ്റിലായ  മൂന്നു പ്രതികളെ കൊച്ചിയിലെത്തിച്ച് തിരിച്ചറിയല്‍ പരേഡ് നടത്തും.

RELATED STORIES

Share it
Top