വീട്ടുകാരെ കെട്ടിയിട്ട് കവര്‍ച്ച: മൂന്നു പ്രതികള്‍ ഡല്‍ഹിയില്‍ പിടിയില്‍

കൊച്ചി: തൃപ്പൂണിത്തുറയിലും എറണാകുളത്തും വീട്ടുകാരെ കെട്ടിയിട്ട് കവര്‍ച്ച നടത്തിയ പതിനൊന്നംഗ സംഘത്തിലെ മൂന്നുപേര്‍ പിടിയില്‍. അര്‍ഷദ്, റോണി, ഷെഹ്ഷാദ് എന്നിവരാണ് പിടിയിലായതെന്നു പോലിസ് അറിയിച്ചു. കേരള പോലിസിന്റെയും ഡല്‍ഹി പോലിസിന്റെയും സംയുക്ത ഓപറേഷനിലാണ് ഇവര്‍ പിടിയിലായത്. കവര്‍ച്ച ചെയ്ത ആഭരണങ്ങള്‍ ഇവരില്‍നിന്നു കണ്ടെടുത്തു. മൂവരെയും ഡല്‍ഹി കോടതിയില്‍ ഹാജരാക്കി കേരളത്തിലേക്ക് കൊണ്ടുവരുന്നതിനുള്ള വാറണ്ട് വാങ്ങി. ഇവരെ 14ന് കേരളത്തിലെത്തിക്കും.
അര്‍ഷദാണ് സംഘത്തിന്റെ തലവന്‍. അര്‍ഷദിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് മറ്റ് രണ്ടുപേരെയും അറസ്റ്റ് ചെയ്തത്. ഇനി എട്ടുപേര്‍ കൂടി പിടിയിലാവാനുണ്ട്. അറസ്റ്റിലായവരി ല്‍ ഷെഹ്ഷാദ് ബംഗ്ലാദേശ് സ്വദേശിയാണെന്നും പോലിസ് പറഞ്ഞു. മറ്റ് രണ്ടുപേര്‍ ഡല്‍ഹി സ്വദേശികളുമാണ്. പള്ളുരുത്തി സിഐ കെ ജി അനീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഡല്‍ഹിയില്‍ നിന്ന് പ്രതികളെ പിടികൂടിയത്്.
ഡിസംബര്‍ 15, 16 തിയ്യതികളിലാണ് എറണാകുളത്തും തൃപ്പൂണിത്തുറയിലും വീട്ടുകാരെ കെട്ടിയിട്ടു കവര്‍ച്ച നടത്തിയത്.  എറണാകുളത്ത് വൃദ്ധ ദമ്പതികളെ കെട്ടിയിട്ട് അഞ്ചു പവനും തൃപ്പൂണിത്തുറിയിലെ വീട്ടില്‍ നിന്നും വീട്ടുകാരെ കെട്ടിയിട്ട് 50 പവനും 20,000 രൂപയുമാണ് സംഘം കവര്‍ന്നത്. തൃപ്പൂണിത്തുറ ഏരൂര്‍ എസ്എംപി റോഡില്‍ നന്ദപ്പിള്ളി ആനന്ദകുമാറിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. വീടിന്റെ മുന്‍ഭാഗത്തെ ജനല്‍ച്ചില്ലു തകര്‍ത്തു കമ്പികള്‍ ഇളക്കിമാറ്റിയാണു സംഘം അകത്തുകടന്നത്. തടയാന്‍ശ്രമിച്ച ആനന്ദകുമാറിന്റെ തലയ്ക്കടിച്ചു പരിക്കേല്‍പിക്കുകയും വായില്‍ തുണി തിരുകുകയും ചെയ്തിരുന്നു.  സംഭവത്തിനുശേഷം പ്രതികളെ പിടിക്കാന്‍ സിറ്റി പോലിസ് കമ്മീഷണര്‍ എം പി ദിനേശിന്റെയും അസിസ്റ്റന്റ് കമ്മീഷണര്‍ കെ ലാല്‍ജിയുടെയും നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചിരുന്നു.

RELATED STORIES

Share it
Top