വീട്ടില്‍ സൂക്ഷിച്ചിരുന്ന ആയുധങ്ങളുമായി പിടിയില്‍

അടൂര്‍: വീട്ടില്‍ മാരകായുധങ്ങ ള്‍ സൂക്ഷിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. അടൂര്‍ അറുകാലിക്കല്‍ പടിഞ്ഞാറ് ഗ്യാലക്‌സി ഹൗസില്‍ ഷഫീഖ് (32) ആണ് അറസ്റ്റിലായത്. ജില്ലാ പോലിസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് അടൂര്‍ ഡിവൈഎസ്പി ആര്‍ ജോസിന്റെ നേതൃത്വത്തില്‍ ഇന്നലെ രാവിലെയാണ് പരിശോധന നടത്തിയത്. വീടിന്റെ പല ഭാഗത്തും തിരച്ചില്‍ നടത്തിയെങ്കിലും ചുവരിലെ രഹസ്യഅറയില്‍ നിന്നാണ് ആയുധങ്ങള്‍ കണ്ടെത്തിയതെന്ന് പോലിസ് അറിയിച്ചു. ഇതാരുടെയും ശ്രദ്ധയില്‍ പെടാതിരിക്കാന്‍ സ്റ്റീല്‍ അലമാര വച്ചു മറച്ചിരുന്നു.
രണ്ടു മഴു, മൂന്നു വാള്‍, വടിവാള്‍, രണ്ടു കത്തി, ഇരുമ്പുദണ്ഡ് എന്നിവയും രണ്ടു മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തു. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ഷഫീഖിനെ പിന്തുടര്‍ന്നാണ് പിടികൂടിയതെന്നും പോലിസ് അറിയിച്ചു. അടൂര്‍ നഗരത്തിലെ ഇയാളുടെ രണ്ട് മൊബൈല്‍ ഫോണ്‍ കടകളിലും പോലിസ് പരിശോധന നടത്തി. കടയില്‍ നിന്നു മൂന്ന് ഇരുമ്പുദണ്ഡും വാളും പോലിസ് പിടിച്ചെടുത്തു. അക്രമം നടത്താന്‍ ആയുധങ്ങള്‍ ശേഖരിച്ചുവച്ചതിന് ആയുധ നിരോധന നിയമപ്രകാരമാണ് കേസെടുത്തത്. കണ്ടെടുത്ത മൊബൈല്‍ ഫോണുകളില്‍ നിന്നുള്ള വിളികളുടെ വിവരങ്ങളും പരിശോധിക്കും. അടൂര്‍ എസ്‌ഐമാരായ ബി രമേശന്‍, എസ് സന്തോഷ്, ഷാഡോ പോലിസ് എസ്‌ഐ അശ്വിത് എസ് കാരാണ്മയില്‍, ഷിജു പി സാം, എസ്‌സിപിഒമാരായ അജി, ജോസ്, സുനില്‍ കുമാര്‍, ദിലീപ്, രാജീവ്, ശരത് എന്നിവരുടെ നേതൃത്വത്തിലാണ് റെയ്ഡ് നടത്തിയത്.
അതേസമയം, പിടിയിലായ യുവാവ് എസ്ഡിപിഐ പ്രവര്‍ത്തകനാണെന്നാണ് ആദ്യം പോലിസ് അറിയിച്ചത്. എന്നാ ല്‍, പാര്‍ട്ടി നേതൃത്വം ഇക്കാര്യം നിഷേധിച്ച് രംഗത്തുവന്നതോടെ എസ്ഡിപിഐ അനുഭാവിയെന്ന് പോലിസ് തിരുത്തുകയായിരുന്നു. ആയുധങ്ങളുമായി പിടിയിലായ യുവാവിന് എസ്ഡിപിഐയുമായി ബന്ധമുണ്ടോയെന്ന് ആധികാരികമായി പറയാനാവില്ലെന്ന് അടൂര്‍ ഡിവൈഎസ്പി ആര്‍ ജോസ് വ്യക്തമാക്കി. ഇപ്പോള്‍ അങ്ങനെയൊരു അഭിപ്രായം പറയാന്‍ കഴിയില്ലെന്നും അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.

RELATED STORIES

Share it
Top