വീട്ടില്‍ മോഷണം; അഞ്ചുപവന്‍ സ്വര്‍ണം കവര്‍ന്നുകായംകുളം: വീടിനുള്ളില്‍ പതുങ്ങിയിരുന്ന മോഷ്ടാക്കള്‍ അഞ്ചുപവന്‍ സ്വര്‍ണാഭരണം കവര്‍ന്നു. സിപിഐ ഭരണിക്കാവ് മണ്ഡലം സെക്രട്ടറി കൃഷ്ണപുരം കാപ്പില്‍ മേക്ക് കുരുക്കശ്ശേരില്‍ പ്രശാന്തന്റെ വീട്ടിലാണ് ഇന്നലെ പുലര്‍ച്ചെ രണ്ടുമണിയോടെ മോഷണം നടന്നത്. കിടപ്പുമുറിയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന രണ്ട് സ്വര്‍ണ മാലയും മേശപ്പുറത്ത് സൂക്ഷിച്ചിരുന്ന പ്രശാന്തന്റെ ഭാര്യ മഞ്ജുവിന്റെ താലിമാലയും ഉള്‍പ്പെടെ അഞ്ചു പവനാണ് അപഹരിച്ചത്. അലമാരയില്‍ പണം സൂക്ഷിച്ചിരുന്നെങ്കിലും അത് മോഷ്ടാക്കളുടെ ശ്രദ്ധയില്‍ പെട്ടില്ല. ഒരു മണിയോടെ പ്രശാന്തന്‍ അടുക്കള വാതില്‍ തുറന്ന് പുറത്ത് ശുചിമുറിയില്‍ പോയി ഈ തക്കം നോക്കി അകത്തുകയറിയ മോഷ്ടാക്കള്‍ മുറിക്കുള്ളില്‍  പതുങ്ങിയിരുന്നു. പ്രശാന്തന്‍ തിരികെയെത്തി കതകടച്ച് കിടന്ന് ഉറക്കമായതോടെ മോഷ്ടാക്കള്‍ മുന്‍വാതില്‍ തുറന്നിട്ട ശേഷം മോഷണം നടത്തുകയായിരുന്നു.വീടിനുള്ളില്‍ ആളനക്കം  കേട്ട് വീട്ടുകാര്‍ ഉണര്‍ന്നപ്പോഴേക്കും മോഷ്ടാക്കളായ രണ്ടുപേര്‍ ഓടി രക്ഷപ്പെട്ടു. ഉടന്‍ തന്നെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലിസ് എത്തി തിരച്ചില്‍ നടത്തിയെങ്കിലും മോഷ്ടാക്കളെ കണ്ടെത്തിയില്ല. ഇവരുടെ വസ്ത്രം പരിസരത്തു നിന്നും പോലിസിന് ലഭിച്ചു. ഇവിടെ മോഷണം നടത്തുന്നതിന് അല്‍പം മുമ്പ് സമീപമുള്ള പാവൂര്‍ പടീറ്റതില്‍ ബിനുവിന്റെ വീടിന്റെ അടുക്കള വാതില്‍ കുത്തിത്തുറക്കാന്‍ ശ്രമം നടത്തിയെങ്കിലും വീട്ടുകാര്‍ ഉണര്‍ന്നപ്പോഴേക്കും മോഷ്ടാക്കള്‍ ഓടി രക്ഷപ്പെട്ടു. പോലിസ് അവിടെയെത്തി മടങ്ങിയ ശേഷമാണ് പ്രശാന്തന്റെ വീട്ടില്‍ മോഷണം നടന്നത്. അടുത്തിടെ പുള്ളിക്കണക്കിലെ ഒരു വീട്ടില്‍ നിന്നും 20 ലക്ഷം രൂപയുടെ വജ്ര, സ്വര്‍ണ ആഭരണങ്ങള്‍ മോഷ്ടിക്കപ്പെട്ടു. ഇത് ഉള്‍പ്പെടെ  നിരവധി മോഷണങ്ങള്‍ നടന്നിട്ടും പ്രതികളെ ഇതുവരെ പിടികൂടാന്‍ പോലിസിനു കഴിഞ്ഞിട്ടില്ല. പോലിസ് രാത്രികാല പട്രോളിങ് ശക്തമാക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top