വീട്ടില്‍ പ്രസവിച്ച യുവതിയെ ആരോഗ്യവകുപ്പ് അധികൃതര്‍ ഭീഷണിപ്പെടുത്തിയതായി പരാതിചങ്ങരംകുളം: വീട്ടില്‍ വച്ച് പ്രസവിച്ചു എന്നതിന്റെ പേരില്‍ തന്നെയും കുടുംബത്തെയും ആരോഗ്യ വകുപ്പ് അധികൃതര്‍ ഭീഷണിപ്പെടുത്തുകയും അപമാനിക്കുകയും ചെയ്തതായി യുവതിയും കുടുംബവും വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ഈ മാസം ഏഴിനാണ് കോക്കൂര്‍ സ്വദേശിയായ മുജീബിന്റെ ഭാര്യ സാബിറ പ്രസവിച്ചത്. കഴിഞ്ഞ ഒരു പതിറ്റാണ്ടിലധികമായി പ്രകൃതിചികില്‍സ മാത്രം നടത്തിവരുന്ന കുടുംബമാണ് മുജീബിന്റേത്. പ്രസവവേദന വരികയും യാതൊരു ബുദ്ധിമുട്ടും പ്രയാസവും ഇല്ലാതെ പത്ത് മിനിറ്റുകൊണ്ട് പ്രസവിക്കുകയും ചെയ്തു. എന്നാല്‍, പിറ്റേ ദിവസം വിവരമറിഞ്ഞ് ഒരു സംഘം ആരോഗ്യ വകുപ്പ് അധികൃതര്‍ വീടിനകത്തേക്ക് ഓടിക്കയറുകയും പ്രസവിച്ച് കിടക്കുന്ന യുവതിയെ എഴുന്നേല്‍പിച്ച് ചോദ്യം ചെയ്യുകയുമായിരുന്നു. ഇംഗ്ലീഷ് മരുന്ന് കഴിക്കാതെ പ്രസവിച്ചതിനെതിരെയായിരുന്നു ആരോഗ്യ വകുപ്പ് ജീവനക്കാരുടെ രോഷംകൊള്ളല്‍. കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റ് തടഞ്ഞുവയ്ക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. വാക്‌സിന്റെ പ്രത്യാഘാതങ്ങര്‍ക്ക് ആരോഗ്യ വകുപ്പ് ഉത്തരവാദിത്വം ഏറ്റെടുക്കാത്തതിനെ തുടര്‍ന്നും വാക്‌സിന്‍ ശാസ്ത്രീയവും സുരക്ഷിതവുമാണെന്ന് ഉറപ്പ് നല്‍കാത്തതിനെ തുടര്‍ന്നും ഞങ്ങളുടെ കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കാറില്ല. ഇതില്‍ നേരത്തെ ആരോഗ്യ വകുപ്പ് അധികൃതര്‍ക്ക് അമര്‍ഷമുണ്ട്. പൗരന്‍മാര്‍ക്ക് വിഷരഹിതമായ ഭക്ഷണം ലഭ്യമാക്കാനോ, മാരക അസുഖങ്ങള്‍ മൂലം കിടപ്പിലായ രോഗികളെ ഫലപ്രദമായി ചികില്‍സിക്കാനോ ശ്രമിക്കാത്ത ആരോഗ്യ വകുപ്പ് രോഗമില്ലാത്ത ജീവിക്കുകയും പ്രസവിക്കുകയും ചെയ്യുന്നവരെ പോലും സൈ്വര്യമായി ജീവിക്കാന്‍ അനുവദിക്കാത്തത് മനുഷ്യാവകാശ ലംഘനമാണെന്നും ഇവര്‍ പരാതിപ്പെട്ടു. ഇതിനെതിരേ മനുഷ്യാവകാശ കമ്മീഷനിലും വനിതാ കമ്മീഷനിലും കോടതിയിലും പരാതി നല്‍കുമെന്ന് കുടുംബം പറഞ്ഞു. പി പി സാബിറ, ഭര്‍ത്താവ് മുജീബ് കോക്കൂര്‍, കെ എം സുമയ്യ, പി പി നഫീസ, ടി സാബിറ, സജ്ജാദ് സഹീര്‍, കെ അനസ്, നജീര്‍ അഹമ്മദ് പങ്കെടുത്തു.

RELATED STORIES

Share it
Top