വീട്ടില്‍ പ്രസവിച്ച ആദിവാസി യുവതി ചികില്‍സ ലഭിക്കാതെ മരിച്ചു

മാനന്തവാടി: വീട്ടില്‍ പ്രസവിച്ച ആദിവാസി യുവതി മതിയായ ചികില്‍സ ലഭിക്കാതെ ആശുപത്രിയിലേക്കുള്ള വഴിമധ്യേ മരിച്ചു. തിരുനെല്ലി പഞ്ചായത്തിലെ തോല്‍പ്പെട്ടി വെള്ളറ നായ്ക്ക കോളനിയിലെ സുമേഷിന്റെ ഭാര്യ സുചിത്ര(20)യാണ് മരിച്ചത്.
ശനിയാഴ്ച അര്‍ധരാത്രിയോടെ വീട്ടില്‍ വച്ച് പെണ്‍കുഞ്ഞിന് ജന്മം നല്‍കിയ സുചിത്ര രാവിലെ അവശനിലയിലാവുകയും ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ മരിക്കുകയുമായിരുന്നു. രക്തക്കുറവാണ് മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ പറയുന്നു. കൂടുതല്‍ പരിശോനയ്ക്കായി ആന്തരികാവയവങ്ങളുടെ സാംപിളുകള്‍ ലാബിലേക്കയച്ചതായി തിരുനെല്ലി പോലിസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കോളനിയിലെ രാഘവന്‍-കുള്ളി ദമ്പതികളുടെ മകളാണ് സുചിത്ര.
നാലു കിലോയോളം തൂക്കമുള്ള കുഞ്ഞ് പൂര്‍ണ ആരോഗ്യത്തോടെ ജില്ലാ ആശുപത്രി ശിശുരോഗ വിഭാഗത്തില്‍ നിരീക്ഷണത്തിലാണ്. സുമേഷ്-സുചിത്ര ദമ്പതികള്‍ക്ക് മൂന്നു വയസ്സുള്ള ഒരു കുട്ടികൂടിയുണ്ട്. യുവതിയെ ഈ മാസം 22ന് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നെന്നും എന്നാല്‍ ആരുമറിയാതെ കോളനിയിലേക്ക് മടങ്ങുകയുമായിരുന്നുവെന്നുമാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.

RELATED STORIES

Share it
Top