വീട്ടില്‍ തീപ്പിടിത്തം; ഫര്‍ണിച്ചറുകളും വസ്ത്രങ്ങളും കത്തിനശിച്ചു

നാദാപുരം:  വീടിനകത്ത് തീ പിടിച്ച് ഫര്‍ണിച്ചറുകളും വസ്ത്രങ്ങളും കത്തി നശിച്ചു. ചാലപ്പുറം തെയ്യമ്പാട്ടില്‍ പളളിക്ക് സമീപത്തെ പടിക്കോട്ടില്‍ മമ്മു മുസ്‌ല്യാരുടെ വീട്ടിലാണ് വെളളിയാഴ്ച രാവിലെ പത്തോടെ തീ പിടുത്തമുണ്ടായത്.ഇരുനില വീടിന്റെ മുകള്‍ നിലയിലെ കിടപ്പുമുറിയില്‍ ഇസ്തിരിപ്പെട്ടി ഓണ്‍ചെയ്ത് മറന്ന് പോയതാണ് തീ പിടുത്തത്തിന് കാരണമെന്ന് സംശയിക്കുന്നു.
മമ്മു മുസ്‌ല്യാരുടെ ചെറുമകന്‍ ഒന്നാം നിലയില്‍ നിന്ന് കളിക്കുന്നുണ്ടായിരുന്നു.ശബ്ദം കേട്ട് വീട്ടുകാര്‍ കയറി നോക്കിയപ്പോഴാണ് കിടപ്പുമുറിയില്‍ നിന്ന് തീ ആളിക്കത്തുന്നത് കണ്ടത്.
വീട്ടുകാരുടെ ബഹളത്തെ തുടര്‍ന്ന് ഓടിക്കൂടിയ നാട്ടുകാര്‍ തീ അണക്കാന്‍ ശ്രമിച്ചെങ്കിലും പറ്റാത്തതിനാല്‍ നാട്ടുകാര്‍ ഫയര്‍ഫോഴ്‌സിനെ വിവരമറിയിക്കുകയായിരുന്നു. ചേലക്കാട് നിന്ന് രണ്ട് യൂനിറ്റ് ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തുകയുമായിരുന്നു. ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തുമ്പോഴേക്കും നാട്ടുകാര്‍ വീടിന്റെ മുന്‍ഭാഗത്തെ ജനല്‍ ചില്ല് തകര്‍ത്ത് വെളളമൊഴിച്ച് തീ നിയന്ത്രണത്തിലാക്കി. ഫയര്‍ഫോഴ്‌സിന്റെ മിനി വാട്ടര്‍ മിസ്റ്റ് ഉപയോഗിച്ച് തീ പൂര്‍ണമായും കെടുത്തി.
ഇസ്തിരിയിടാന്‍ ഉപയോഗിക്കുന്ന മേശയും, ഇസ്തിരിപ്പെട്ടിയും, വയറും, വസ്ത്രങ്ങളും കിടപ്പുമുറിയിലെ അലമാരയും കത്തി നശിച്ചു. ഏകദേശം 50,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു.വീടിന്റെ ഒന്നാം നിലയിലെ മുറികള്‍ മുഴുവന്‍ കരിപിടിച്ച നിലയീലാണ്. ചുടുകൊണ്ട് നിലത്ത് പാകിയ ടൈലുകള്‍ പൊട്ടിത്തെറിച്ച് വീടിന്റെ ഭിത്തിയില്‍ വിളളല്‍ വീണ നിലയിലാണ്.
അസിസ്റ്റന്റ് സ്‌റ്റേഷന്‍ ഓഫിസര്‍ പി കെ പ്രമോദ്, ലീഡിങ് ഫയര്‍മാന്‍ കെ പി വിജയന്‍, ഫയര്‍മാന്‍മാരായ ഷൈഗേഷ് മൊകേരി, കെ അനില്‍, ഷിഖില്‍ ചന്ദ്രന്‍, പി പി ഷമീല്‍, രഘുനാഥ്, രഞ്ജിത്ത്, കെ ഷൈജു എന്നിവരുടെ നേതൃത്വത്തിലുളള സംഘമാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

RELATED STORIES

Share it
Top