'വീട്ടില്‍ കുപ്പിയില്‍ കൂടോത്രം;' പോലിസിനെ വിളിച്ച് സുധീരന്‍

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്റെ വീട്ടില്‍ 'കൂടോത്രം.' ഇന്നലെ രാവിലെ വീടിനോട് ചേര്‍ന്നുള്ള പൂന്തോട്ടത്തിലെ വാഴച്ചുവട്ടില്‍ നിന്നാണു കണ്ണ്, കൈകള്‍, കാലുകള്‍, ആള്‍രൂപം, ശൂലങ്ങള്‍, ഏതോ ലിഖിതമുള്ള ചെമ്പുതകിടുകള്‍, വെള്ളക്കല്ലുകള്‍ തുടങ്ങിയവ കണ്ടെടുത്തത്. ഒരു കുപ്പിയില്‍ അടക്കം ചെയ്ത നിലയിലായിരുന്നു ഇവ. സുധീരന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ കോളജ് പോലിസ് സ്ഥലത്തെത്തി പരിശോധന നടത്തുകയും വസ്തുക്കള്‍ സ്‌റ്റേഷനിലേക്കു മാറ്റുകയും ചെയ്തു.
ഒമ്പതാം തവണയാണ് ഇതു പോലെയുള്ളതു കണ്ടെത്തുന്നതെന്നു സുധീരന്‍ പറഞ്ഞു. മുമ്പൊക്കെ മറ്റു പല രൂപങ്ങളിലായിരുന്നു. അന്നതു കാര്യമാക്കാത്തതിനാല്‍ അവഗണിച്ചു. നേരത്തെയുള്ളതു പോലെ തന്നെ ഇതെല്ലാം ഒരു പാഴ്‌വേലയായിട്ടാണ് ഇപ്പോഴും കാണുന്നതെന്നും സുധീരന്‍ പറഞ്ഞു. തുടര്‍ച്ചയായി വന്നതുകൊണ്ടാണ് ഇത്തവണ ഇത് എല്ലാവരെയും അറിയിക്കണമെന്നു തോന്നിയതെന്നും സുധീരന്‍ വ്യക്തമാക്കി. ഈ വസ്തുക്കളുടെ ചിത്രമെടുത്ത് സുധീരന്‍ ഫേസ്ബുക്കില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. ഈ പരിഷ്‌കൃത കാലത്തും ഇത്തരം വേലത്തരങ്ങളുമായി ഇറങ്ങിത്തിരിക്കുന്നവരെക്കുറിച്ച് നമുക്ക് സഹതപിക്കാമെന്നു സുധീരന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

RELATED STORIES

Share it
Top