വീട്ടില്‍ കഞ്ചാവ് ചെടി: ജാര്‍ഖണ്ഡ് സ്വദേശി അറസ്റ്റില്‍

മട്ടാഞ്ചേരി: വാടക വീട്ടില്‍ കഞ്ചാവ് ചെടി വളര്‍ത്തിയ വടക്കേന്ത്യന്‍ സ്വദേശിയെ കൊച്ചി എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. ഇടക്കൊച്ചി ഇന്ദിരാഗാന്ധി റോഡില്‍ ഡെംസി ലൈനില്‍ ധര്‍മ്മന്‍ എന്നയാളുടെ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന ജാര്‍ഖണ്ഡ് ദന്‍ബാദ് സ്വദേശി അശോക്കുമാര്‍ മഹോത്ര(30) നെയാണ് കൊച്ചി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ അഗസ്റ്റിന്‍ ജോസഫിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ഇയാളുടെ വീട്ടില്‍ നിന്ന് എട്ട് മാസം പ്രായമായ ഏഴടി നീളമുള്ള ഒരു ചെടിയും രണ്ട് മാസം പ്രായമായ ഒന്നരയടി നീളമുള്ള മൂന്ന് ചെടിയും എക്‌സൈസ് സംഘം പിടിച്ചെടുത്തു. ഇവിടെ ഭാര്യയും രണ്ട് കുട്ടികളോടൊപ്പം കഴിഞ്ഞ മൂന്ന് വര്‍ഷമായി ഇയാള്‍ താമസിച്ച് വരികയാണ്. കടവോരത്തെ വീട്ടിന് മുന്‍വശമാണ് ഇയാള്‍ കഞ്ചാവ് ചെടി വളര്‍ത്തിയിരുന്നത്. കഴിഞ്ഞ ഏപ്രിലില്‍ നാട്ടില്‍ പോയി തിരികെ വന്ന പ്രതി അവിടെ നിന്ന് കൊണ്ട് വന്ന കഞ്ചാവ് കുരുക്കള്‍ ഉപയോഗിച്ചാണ് ചെടി വളര്‍ത്തിയത്. ചോദ്യം ചെയ്യലില്‍ കഞ്ചാവ് ചെടി വളര്‍ത്തിയത് സ്വന്തം ഉപയോഗത്തിനാണെന്ന് പ്രതി സമ്മതിച്ചു. ഞായറാഴ്ച ദിവസങ്ങളില്‍ കഞ്ചാവ് ഇല അരച്ച് കുഴമ്പ് രൂപത്തിലാക്കി പാലില്‍ ഉപയോഗിക്കുകയാണ് ഇയാളുടെ രീതി. ഇയാള്‍ ആക്രി കടയില്‍ ജോലി ചെയ്ത് വരികയാണ്. പെട്രോളിങ്ങിനിടെ ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടി കെ സജീവ് കുമാര്‍, അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ മുഹമ്മദ്, ജോസഫ്, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ റിയാസ്, അനില്‍കുമാര്‍, അജയന്‍ എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

RELATED STORIES

Share it
Top