വീട്ടിലും ക്ഷേത്രത്തിലും മോഷണം; പണവും സ്വര്‍ണവും കവര്‍ന്നു

ഒറ്റപ്പാലം: ഒറ്റപ്പാലം പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ പാലപ്പുറം, വാളിയംകുളം, അമ്പലപ്പാറ എന്നിവിടങ്ങളില്‍ മോഷണ പരമ്പര. പാലപ്പുറത്ത് വീട് കുത്തിതുറന്നും വാണിയംകുളത്ത് ക്ഷേത്രങ്ങളിലുമാണ് മോഷണം നടന്നത്. അമ്പലപ്പാറയില്‍ വീട്ടമ്മയുടെ മാല തട്ടിപ്പറിച്ച് കടന്നുകളയുകയും ചെയ്തു.
പാലപ്പുറം എന്‍എസ്എസ് വനിതാ ഹോസ്റ്റലിന് സമീപം പള്ളിപ്പറമ്പില്‍ ബാപ്പുട്ടിയുടെ വീട്ടില്‍ നിന്ന് 25000 രൂപ വിലവരുന്ന യുഎഇ ദിര്‍ഹം, രണ്ട് ലാപ്‌ടോപ്പ്, രണ്ട് ടാബ്, മൊബൈല്‍ ഫോണ്‍ എന്നിവയാണ് മോഷ്ടാക്കള്‍ കവര്‍ന്നത്. ഒറ്റപ്പാലം ഹൈദരിയ്യ ജുമാമസ്ജിദ് മഹല്ല് കമ്മിറ്റി പ്രസിഡന്റായ ബാപ്പുട്ടിയും ഭാര്യയും വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത് വാതില്‍ കുത്തിപ്പൊളിച്ച് അകത്ത് കടന്നാണ് മോഷണം നടത്തിയിരിക്കുന്നത്.
പേരക്കുട്ടിയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയിരുന്നതിനാല്‍ ശനിയാഴ്ച്ച വൈകീട്ട് 5 മുതല്‍ രാത്രി 11 വരെ വീട്ടില്‍ ആരുമുണ്ടായിരുന്നില്ല. ഈ സമയത്താണ് മോഷണം നടന്നതെന്നാണ് കരുതുന്നത്. മുറിക്കകത്തെ അലമാറയിലെ സാധനങ്ങള്‍ വാരിവലിച്ചിട്ട നിലയിലാണ്. ഒറ്റപ്പാലം പോലിസ്, വിരലടയാള വിദഗ്ധര്‍, ഡോഗ് സ്‌ക്വാഡ് സ്ഥലത്ത് പരിശോധന നടത്തി. വാണിയംകുളം പുലാച്ചിത്ര കിള്ളിക്കാവ് ക്ഷേത്രത്തിലും, തൊട്ടടുത്തുള്ള സുബ്രമണ്യന്‍ കോവിലിലുമാണ് മറ്റൊരു മോഷണം നടന്നത്.
ഓഫിസ് വാതിലിന്റെ പൂട്ട് പൊളിച്ച് അകത്ത് കടന്നാണ് കിള്ളിക്കാവില്‍ മോഷണം നടത്തിയിരിക്കുന്നത്. അരഗ്രാം വീതം തൂക്കംവരുന്ന അമ്പതോളം വഴിപാട് സ്വര്‍ണ താലികളും, ആയിരം രൂപയുമാണ് മോഷണം പോയത്. ഭണ്ഡാരം കുത്തിതുറന്നാണ് സുബ്രമണ്യന്‍ കോവിലിലെ മോഷണം. 3000 രൂപയാണ് നഷ്ടമായത്. ക്ഷേത്ര ഭാരവാഹികളുടെ പരാതി പ്രകാരം പോലിസ് കേസെടുത്തു. അമ്പലപ്പാറ ചെറുമുണ്ടശ്ശേരിയില്‍ വീട്ടമ്മയുടെ രണ്ടര പവന്‍ വരുന്ന സ്വര്‍ണമാല കഴിഞ്ഞ ദിവസമാണ് തട്ടിപ്പറിച്ചത്.
ചെറുമുണ്ടശ്ശേരിയില്‍ ശ്രീരാഗം വീട്ടില്‍ ശാരദാമ്മ(82)യുടെ കഴുത്തിലെ മാലയാണ് കാറിലെത്തിയ സംഘം പൊട്ടിച്ചെടുത്തത്. ശനിയാഴ്ച ഉച്ചക്ക് ശേഷം 3.30 ഓടെ വീടിന് പുറത്ത് നില്‍ക്കുന്നതിനിടെയാണ് കവര്‍ച്ച. ശാരദയുടെ മരുമകള്‍ ജയശ്രീ പോലിസില്‍ പരാതി നല്‍കി. കവര്‍ച്ച നടന്നതിന് സമീപത്തെ സിസിടിവി കാമറ പരിശോധിക്കുമെന്ന് പോലിസ് അറിയിച്ചു.

RELATED STORIES

Share it
Top