വീട്ടമ്മയെ പീഡിപ്പിച്ച കേസ്‌വൈദികരുടെ ജാമ്യാപേക്ഷകള്‍ ഇന്നു കോടതി പരിഗണിക്കും

പത്തനംതിട്ട: കുമ്പസാര രഹസ്യം ചോര്‍ത്തുമെന്നു ഭീഷണിപ്പെടുത്തി വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ ഒളിവില്‍ക്കഴിയുന്ന വൈദികരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് സുപ്രിംകോടതിയുടെ മുന്നിലെത്തും. അറസ്റ്റിലായ വൈദികന്റെ ജാമ്യാപേക്ഷയും ഇന്നു കോടതി പരിഗണിക്കും. അതേസമയം, ഒളിവിലുള്ള രണ്ടു വൈദികര്‍ക്കായി ഇന്നലെയും അന്വേഷണസംഘം വ്യാപക തിരച്ചില്‍ നടത്തി. കേസിലെ ഒന്നാംപ്രതി സോണി എന്നറിയപ്പെടുന്ന ഫാ. എബ്രഹാം വര്‍ഗീസ്, നാലാംപ്രതി ഫാ. ജെയ്‌സ് കെ ജോര്‍ജ് എന്നിവരാണു പിടിയിലാവാനുള്ളത്. സുപ്രിംകോടതിയുടെ വിധി വന്നശേഷമെ കീഴടങ്ങുന്ന കാര്യത്തില്‍ തീരുമാനമെടുക്കൂ എന്ന നിലപാടിലാണ് വൈദികര്‍.
ഫാ. എബ്രഹാം വര്‍ഗീസ് സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ അടിയന്തരമായി വാദം കേള്‍ക്കുന്നതിനു പ്രതിയുടെ അഭിഭാഷകന്‍ ഇന്നു സുപ്രിംകോടതിയില്‍ അപേക്ഷ സമര്‍പ്പിക്കുന്നുണ്ട്. ഫാ. ജെയ്‌സ് കെ ജോര്‍ജും ഇന്നു മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കും.
അതേസമയം, അന്വേഷണവുമായി സഹകരിക്കാതെ സഭയ്ക്കു കൂടുതല്‍ നാണക്കേടുണ്ടാക്കുകയാണു വൈദികര്‍ ചെയ്യുന്നതെന്നു സഭയ്ക്കുള്ളില്‍ വിമര്‍ശനമുണ്ട്. ഇന്നലെ പല പള്ളികളിലും ഇതേച്ചൊല്ലി വിശ്വാസികള്‍ പ്രതിഷേധിച്ചിരുന്നു.
വൈദികരെ സഭയില്‍ നിന്നു പുറത്താക്കണമെന്ന ആവശ്യമാണ് ഉയര്‍ന്നത്. കടുത്ത നടപടികളുമായി അന്വേഷണ സംഘം മുന്നോട്ടുപോവുന്നതിനു മുമ്പ് കീഴടങ്ങണമെന്നും നിര്‍ദേശമുണ്ട്. അതിനിടെ കേസില്‍ ആദ്യം അറസ്റ്റിലായ ഫാ. ജോബ് മാത്യു സമര്‍പ്പിച്ച ജാമ്യാപേക്ഷ ഇന്നു തിരുവല്ല മജിസ്‌ട്രേറ്റ് കോടതി പരിഗണിക്കും. കേസിലെ മൂന്നാംപ്രതി ഫാ. ജോണ്‍സണ്‍ വി മാത്യുവും ഇന്നു തിരുവല്ല കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയേക്കും. കുറ്റം സമ്മതിച്ചതിനാല്‍ ഇരുവരെയും കസ്റ്റഡിയില്‍ വാങ്ങില്ലെങ്കിലും അന്വേഷണത്തെ ബാധിക്കുമെന്നതിനാല്‍ ജാമ്യാപേക്ഷയെ എതിര്‍ക്കാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം.

RELATED STORIES

Share it
Top