വീട്ടമ്മയെ കൊന്ന് വീപ്പക്കുള്ളിലാക്കിയത് മകളുടെ കാമുകന്‍

കൊച്ചി: ഉദയംപേരൂര്‍ സ്വദേശി ശകുന്തളയെ കൊലപ്പെടുത്തി വീപ്പക്കുള്ളിലാക്കിയ സംഭവത്തിന്റെ ചുരുളഴിയുന്നു. ശകുന്തളയെ കൊലപ്പെടുത്തി വീപ്പക്കുള്ളിലാക്കിയത് മകളുടെ കാമുകനാണെന്നാണ് പോലീസ് കണ്ടെത്തല്‍.തൃപ്പൂണിത്തുറ സ്വദേശിയായ സജിത്താണ് ശകുന്തളയെ കൊലപ്പെടുത്തിയതെന്നാണു പോലീസിന്റെ വിലയിരുത്തല്‍. മകളുമായുള്ള സജിത്തിന്റെ അടുപ്പം ചോദ്യം  ചെയ്തതാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് പറയുന്നു. മൃതദേഹം മറവുചെയ്യാന്‍ സജിത്തിനെ സഹായിച്ച സുഹൃത്തില്‍നിന്നാണ് ഇതു സംബന്ധിച്ച വിവരം പൊലീസിനു ലഭിച്ചത്.ശകുന്തളയുടെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ തന്നെ സജിത്തിനെയും മരിച്ചനിലയില്‍ കണ്ടെത്തിയിരുന്നു. പിടിക്കപ്പെടുമെന്ന പേടിയില്‍ ഇയാള്‍ ആത്മഹത്യ ചെയ്തതാണെന്ന നിഗമനത്തിലാണു പോലീസ്. ഇയാളുടെ മരണത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്ന കാര്യത്തിലും പോലീസ് അന്വേഷണം നടക്കുന്നുണ്ട്. 2016 സെപ്റ്റംബറില്‍ കാണാതായ ശകുന്തളയുടെ മൃതദേഹം ജനുവരി ഏഴിനാണ് കണ്ടെത്തിയത്.കാലുകള്‍ കൂട്ടിക്കെട്ടി വീപ്പയില്‍ തലകീഴായി ഇരുത്തിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. രണ്ടുമാസം മുമ്പാണ് വീപ്പ കരക്ക് എത്തിച്ചത്. വീപ്പയ്ക്കുള്ളില്‍നിന്ന് ദുര്‍ഗന്ധം വമിക്കുകയും ഉറുമ്പുകള്‍ എത്തുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് പോലീസിന്റെ നേതൃത്വത്തില്‍ വീപ്പ പൊളിച്ച് പരിശോധന നടത്തിയത്. സ്ത്രീയുടെ ജഡമാണ് വീപ്പയിലുണ്ടായിരുന്നതെന്ന് പ്രാഥമിക പരിശോധനയില്‍ കണ്ടെത്തി. തുടര്‍ന്ന് നടത്തിയ ഡിഎന്‍എ പരിശോധനയിലാണ് ഉദയംപേരൂരില്‍ നിന്ന് കാണാതായ ശകുന്തളയുടേതാണ് മൃതദേഹമെന്ന് തിരിച്ചറിഞ്ഞത്.

RELATED STORIES

Share it
Top