വീട്ടമ്മയെ കിണറ്റില്‍ തള്ളിയിട്ട് കൊന്ന കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍

കിളിമാനൂര്‍: യുവതിയായ വീട്ടമ്മയെ മകളുടെ മുന്നില്‍ വച്ച് ക്രൂരമായി മര്‍ദിച്ച് കിണറ്റില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ടു പേരെ കിളിമാനൂര്‍ പോലിസ് അറസ്റ്റ് ചെയ്തു. കൊട്ടാരക്കര തലവൂര്‍ കുരപാറ മുക്ക് ബിന്ദുഭവനില്‍ അനില്‍കുമാര്‍ (35), കൊട്ടാരക്കര ചക്കുവരയ്ക്കല്‍ തലച്ചിറ പേരയ്യത്ത് താഴെതില്‍ വീട്ടില്‍ രാജീവ് (42) എന്നിവരാണ് അറസ്റ്റിലായത്. കിളിമാനൂര്‍ തട്ടത്തുമല റഷീദ് മന്‍സിലില്‍ വാടകയ്ക്ക് താമസിക്കുന്ന പാങ്ങോട് ഭരതന്നൂര്‍ കാക്കാണിക്കര ഡിപ്പോ കോളനിയിലെ ലളിതയുടെ മകള്‍ ശ്രീജ(35)യുടെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് ഇരുവരും അറസ്റ്റിലായത്.
കഴിഞ്ഞ മാസം 25ന് വൈകീട്ട് 3.30നാണ് കേസിനാസ്പദമായ സംഭവം. ശ്രീജയും പ്രതികളും റബര്‍ ടാപ്പിങ് ജോലിയുമായി ബന്ധപ്പെട്ടവരാണ്. പല സ്ത്രീകളുമായി അടുപ്പമുള്ള അനില്‍കുമാര്‍ ശ്രീജയുമായും അടുപ്പത്തിലാവുകയായിരുന്നു. ഭാര്യാഭര്‍ത്താക്കന്‍മാരായി കഴിഞ്ഞുവരികയായിരുന്നു. ആദ്യ ഭര്‍ത്താവില്‍ ശ്രീജയ്ക്ക് രണ്ടു മക്കളുണ്ട്. അനില്‍കുമാര്‍ കിളിമാനൂര്‍ മിഷ്യന്‍കുന്നില്‍ മറ്റൊരു സ്ത്രീയുമായി കഴിഞ്ഞുവരവെയാണ് ശ്രീജയുമായി അടുപ്പത്തിലാവുന്നത്. മറ്റൊരു സ്ത്രീയുമായുള്ള ബന്ധം ശ്രീജ കണ്ടുപിടിച്ചതും അതിനെ തുടര്‍ന്നുള്ള വഴക്കുമാണ് കൊലപാതകത്തില്‍ കലാശിച്ചത്.
സംഭവദിവസം തട്ടത്തുമല ജങ്ഷന്—സമീപം അനില്‍കുമാറിന്റെ മൊബൈ ല്‍ ഫോണ്‍ എടുത്തതു സംബന്ധിച്ച് അടിപിടി നടന്നിരുന്നു. തുടര്‍ന്ന് വീട്ടിലെത്തി ശ്രീജയുടെ മകള്‍ അപര്‍ണയുടെ മുന്നില്‍ വച്ച് അനില്‍കുമാര്‍ ശ്രീജയെ  ക്രൂരമായി മര്‍ദിച്ച് കിണറ്റില്‍ തള്ളിയിടുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ശ്രീജ രണ്ടാഴ്ചയോളം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിഞ്ഞുവരവേ ഈ മാസം എട്ടിനാണ് മരിച്ചത്. രാജീവ്, അനില്‍കുമാറിന് എല്ലാ സഹായവും ചെയ്തുകൊടുക്കാന്‍ ഒപ്പം ഉണ്ടായിരുന്നു. ഒളിവില്‍ പോയി തമിഴ്‌നാട്ടിലും മറ്റും താമസിച്ചുവന്ന അനില്‍കുമാറിനെ കഴിഞ്ഞദിവസം പാലക്കാട് നിന്നും രാജീവിനെ കൊട്ടാരക്കരയില്‍ നിന്നുമാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കിളിമാനൂര്‍ സിഐ പ്രദീപ് കുമാര്‍, എസ്‌ഐമാരായ ബി കെ അരുണ്‍, തുളസീധരന്‍ നായര്‍, എഎസ്‌ഐ മാരായ ഷാജി, സുരേഷ്, സുരേഷ് കുമാര്‍, രാജശേഖരന്‍, എച്ച് സി മോഹനന്‍, ജോസഫ് എബ്രഹാം എന്നിവരുടെ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

RELATED STORIES

Share it
Top