വീട്ടമ്മയുടെ മരണം ഹൃദ്രോഗം മൂലമെന്ന് പ്രാഥമിക നിഗമനം

വെള്ളറട: വീട്ടമ്മയെ വീട്ടിനുള്ളില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മരണ കാരണം ഹൃദ്രോഗമെന്ന് പ്രാരംഭ നിഗമനം. കത്തിപ്പാറ ആട് വിഴുന്നാന്‍കുഴി ഷാജി ഭവനില്‍ പരേതനായ സെല്‍വരാജിന്റ ഭാര്യ ബേബി (58) യാണ് മരിച്ചത്. ശരീരത്ത് ധരിച്ചിരുന്ന 12 പവന്‍ ആഭരണവും വീട്ടില്‍ സൂക്ഷിച്ചിരുന്നതും ഉള്‍പ്പെടെ 30 പവന്‍ ആഭരണം നഷ്ടപ്പെട്ടതായി ബന്ധുക്കള്‍ പറയുന്നു.
കഴിഞ്ഞ ദിവസം രാവിലെയാണ് പോലിസിന് മരണവിവരം വിവരം ലഭിച്ചത്. മൂത്ത മകള്‍ വീട്ടിലെത്തിയപ്പോള്‍ അമ്മ കിടന്നിരുന്ന മുറി പുറത്തു നിന്ന് പൂട്ടിയ നിലയില്‍ കാണപ്പെട്ടുവെന്നും കതക് തുറക്കാനുള്ള താക്കോല്‍ കണ്ടില്ലെന്നും പിന്നീട് കിട്ടിയെന്നുമാണ് പോലിസിന് മൊഴി നല്‍കിയത്. മൊഴിയില്‍ ദുരൂഹതകള്‍ ഉള്ളതായിട്ടാണ് പോലിസിന്റെ നിഗമനം. സിഐ അജിത് കുമാറിന്റെയും എസ്‌ഐ സതീഷ് കുമാറിന്റെയും നേതൃത്വത്തില്‍ നടപടിക്രമം പൂര്‍ത്തിയാക്കി. ഫിംഗര്‍ പ്രിന്റ് വിദഗ്ധരും ഫോറന്‍സിക് വിദഗ്ധരും വിശദമായ തെളിവെടുപ്പിന് ശേഷം കഴിഞ്ഞ ദിവസം വൈകീട്ട് 4.30 ന് മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റിയിരുന്നു. നഷ്ടപ്പെട്ടുവെന്ന് മക്കള്‍ പറഞ്ഞതില്‍ കുറച്ച് ആഭരണം വീട്ടില്‍ നിന്ന് കണ്ടെത്തിയതായും മക്കളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കൊലപാതകത്തിനാണ് കേസ് രജിസ്റ്റര്‍ ചെയ്തതെന്നും സിഐ അജിത്കുമാര്‍ പറഞ്ഞു.
മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് കൊടുത്തു. പോസ്റ്റമോര്‍ട്ടത്തിലാണ് മരണകാരണം ഹൃദ്രോഗമാവാമെന്ന നിഗമനം. എന്നാല്‍ വീട്ടമ്മയുടെ ആഭരണങ്ങള്‍ കവര്‍ന്നത് ആരാണെന്നും വീടിന്റെ കതക്പൂട്ടി മുങ്ങിയത് ആരാണെന്നും വ്യക്തമായിട്ടില്ല.

RELATED STORIES

Share it
Top