വീട്ടമ്മയുടെ മരണം കൊല; ഭര്‍ത്താവ് പിടിയില്‍

പയ്യോളി: തിക്കോടിയിലെ വീട്ടമ്മ സത്യയുടെ മരണം കൊലപാതകം. സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് മുചുകുന്ന് വലിയമലയില്‍ ബാലന്‍ (50) പോലിസ് പിടിയിലായി. പാലക്കാട് നോര്‍ത്ത് പോലിസ് സ്റ്റേഷന്‍ പരിധിയിലുള്ള ബാറിന് സമീപത്തു വച്ച് ഇന്നലെ വൈകീട്ട് ആറോടെയാണ് ഇയാള്‍ പിടിയിലായത്. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണമാണ് പ്രതിയെ പിടികൂടാന്‍ സഹായമായത്.
തിക്കോടി പഞ്ചായത്ത് ബസാറിലെ ചെത്തില്‍ നാണുവിന്റെ മകള്‍ ഓടങ്കുളത്തില്‍ സത്യ (46)യെയാണ് കഴിഞ്ഞ ദിവസം മരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ 8 മണി ആയിട്ടും സത്യയെ വീടിനു പുറത്ത് കാണാത്തതിനെ തുടര്‍ന്ന് അയല്‍ക്കാരി നോക്കിയപ്പോഴാണ് വീട്ടിനുള്ളില്‍ കട്ടിലില്‍ രക്തം വാര്‍ന്ന് കിടക്കുന്നതായി കണ്ടത്. സംഭവത്തിനു ശേഷം ഭര്‍ത്താവ് ബാലന്‍ ഒളിവില്‍ പോവുകയായിരുന്നു. ഒന്നര വര്‍ഷം മുമ്പാണ് ഇരുവരുടെയും വിവാഹം നടന്നത്. മദ്യപിച്ച് മിക്ക ദിവസങ്ങളിലും വീട്ടില്‍ വഴക്കുണ്ടാവാറുള്ളതായി അയല്‍വാസികള്‍ പറഞ്ഞു. കഴുത്ത് ഞെരിച്ചു കൊലനടത്തിയെന്നാണ് സൂചന. പ്രതി കുറ്റസമ്മതം നടത്തിയതായി അറിയുന്നു.
പയ്യോളി സിഐ ദിനേശന്‍ കോറോത്തിനാണ് അന്വേഷണച്ചുമതല.

RELATED STORIES

Share it
Top